ചങ്ങനാശേരി : മുന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 109-ാമത് വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ മുന്നാക്ക-പിന്നാക്ക വിഭാഗീയത വളർത്തി ജാതീയമായി വേർതിരിക്കുന്ന പ്രവർത്തനങ്ങളാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വോട്ടുബാങ്കിന് വേണ്ടി സർക്കാരുകളും രാഷ്ട്രീയപാർട്ടികളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു പ്രത്യേക കാലയളവിലേയ്ക്ക് നടപ്പാക്കിയ ജാതിസംവരണം തുടരുകയാണ്. ആ വിഭാഗത്തിന് അനർഹമായ ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്നു. അർഹരായവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല. അതേസമയം, മുന്നാക്ക വിഭാഗങ്ങളെ പാടേ അവഗണിക്കുകയാണ്. ഇത് നീതിക്ക് നിരക്കുന്നതല്ല. ഇത് മുന്നാക്ക വിഭാഗങ്ങളോടു കാണിക്കുന്ന അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള, സംഘടനാവിഭാഗം മേധാവി പി.എൻ. സുരേഷ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി. ഭാസ്കരൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |