SignIn
Kerala Kaumudi Online
Saturday, 27 April 2024 9.31 AM IST

ട്രാൻ. കോർപ്പറേഷൻ അപ്പീൽ പോകണം

photo

കെ.എസ്.ആർ.ടി.സി ബസുകളിലും പരസ്യങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം ടിക്കറ്റിതര വരുമാനം ഏതുവിധേനയും വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകും. ശമ്പളം നൽകാനായി ഓരോ മാസവും സർക്കാരിനു മുമ്പിൽ യാചിച്ചുകൊണ്ടിരിക്കുകയാണ് കോർപ്പറേഷൻ. ടിക്കറ്റ് വരുമാനം കൊണ്ടുമാത്രം സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ല. വായ്‌പയുടെ തിരിച്ചടവ് വലിയ ഭാരമാണ് വരുത്തിവയ്ക്കുന്നത്. ബസുകളിൽ പരസ്യങ്ങൾ അനുവദിച്ചും ഡിപ്പോകളിൽ കടകളും മറ്റും നൽകിയും പെട്രോൾപമ്പുകൾ ആരംഭിച്ചും ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് കോടതി വിലക്ക് വന്നിരിക്കുന്നത്. ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലെയാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഇപ്പോഴത്തെ അവസ്ഥ.

സ്കൂൾ കുട്ടികളടക്കം ഒൻപതുപേരുടെ ദാരുണമരണത്തിൽ കലാശിച്ച വടക്കഞ്ചേരി ബസപകടത്തിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. വിനോദയാത്രയ്ക്കും മറ്റും ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും നിറങ്ങളും ലൈറ്റുകളും ബസിനുള്ളിലെ ശബ്ദ - ദീപ ഘോഷങ്ങളുമൊക്കെ പൂർണമായി നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചട്ടംലംഘിച്ച് ഓടുന്ന ഇത്തരം വാഹനങ്ങൾ പിടികൂടി കേസെടുക്കാനും നിർദ്ദേശിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ ഇതിനായി അത്യദ്ധ്വാനം ചെയ്യുകയാണിപ്പോൾ. ഒരു ബസിലും പരസ്യങ്ങൾ പാടില്ലെന്ന് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ട്രാൻസ്പോർട്ട് ബസുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വരുമാന വർദ്ധനയ്ക്കായി പല തന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ ഹിതകരമല്ലാത്ത നിർദ്ദേശമാണിതെന്ന് പറയേണ്ടതില്ല. നിയമങ്ങൾ കാറ്റിൽപറത്തി ചീറിപ്പായുന്ന ലക്‌ഷ്വറി ബസുകളെയും സർക്കാരിനു കീഴിലുള്ള കെ.എസ്.ആർ.ടി.സി ബസുകളെയും ഒരേതട്ടിൽ കാണുന്നതിൽ അപാകതയുണ്ട്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്നുവച്ചാൽ സ്വതേ ദുർബലയായ കെ.എസ്.ആർ.ടി.സിക്ക് അത് വലിയ പ്രഹരം തന്നെയാകും. അടുത്തകാലത്തായി ബസുകളിലെ പരസ്യങ്ങളിൽ നിന്ന് കോർപ്പറേഷന്റെ വരുമാനം ഉയർന്നുയർന്ന് പത്തുകോടി രൂപ വരെയായിട്ടുണ്ട്.

കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും കോർപ്പറേഷൻവക ബസുകൾ നിറയെ പരസ്യങ്ങൾ പതിച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് പരസ്യങ്ങൾ ഏതൊരു സ്ഥാപനത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. കോടാനുകോടികളാണ് കമ്പനികളും സ്ഥാപനങ്ങളും പരസ്യങ്ങൾക്കായി മുടക്കുന്നത്. അതിന്റെ ഒരു ഓഹരി ട്രാൻ. കോർപ്പറേഷനും ലഭിക്കുമെങ്കിൽ അതു നല്ലതല്ലേ? ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ മാത്രമല്ല, റെയിൽവേ പോലുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളും വൻതോതിൽ പരസ്യങ്ങൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ബസിൽ പതിക്കുന്ന പരസ്യങ്ങളാണ് റോഡപകടങ്ങൾക്കു കാരണമെന്ന നിലയിൽ അവ പാടില്ലെന്നു പറയുന്നത് ശരിയായ സമീപനമാണെന്നു പറയാനാകില്ല. റോഡ് നിയമങ്ങൾ അശേഷം പാലിക്കാത്തതും നമ്മുടെ റോഡുകളുടെ പൊതുവായ ശോചനീയാവസ്ഥകളും അഹങ്കാരികളായ ഡ്രൈവർമാരുടെ അമിത ആത്മവിശ്വാസവുമൊക്കെയാണ് പൊതുവേ അപകടങ്ങൾ സൃഷ്ടിക്കാറുള്ളത്. പൊതുനിരത്തുകൾ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് മതിയായ ബോധം ജനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ബസുകളിലെ പരസ്യത്തെക്കാൾ ദോഷകരമല്ലേ നിരത്തുവക്കിലെ ചില ബോർഡുകൾ.

വരുമാനം ഇല്ലാതാക്കുന്ന പരസ്യ നിരോധനത്തിനെതിരെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർച്ചയായും മേൽകോടതിയിൽ അപ്പീൽ പോകേണ്ടതാണ്. സർക്കാരിന്റെ നയപരമായ തീരുമാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാധാരണഗതിയിൽ നീതിപീഠങ്ങളുടെ ഇടപെടൽ ഉണ്ടാകാത്തതാണ്. ഏതായാലും സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുന്ന കാര്യത്തിൽ മാനേജ്‌മെന്റ് തീരുമാനമെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH COURT BANS ADVERTISEMENTS ON KSRTC BUSES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.