SignIn
Kerala Kaumudi Online
Saturday, 04 May 2024 10.22 AM IST

കേരളത്തെ ഞെട്ടിച്ച നരബലി

kill

വിദ്യാഭ്യാസവും പുരോഗതിയും കൂടുമ്പോൾ അന്ധവിശ്വാസം കുറയുമെന്നാണ് പൊതുവേ നിലനിൽക്കുന്ന വിശ്വാസം. എന്നാൽ അതുശരിയല്ലെന്ന് സംശയിക്കേണ്ട പല സംഭവങ്ങളും ഇവിടെ അരങ്ങേറുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കേരളത്തെ ഞെട്ടിച്ച നരബലി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പുരോഗതിയിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ 'നരബലി' പോലും നടന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിയാണെന്നാണ് പൊലീസ് പറയുന്നത്.

ഇലന്തൂരിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്‌ത്രീകളെ കടത്തിക്കൊണ്ടുവന്നത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്.

സമ്പദ് സമൃദ്ധിക്ക് വേണ്ടി പൂജനടത്താൻ ബന്ധപ്പെടുക എന്ന് ഏജന്റ് ഷാഫി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട് ഇലന്തൂർ സ്വദേശികളായ വൈദ്യൻ ഭഗവൽസിംഗും ഭാര്യയും ഷാഫിയെ ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരമെന്ന് പറഞ്ഞ് ഏജന്റ് വൻതുക ഈടാക്കി. ജൂൺ ആറിന് കാലടിയിൽ താമസിക്കുന്ന തൃശ്ശൂർ വാഴാനി സ്വദേശിനിയായ റോസ്‌ലിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഷാഫിയും ഭഗവൽസിംഗും ഭാര്യയും ചേർന്നാണ് നരബലി നൽകിയതെന്നാണ് സംശയിക്കുന്നത്. ഒരാളെക്കൂടി ബലികൊടുക്കണമെന്ന് ഷാഫി പറഞ്ഞതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിനിയും കടവന്ത്രയിൽ താമസക്കാരിയുമായ പത്മത്തെയും പ്രലോഭിപ്പിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയത്. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്തായാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

പണമുണ്ടാക്കാനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി മന്ത്രവാദികളെ സമീപിച്ച ആരും നാളിതുവരെ അതൊന്നും നേടിയിട്ടില്ല. മാത്രമല്ല പണവും സ്വസ്ഥതയും നഷ്ടപ്പെട്ട് അന്ധവിശ്വാസത്തിന്റെ ഇരുട്ടിൽ അലയുന്നവരായി മാറുകയാണ് പതിവ്. നവോത്ഥാന നായകർ ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടങ്ങൾ നടത്തിയിരുന്നു. അതിന്റെ ഫലമായിട്ട് കൂടിയാണ് ജനങ്ങൾ പ്രാകൃതമായ ആചാരങ്ങളിൽനിന്നും മുക്തരായത്. എന്നാലിപ്പോൾ വിദ്യാഭ്യാസമുള്ളവർപോലും വ്യാജ ജ്യോത്സ്യന്മാരുടേയും മറ്റും വാക്ക് കേട്ട് പലതരം ദുർവ്യയങ്ങൾ നടത്തുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ആധുനിക കാലത്തെ മനുഷ്യന്റെ അടങ്ങാത്ത ദുരയും അത്യാർത്തിയുമൊക്കെ ഈശ്വരവിശ്വാസത്തെ വാണിജ്യവത്‌കരിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടാൻ ഒരു വലിയ പരിധിവരെ കാരണങ്ങളാണ്. ഒരാൾക്കും പൂജ ന‌ടത്തിയോ മന്ത്രവാദം നടത്തിയോ മറ്റൊരാളെയും രക്ഷിക്കാൻ കഴിയില്ല. അങ്ങനെ കഴിയുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണ്. വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരേക്കാൾ കൂടുതലാണ് വഴിതെറ്റാനായി കാത്തുനിൽക്കുന്നവരുടെ എണ്ണം എന്നതാണ് ഏറെ പരിതാപകരം. ഇതിനെതിരെ പ്രവർത്തിക്കാൻ സാമൂഹ്യ സാമുദായിക രാഷ്ട്രീയ കക്ഷികൾക്കൊക്കെ കഴിയുമെങ്കിലും അവരൊന്നും അതിന് പറയത്തക്ക പ്രാധാന്യം നൽകുന്നില്ലെന്നതാണ് ദുഃഖകരം. സർക്കാരും കോടതിയുമൊന്നും ഇടപെട്ടതുകൊണ്ട് മാത്രം മാറ്റാനാവുന്നതല്ല മനുഷ്യന്റെ അന്ധവിശ്വാസം. അവനവന്റെ ഹൃദയത്തിൽനിന്നു തന്നെയാണ് മാറ്റം തുടങ്ങേണ്ടത്. എന്തായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത സമൂഹത്തിനുണ്ടായേ മതിയാവൂ. നമ്മൾ നേടിയ എല്ലാ നേട്ടങ്ങളും കെടുത്തുന്നതാണ് ഇത്തരം പ്രാകൃതമായ സംഭവങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUMAN SACRIFICE, PATHANAMTHITTA MURDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.