SignIn
Kerala Kaumudi Online
Friday, 26 April 2024 11.35 PM IST

അനാചാര നിരോധന നിയമം വരുമ്പോൾ

photo

ഒരു നിയമം കൊണ്ടുവരുന്നതിലൂടെ മാത്രം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനാകില്ലെങ്കിലും ആ ദിശയിലേക്കുള്ള വലിയ ചുവടുവയ്പ്പായി നിയമനിർമ്മാണത്തെ കണക്കാക്കാം. നിയമത്തെ പേടിച്ചെങ്കിലും വലിയൊരു വിഭാഗം അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുമെന്ന് കരുതാം. അതേസമയം സ്വന്തമായും പൂജകന്മാരെക്കൊണ്ടും പൂജ നടത്തുന്നവരെ പിടിച്ച് അകത്തിടാനുള്ള ലെെസൻസായി ഇൗ നിയമം മാറാനും പാടില്ല. ഏതു പൂജയുമായി ബന്ധപ്പെട്ടും മൃഗബലി,നരബലി തുടങ്ങിയ അനാശ്യാസ കൃത്യങ്ങൾ നിരോധിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അതേസമയം ആചാരപരമായ കാര്യങ്ങളിലും വിശ്വാസങ്ങളിലുമുള്ള ഇടപെടലായും നിയമം മാറരുത്.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയുന്നതിനുള്ള നിയമത്തിന്റെ കരട് ബിൽ കഴിഞ്ഞ എട്ട് വർഷമായി ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇലന്തൂരിലെ ക്രൂരമായ ഇരട്ട നരബലി സംഭവമാണ് ഇപ്പോൾ ബില്ലിന് ജീവൻവയ്ക്കാൻ ഇടയാക്കിയത്. ജനങ്ങളെ പലരീതിയിലും ബാധിക്കുന്ന നിയമമായതിനാലും ഇത്രയും കാലം താമസിച്ചതിനാലും പൊതുജനാഭിപ്രായം തേടിയതിനുശേഷം നിയമം കൊണ്ടുവരുന്നതാവും നല്ലത്. പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാൻ ഉപസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും നിയമത്തിൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.

മന്ത്രവാദവും ആഭിചാരവും നടത്തുന്നവ‌ർ ശിക്ഷിക്കപ്പെടണമെന്നതിൽ ആർക്കും തർക്കമില്ല. അതേസമയം മന്ത്രവാദിയെ സമീപിക്കുന്നവരും ശിക്ഷിക്കപ്പെടുമോ? അങ്ങനെ വന്നാൽ ഇക്കാര്യം ആരും പുറത്തു പറയില്ല. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാക്കിയതോടെ യഥാർത്ഥത്തിൽ കൈക്കൂലി വാങ്ങുന്നവരാണ് കൂടുതൽ രക്ഷപ്പെട്ടത്. ഒരു മന്ത്രവാദി പൂജനടത്തി സ്വർണം അടിച്ചു മാറ്റുകയോ പറ്റിക്കുകയോ ചെയ്താൽ അയാൾക്കെതിരെ പരാതി നൽകുന്നവരെയും ശിക്ഷിക്കുമെന്നു വന്നാൽ ആരും പരാതി നൽകില്ല. എല്ലാ മന്ത്രവാദങ്ങളും പൊലീസിന് കണ്ടുപിടിക്കാനും കഴിയില്ല. നരബലി നടന്നതിനാലാണ് ഇലന്തൂർ സംഭവം തെളിവ് സഹിതം പിടിക്കാനായത്. മന്ത്രവാദിയുടെ വീട്ടിൽനിന്ന് പൂവും മറ്റ് പൂജാദ്രവ്യങ്ങളും മാത്രം പിടിച്ചെടുത്താൽ അത് കേസ്സിന് മതിയായ തെളിവാകില്ല. കാരണം മറ്റുള്ളവരും പൂജയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെയാണവ.

നാട്ടിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ നിയമവും നിയമപാലകരുമൊക്കെ അസാധാരണമായ രീതിയിൽ ഉണർന്നു പ്രവർത്തിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. പ്രശ്നത്തിന്റെ പൊടിയും പടലവും അടങ്ങുമ്പോൾ എല്ലാം പഴയ നിലയിലാവുകയും ചെയ്യും. ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള പല ആചാരങ്ങളും വിവിധ മതവിഭാഗങ്ങൾ ഇപ്പോഴും തുടരുന്നുണ്ട് എന്ന് മാത്രമല്ല മതഘോഷയാത്രകളിൽ പോലും അത്തരം രംഗങ്ങൾ കാണാറുണ്ട്. നിയമപരമായി ശരിയാണെങ്കിലും ആചാരപരമായി ശരിയല്ലെന്ന് സമൂഹത്തിലെ ഭൂരിപക്ഷത്തിന് തോന്നിയാൽ അവർ അത് തിരസ്ക്കരിക്കുമെന്നതാണ് അനുഭവപാഠം. ഇതെല്ലാം പഠിച്ചും ഉൾക്കൊണ്ടും വേണം പുതിയ നിയമം കൊണ്ടുവരാൻ.

മന്ത്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവ്, 5000 മുതൽ 50000രൂപ വരെ പിഴയും മരണമുണ്ടായാൽ വധശിക്ഷവരെയും വിധിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകളാണ് ബില്ലിൽ ചേർത്തിട്ടുള്ളത്. ശിക്ഷ കൂടിയതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങൾ ഇല്ലാതാകില്ല. അതിന് ബോധവത്‌കരണവും ശരിയായ വിദ്യാഭ്യാസവും പൗരബോധവും ആവശ്യമാണ്. വിവിധ മതവിഭാഗങ്ങളുടെയും സാമൂഹ്യ സാമുദായിക സംഘടനകളുടെയും പുരോഗമന സ്വതന്ത്രസംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും അഭിപ്രായം തേടിയതിനുശേഷം ബിൽ കൊണ്ടുവരുന്നതാണ് ഉചിതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTI-SUPERSTITION AND BLACK MAGIC ACT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.