SignIn
Kerala Kaumudi Online
Saturday, 27 April 2024 6.21 AM IST

പൊലീസ് സേനയിലെ അഞ്ചാം പത്തികൾ

police

കളങ്കിതരായ വ്യക്തികൾ, വിവാദ വ്യവസായികൾ തുടങ്ങിയവരുമായി കേരള പൊലീസ് ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടും ചങ്ങാത്തവും ഒഴിവാക്കണമെന്നും അവിശുദ്ധബന്ധം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തുടർന്ന് മുപ്പതോളം നിർദ്ദേശങ്ങളും നൽകി. നിർദ്ദേശങ്ങൾ അതേപടി നടപ്പിലായാൽ കേരളം രാജ്യത്തിനുതന്നെ അനുകരണീയ മാതൃകയായി മാറുമെന്നുറപ്പ്. അത്രയധികം പ്രാധാന്യമേറിയ നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടേത്. ക്രമസമാധാനപാലനത്തിലും കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയുന്നതിലും കേരള പൊലീസ് സേന മുന്നിലാണെന്നതിൽ തർക്കമുണ്ടാകാനിടയില്ല. അതേസമയം തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും ഗുണ്ട, മാഫിയ സംഘങ്ങളുമായും പൊലീസിലെ ചിലരുടെ ബന്ധം സേനയുടെ സൽപേരിന് കളങ്കം സൃഷ്ടിക്കുന്നെന്ന വിമർശനവും ഉയരുന്നുണ്ട്. പൊലീസ് വർഗീയ, തീവ്രവാദ ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നത് അതീവ ഗൗരവതരമായി കാണേണ്ടതാണ്. മുഖ്യമന്ത്രി പൊലീസ് സേനയിലെ ഉന്നതരുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയെത്തിയ ഒരു വാർത്ത കേരളത്തെ ഞെട്ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.

കേരള പൊലീസിലെ 873 പേർക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയിരിക്കുന്നു! ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ സഹിതം എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു. ഉദ്യോഗസ്ഥരെല്ലാം കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.

പട്ടികയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്.ഐ മാർ, എ.എസ്.ഐ മാർ, എസ്.എച്ച്.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആന്റ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിലുള്ളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളും മറ്റുവിവരങ്ങളുമൊക്കെ ചോർത്തിക്കൊടുത്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെയുള്ളത്. എന്നാൽ അത്തരത്തിലൊരു റിപ്പോർട്ട് ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും 873 പേർക്ക് പി.എഫ്.ഐ ബന്ധം ഉണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നുമാണ് പൊലീസ് ഔദ്യോഗിക വാ‌ർത്താകുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ പൊലീസ് സേനയിലെ ഒരാൾക്ക് പോലും നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമില്ലെന്ന് കേരള പൊലീസ് അവകാശപ്പെടുന്നില്ലെന്നും 873 പേർക്ക് ബന്ധമുണ്ടെന്നതിലാണ് വിയോജിപ്പെന്നും ചിലർ വ്യാഖ്യാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും കഴിഞ്ഞ കുറേക്കാലമായി സംസ്ഥാന പൊലീസ് സേനയിലെ ചില പൊലീസുകാർക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിശദമായ അന്വേഷണം നടത്തി ആർക്കൊക്കെയാണ് ബന്ധമുള്ളതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ എല്ലാ ജില്ലയിൽ നിന്നും ശേഖരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐ.ബിയിലെ ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

നടപടികൾ

സൂചിപ്പിക്കുന്നത്

കേരള പൊലീസ് സേനയിലെ ചിലർക്കെങ്കിലും നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം നേരത്തെ വെളിപ്പെട്ടതാണ്. പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധത്തെ തുടർന്ന് കാലടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സിയാദിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. പി.എഫ്.ഐ നടത്തിയ ഹർത്താൽ ദിനത്തിൽ പ്രവർത്തകർക്ക് സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തൊടുപുഴ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്നുതന്നെ പിരിച്ചുവിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ആർ.എസ്.എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മൂന്നാർ പൊലീസ് സ്റ്റേഷനിലും സമാനമായ ആരോപണത്തെ തുടർന്ന് എ.എസ്.ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയ സംഭവവും അടുത്തിടെയാണുണ്ടായത്. പൊലീസ് സേനയിൽ തന്നെ ഇത്തരക്കാർ ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെല്ലാം. ഇത്തരക്കാരെ വച്ചുകൊണ്ട് പൊലീസ് സേനയ്ക്ക് നിഷ്പക്ഷമായും ശുഷ്കാന്തിയോടെയും എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്നത് ആശങ്കയുണർത്തുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായുള്ള ബന്ധം പോലെ വർഗ്ഗീയ ശക്തികളുമായും പൊലീസിന് ഒരുവിധ ചങ്ങാത്തവും ഉണ്ടായിരിക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ജനങ്ങൾക്കിടയിൽ വർഗ്ഗീയമായി ഭിന്നിപ്പുണ്ടാക്കി അവരുടെ സ്വൈരജീവിതം തകർക്കാൻ തക്കംപാർത്ത് കഴിയുന്ന ശക്തികളെ അമർച്ച ചെയ്യേണ്ട കർത്തവ്യമാണ് പൊലീസിന്റേത്. അത് മറന്ന് സേനാംഗങ്ങൾ അത്തരം ശക്തികളുമായി കൂട്ടുചേർന്നാലുണ്ടാകുന്ന ഭവിഷ്യത്ത് അത്യന്തം ഗുരുതരമാകും.

നിയമം മറന്ന്

കേസന്വേഷണം പക്ഷപാത രഹിതമായിരിക്കണം എന്നതടക്കം മുപ്പതോളം നിർദ്ദേശങ്ങൾ നൽകിയ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നത്. എന്നാൽ സമീപകാലത്തുണ്ടായ ഒട്ടേറെ കേസുകളിൽ പൊലീസ് നിഷ്ക്രിയത്വവും പക്ഷപാതിത്വവും കാട്ടിയെന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണെന്ന യാഥാർത്ഥ്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമെന്ന് തോന്നുന്നില്ല. രാഷട്രീയ ഇടപെടലുകളാണ് പൊലീസിന് കൂച്ചുവിലങ്ങിടുന്നത്. ഏറ്റവുമൊടുവിൽ സെപ്തംബർ 20 ന് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരു പെൺകുട്ടിയുടെ മുന്നിലിട്ട് പിതാവിനെ ജീവനക്കാർ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നത് സാംസ്ക്കാരിക കേരളത്തിന് അപമാനമാണ്. ഭരണകക്ഷിയുടെ യൂണിയനിൽ പെട്ടവരാണ് പ്രതികളെന്നത് മാത്രമാണ് പ്രതികൾക്ക് സംരക്ഷണകവചം ഒരുക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലും ഇതിന്റെ തനിയാവർത്തനമുണ്ടായി. ആഗസ്റ്റ് 30 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്.

രോഗിയോടൊപ്പം എത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ അന്യായമായി കടത്തിവിടാത്തതിന്റെ പേരിൽ ആദ്യം വാക്ക് തർക്കമുണ്ടായി. തുടർന്ന് 15 ഓളം ആളുകളെത്തി സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ വൈറലായ ദൃശ്യങ്ങൾ മാത്രം മതിയാകും പ്രതികളെ പിടികൂടാൻ. എന്നാൽ ഇവിടെയും പൊലീസും പ്രതികളും ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയപ്പോഴാണ് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ചുപേർ പൊലീസിൽ കീഴടങ്ങിയത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം പിന്നിട്ടിട്ടും മറ്റു പ്രതികളെ പിടിക്കാത്തതിൽ വലിയ പ്രതിഷേധമാണ് സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന ഉയർത്തുന്നത്.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിയേയും പ്രതിരോധമന്ത്രിയെയും സമീപിക്കാനൊരുങ്ങുകയാണ് വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാർ.

ഭരണകക്ഷിക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസിന്റെ മെല്ലെപ്പോക്കും നിഷ്ക്രിയ മനോഭാവവും തുടരുമ്പോൾ പ്രതിപക്ഷ കക്ഷികളുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് അമിതതാത്പര്യം കാട്ടുകയും കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യുന്നുവെന്ന പരാതി ഏറെക്കാലമായുണ്ട്. പൊലീസ് പക്ഷപാതിത്വവും വിവേചനവും കാട്ടുന്നുവെന്ന തോന്നലുണ്ടായാൽ തകരുന്നത് ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസ്യതയാണ്. പൊലീസ് സേനയ്ക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുമ്പോഴും അത് പ്രായോഗിക തലത്തിലെത്തിക്കാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE AND CRIMINALS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.