വാഷിംഗ്ടൺ : നമ്മുടെ നാട്ടിലൊക്കെ സുലഭമായ ഒന്നാണ് മത്തങ്ങ. കൈയ്യിൽ താങ്ങാവുന്നതോ അല്ലെങ്കിൽ കവറിൽ കൊണ്ടുപോകാനോ ഒക്കെ കഴിയുന്ന മത്തങ്ങകൾ ആണ് നമ്മൾ സാധാരണ വാങ്ങാറുള്ളത്. എന്നാൽ ഈ മത്തങ്ങ വീട്ടിൽ കൊണ്ടു പോകണമെങ്കിൽ ഒരു മിനി ലോറി എങ്കിലും വേണ്ടി വരും.
വടക്കേ അമേരിക്കയിലെ ഏറ്റവും ഭാരമേറിയ മത്തങ്ങയാണിത്. യു.എസിലെ ന്യൂയോർക്കിലെ ബഫലോയിലുള്ള സ്കോട്ട് ആൻഡ്രൂസ് (63) എന്ന കർഷകൻ തന്റെ ഫാമിൽ വളർത്തിയെടുത്തതാണ് ഈ ഭീമൻ മത്തങ്ങ. ഇതിന്റെ ഭാരം എത്രയെന്ന് അറിയാമോ ? ഏകദേശം 1,158 കിലോഗ്രാം.!
ഈ ഭീമൻ മത്തങ്ങ വളർത്തിയെടുക്കാൻ താൻ ഒരുപാട് കഠിനാധ്വാനം ചെയ്തെന്ന് ആൻഡ്രൂസ് പറയുന്നു. വളം ഉൾപ്പെടെ വളർച്ചയ്ക്ക് വേണ്ട ഘടകങ്ങൾ ചേർത്ത് ദിവസവും പരിപാലിക്കുന്നതിനൊപ്പം കീടാണുക്കളെയും മൃഗങ്ങളെയും മത്തങ്ങയ്ക്ക് അരികിലേക്ക് അടുപ്പിക്കാതെ കണ്ണിലെണ്ണ ഒഴിച്ച് കാത്ത് സൂക്ഷിച്ചു ആൻഡ്രൂസ്.
5,500 ഡോളറാണ് ( ഏകദേശം 4,48,800 രൂപ ) ഈ ഭീമൻ മത്തങ്ങ ആൻഡ്രൂസിന് നേടിക്കൊടുത്തത്. ഈ തുക ഈ സീസണിലെ കൃഷിക്ക് വേണ്ടി ചെലവഴിക്കാനാണ് ആൻഡ്രൂസിന്റെ തീരുമാനം.
യു.എസിൽ ഇത്തരത്തിൽ ഭീമൻ പച്ചക്കറികൾക്കായി വിവിധ മത്സരങ്ങൾ നടത്താറുണ്ട്. അതേ സമയം, ഏറ്റവും ഭാരമേറിയ മത്തങ്ങയെന്ന ഗിന്നസ് റെക്കോഡ് ഇറ്റലിയിലെ ടസ്കാനിലെ ഒരു കർഷകന്റെ ഫാമിലുണ്ടായ മത്തങ്ങയ്ക്കാണ്. 1227 കിലോയിരുന്നു 2021ൽ റെക്കോഡ് സ്വന്തമാക്കിയ ഈ മത്തങ്ങളുടെ ഭാരം. ഈ റെക്കോഡ് മറികടക്കുകയാണ് ആൻഡ്രൂസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |