SignIn
Kerala Kaumudi Online
Friday, 26 April 2024 12.38 PM IST

കാസർകോട് മെഡി. കോളേജിന്റെ അവസ്ഥ

kasarkodu-medical-college

പൊതുജനാരോഗ്യ സേവനങ്ങളിൽ മുൻപന്തിയിലാണെന്ന് ഉൗറ്റം കൊള്ളുമ്പോഴും കാസർകോട് ജില്ല ഈ വിഷയത്തിൽ നേരിടുന്ന അപര്യാപ്തതകളും അവഗണനയും സമാനതകളില്ലാത്തതാണ്. കാസർകോട്ടുകാർക്ക് മികച്ച ചികിത്സ വേണമെങ്കിൽ മംഗലാപുരത്തേക്ക് ഓടേണ്ട സ്ഥിതിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല. കാസർകോട്ടെ മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത പലപ്പോഴും പുറത്തറിയുന്നത് അവിടത്തെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യതയിലൂടെയാണ്. ഒരു സർക്കാർ അനുബന്ധ സ്ഥാപനം ഒരു ജില്ലയ്ക്കുമേൽ വിതച്ച വിഷമരുന്നിന്റെ ഒടുങ്ങാത്ത ദുരിതം പേറേണ്ടിവന്ന കുറെ മനുഷ്യർ വേണ്ടത്ര ചികിത്സ പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണിപ്പോൾ. എത്രയോ വർഷമായി ഇതു തുടങ്ങിയിട്ട്. കാസർകോട്ട് എല്ലാ സൗകര്യങ്ങളോടും കൂടി ഒരു മെഡിക്കൽ കോളേജ് വേണമെന്നും എൻഡോസൾഫാൻ ഇരകൾക്കായി മാത്രം അവിടെ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സ്ഥാപിക്കണമെന്നും പലകുറി സുപ്രീംകോടതിയും ഹരിത ട്രൈബ്യൂണലുമൊക്കെ കർശന നിർദ്ദേശങ്ങൾ നൽകിയതാണ്. എന്നാൽ ഒന്നും നടപ്പായില്ല. സുപ്രീംകോടതി ഉത്തരവിട്ട നഷ്ടപരിഹാരം പോലും ദുരിതബാധിതർക്ക് പൂർണമായി ലഭിച്ചത് ഈ അടുത്തകാലത്താണ്.

ലോകം അറിയുന്ന സാമൂഹ്യപ്രവർത്തക ദയാബായി എൻഡോസൾഫാൻ ഇരകളുടെ പ്രശ്നം ഉയർത്തിപ്പിടിച്ച് നിരാഹാര സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇതെഴുന്നത്. ദുരിതം അനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകൾക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സമരം. ദയാബായി സ്വന്തം പ്രാണൻപോലും നോക്കാതെ ഉപവാസം തുടരുന്നത് സർക്കാരിനും വലിയ ക്ഷീണമാകയാൽ എങ്ങനെയും ഒത്തുതീർപ്പിനു ശ്രമമുണ്ടാകുമെന്നു തീർച്ച. എന്നാൽ ഈ ദുരന്ത സാഹചര്യം എങ്ങനെ ആവർത്തിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിച്ചിട്ടുണ്ടോ?

ഒൻപതു വർഷം മുമ്പാണ് കാസർകോട് മെഡിക്കൽ കോളേജ് തുടങ്ങിയത്. കെട്ടിടംപണി തീരാൻ മൂന്നും നാലുമല്ല ഒൻപതുവർഷം വേണ്ടിവന്നു എന്നതുതന്നെ ആരോഗ്യവകുപ്പിന്റെ 'കാര്യക്ഷമത"യ്ക്കു തെളിവാണ്. കെട്ടിടമേ പൂർത്തിയായിട്ടുള്ളൂ. അതിനകത്ത് വയറിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിവേണം എത്താൻ. അതിന് എത്രനാൾ വേണ്ടിവരുമെന്ന് ആർക്കും നിശ്ചയമില്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് കാസർകോട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം. അഡ്‌മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ ഒ.പി പ്രവർത്തിക്കുന്നതൊഴികെ മറ്റു ചികിത്സാ വിഭാഗങ്ങൾ ഇനിവേണം സജ്ജമാകാൻ. എൻഡോസൾഫാൻ ഇരകൾക്കായി
തുടങ്ങേണ്ട സ്പെഷ്യാലിറ്റി വിഭാഗങ്ങളും കാണാമറയത്തുതന്നെ. കെട്ടിടനിർമ്മാണവും സൗകര്യങ്ങൾ ഏർപ്പെടുത്തലും ഇന്നത്തെ കാലത്ത് അനന്തമായി നീളേണ്ട ദുഷ്‌കര ജോലിയൊന്നുമല്ല. സർക്കാർ വകയാകുമ്പോൾ എന്തും സാ മട്ടിൽ മതിയെന്ന മുൻവിധിയാണ് കാസർകോട് മെഡിക്കൽ കോളേജിനെയും പിടികൂടിയിട്ടുള്ളത്.

ദയാബായിയുടെ ഒറ്റയാൾ സമരം തീർന്നാലുമില്ലെങ്കിലും കാസർകോട് മെഡിക്കൽ കോളേജ് സർവവകുപ്പുകളും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒന്നാംകിട ആതുരാലയമായി മാറ്റിയെടുക്കാൻ ആരോഗ്യവകുപ്പ് മനസുവയ്ക്കണം. ഏഴായിരത്തോളം വരുന്ന എൻഡോസൾഫാൻ ഇരകൾ ഈ രൂപത്തിലായതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിനു ഒഴിഞ്ഞുമാറാനാകില്ല. അവരുടെ ചികിത്സയും പരിരക്ഷയും ആക്ഷേപങ്ങൾക്കിടയാകാത്തവിധം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. തിരുവനന്തപുരത്തിരുന്ന് ഉത്തരവുകൾ ഇറക്കുന്നതിനൊപ്പം അവ പ്രവൃത്തിപഥത്തിലെത്തുന്നുണ്ടോ എന്നു കൂടി ഇടയ്ക്കൊക്കെ അന്വേഷിക്കണം. എൻഡോസൾഫാൻ ഇരകൾക്കു മാത്രമല്ല കാസർകോട്ടെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടേണ്ടതാണ് മെഡിക്കൽ കോളേജ്. ചികിത്സ ഇല്ലാത്ത മെഡിക്കൽ കോളേജ് കൊണ്ട് ആർക്കെന്തു പുണ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASARKODU MEDICAL COLLEGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.