SignIn
Kerala Kaumudi Online
Saturday, 27 April 2024 7.03 AM IST

ലൂസിഫറിന്റെ സേവകർ,​ വാഴ വീഴ്‌ത്തും പാതിരി

ss

ഐശ്വര്യം വർദ്ധിക്കാനും സമ്പത്ത് കുമിഞ്ഞുകൂടാനും യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് വരുതിയിലാക്കി,​ അവരെ ഉപയോഗിച്ച് തിരുവോസ്തി വരെ കൈക്കലാക്കാനും മോഹിച്ച് ബ്ളാക് മാസ് നടത്തുന്ന സാത്താൻ സേവകർക്ക് വിദേശങ്ങളിൽ ആഴത്തിൽ വേരുകളുണ്ടെങ്കിൽ,​ കേരളത്തിൽ അവർക്കു സ്വാധീനമുള്ള ഒരേയൊരു സ്ഥലം കൊച്ചിയാണ്. പതിന‍ഞ്ചു വർഷം മുമ്പ് കൊച്ചിയിലെ തൃക്കാക്കരയിൽ അതീവരഹസ്യമായി ഇവർ ഒത്തുകൂടിയിരുന്നു. ആർത്തവരക്തം സമർപ്പിച്ചായിരുന്നു ദുരൂഹ കർമ്മങ്ങൾ! ഇവരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് ഇന്റലിജൻസ് സംഘം സാത്താൻ സേവകരുടെ കൂട്ടത്തിൽ ഒരാളായി നുഴഞ്ഞുകയറി ഇവരെ കെട്ടുകെട്ടിക്കുകയായിരുന്നു. കേസൊന്നുമെടുത്തില്ല.

കൊച്ചിയിൽ സാത്താൻ സേവക്കാ‌ർ ഇപ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്,​ സംഘത്തിൽ. സംഘത്തിൽ ചേരാൻ കടമ്പകൾ ഏറെയുണ്ട്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നൽകൂ. ദൈവവുമായുള്ള പോരിൽ പറുദീസ നഷ്ടപ്പെട്ട ലൂസിഫർ എന്ന തിരസ്‌കൃത മാലാഖ, പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തിൽ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച് ഇന്നും വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ഇവർ പിന്തുടരുന്ന വിശ്വാസം. ലൂസിഫറിനെ പ്രീണിപ്പിക്കാൻ പ്രത്യേക ദിവസങ്ങളിലെ രാത്രിയിൽ രക്തവും മദ്യവും അർപ്പിച്ചാണ് ഇവരുടെ ദുഷ്‌കർമ്മങ്ങൾ.

മൂന്നാറിലെ

കറുത്ത രാത്രി

കൊച്ചിയിൽ പഠിച്ചിരുന്ന ചെറുപ്പക്കാരൻ കൊല്ലം,​ തിരുവനന്തപുരം സ്വദേശികൾക്കൊപ്പമാണ് ഹോസ്റ്റൽ മുറി പങ്കിട്ടിരുന്നത്. കൂടെ താമസിച്ചിരുന്ന സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരിക്കൽ കുറച്ചുപേ‌‌ർ മുറിലേക്കു വന്നു. അമിതമായി മദ്യപിച്ച ചെറുപ്പക്കാരൻ ആഘോഷത്തിനിടെ ഉറങ്ങിപ്പോയി. രാവിലെ ക്ലാസിൽ പോയി തിരികെയെത്തിയപ്പോൾ മുറി വൃത്തികേടായിക്കിടക്കുന്നു. വൃത്തിയാക്കുന്നതിനിടെ ഒരു പുസ്തകം കിട്ടി. തുറന്നു വായിച്ചപ്പോൾ ഞെട്ടി. സാത്താൻ സേവയുമായി ബന്ധപ്പെട്ടതായിരുന്നു പുസ്തകം.

സുഹൃത്തിനോട് കാര്യം തിരക്കിയപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: നീ നേരത്തേ ഉറങ്ങിയല്ലേ. അവരെല്ലാം സേവ കഴിഞ്ഞാണ് പോയത്! ആദ്യമൊക്കെ പേടി തോന്നിയെങ്കിലും ചെറുപ്പക്കാരനും പതിയെ സാത്താൻ സേവാ സംഘത്തോടൊപ്പം ചേർന്നു. 25 പേരുള്ള സംഘത്തിനൊപ്പം മൂന്നാറിലെ പ്രാർത്ഥനയിലും ഇയാൾ പങ്കെടുത്തു. കറുത്ത കോട്ട് ധരിച്ചാണ് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നതെന്നും മയക്കുമരുന്നടക്കം വിളമ്പിയെന്നുമാണ് സംഘത്തിൽ നിന്ന് പുറത്തുചാടിയ യുവാവ് കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയത്. അന്ന് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി സംഘത്തിലുണ്ടായിരുന്നെന്നും പിന്നീട് ഇവരെ കാണാതായെന്നുമാണ് യുവാവിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നത്. ഗോവയിൽ ഇവരെ കണ്ടെന്നും പിന്നീട് അപ്രത്യക്ഷമായെന്നും റിപ്പോ‌ർട്ടിൽ പറയുന്നു.

വാഴ വീഴ്ത്തുന്ന

പാതിരി

കോട്ടയം ജില്ലയിൽ,​ ഒരു ക്രിസ്തീയ സഭയിലെ വൈദികൻ വാഴ വീഴ്ത്തുന്നതിലായിരുന്നു വിദഗ്ദ്ധൻ. രോഗശാന്തിക്കായി എത്തുന്നവരുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുന്നതാണ് ആദ്യ പരിപാടി. ക്രൈസ്തവനാണെങ്കിൽ,​ ദുർമരണപ്പെട്ട ആരോ ദേഹത്ത് കൂടിയിട്ടുണ്ടെന്നും ഇത് സാത്താന്റെ കളിയാണെന്നും പറയും. ഹൈന്ദവ വിശ്വാസിയാണെങ്കിൽ കഥ മാറ്റിപ്പിടിക്കും. പൂജയൊന്നും കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവായിരിക്കും ഇവിടെ വൈദികന്റെ കഥയിലെ വില്ലൻ! ജിന്ന് കേറിയതാണെന്നാവും ഇസ്ലാം മതവിശ്വാസിയോട് പറയുക. എല്ലാം സാത്താന്റെ കളികളാണെന്ന് പറഞ്ഞുവയ്ക്കും. പിന്നെ നീണ്ട പ്രാർത്ഥനയാണ്. ആവാഹിച്ചെടുത്ത സാത്താനെ വാഴയിലേക്കു മാറ്റിയെന്നും വാഴ നിലംപൊത്തുമെന്നും പാതിരിയെ തേടിയെത്തുന്നവരെ വിശ്വസിപ്പിക്കും. എന്തായാലും പാതിരിയുടെ ട്രിക്ക് കാണാൻ പോയവരാരും വാഴ വീഴുന്നത് കണ്ടില്ല. പ്രാർത്ഥനയ്ക്ക് പണം വാങ്ങുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. ചെറിയ ആശ്രമം പിന്നീട് വമ്പൻ സെറ്റപ്പായെന്നാണ് കോട്ടയത്തുകാർ പറയുന്നത്.

സേവ ടിവിയിൽ;

പണി പാളി

ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നറിയപ്പെടുന്ന എ.ബി.സി ടിവിക്ക് അടുത്തിടെ ഒരു അമളി പറ്റി. തത്സമയ വാ‌ർത്താ സംപ്രേഷണത്തിനിടെ സാത്താൻ സേവയുടെ ഒരു വീഡിയോ കയറിവന്നു. ക്വീൻസ് ലാൻഡിലെ പൊലീസ്, മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം നല്കുന്നതിനിടെയാണ് അബദ്ധം പിണഞ്ഞത്.

ഒരു കെട്ടിടത്തിനു മുകളിൽ സ്യൂട്ട് ധരിച്ച കുറച്ചു പേർ പങ്കെടുക്കുന്ന ചർച്ചയുടെ രംഗം കാണിച്ചാണ് വാർത്ത തുടങ്ങിയത്. പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. മൂന്നു പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തിളങ്ങുന്ന കുരിശും അതിനു സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലേക്ക് കൈ ഉയർത്തി നിൽക്കുന്നതുമായിരുന്നു വീഡിയോയിൽ. കറുത്ത വസ്ത്രം ധരിച്ച വ്യക്തി 'ഹെയ്ൽ സാത്താൻ' എന്നു പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു. എന്നാൽ വീഡ‌ിയോ എങ്ങനെ തത്സമയ സംപ്രേക്ഷണത്തിന് ഇടയിൽ വന്നെന്ന രഹസ്യം ചാനൽ പുറത്തു വിട്ടിട്ടില്ല.

തിന്മ കൊയ്യാൻ

ലൂസിഫർ

ലോകത്ത് തിന്മ വിതറി ഫലം കൊയ്യാൻ കാത്തിരിക്കുകയാണ് ലൂസിഫറെന്നും, ദൈവത്തെ ഇകഴ്ത്തി സാത്താനെ പ്രീതിപ്പെടുത്തിയാൽ ലൂസിഫർ കനിയുമെന്നുമാണ് ക്രൈസ്തവരിലെ ചിലർ വിശ്വസിക്കുന്നത്. ഇതിനായി മതഗ്രന്ഥങ്ങളിൽ ദൈവമെന്നു പറയുന്നിടത്ത് സാത്താനെന്ന് പറയുകയും,​ വിശുദ്ധ കുരിശ് തലതിരിച്ചു പിടിക്കുകയുമൊക്കെ ചെയ്യും,​ ഇവർ. മനുഷ്യരക്തം സമ‌‌ർപ്പിക്കുന്നതും മദ്യവും മയക്കുമരുന്നും കാഴ്ചവയ്ക്കുന്നതും പതിവ്. പ്രത്യേക ദിവസങ്ങളിൽ കുട്ടികളെ ബലി നൽകിയും ഇവ‌ർ സാത്താനെ പ്രീതിപ്പെടുത്തും.

കൊളംബിയയിൽ സാത്താനായി പ്രത്യേക ആരാധനാലയം തന്നെയുണ്ട്. യൂ ട്യൂബ് വഴിയാണ് പ്രചാരണം.

കൊച്ചിയിൽ സാത്താൻ സേവ നടത്തിയ ഒരു ബിഷപ്പുണ്ടായിരുന്നു. സ്വന്തം അരമനയിലായിരുന്നു അദ്ദേഹത്തിന്റെ ആഭിചാരം. ആർത്തവരക്തവും മനുഷ്യരക്തവും ഉപയോഗിച്ചായിരുന്നു പൂജകൾ. ഒരു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സഭയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.

വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്. ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും,​ അതു മുതലെടുത്തുള്ള ദുഷ്ക്രിയകളും തട്ടിപ്പുകളും കർശന ശിക്ഷയുടെ പരിധിയിൽ വരണം. പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാർത്ഥനാ കർമ്മങ്ങൾക്കും ആചാരങ്ങൾക്കും പുറത്ത്,​ ദുരുദ്ദേശ്യത്തോടെ,​ ദുഷ്ടലാക്കോടെ,​ സ്വാർത്ഥ ലാഭചിന്തയോടെ അരങ്ങേറുന്ന ഏതു ക്രിയകളും എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. വിശ്വാസം വിശുദ്ധമാണ്; അന്ധവിശ്വാസം അബദ്ധവും. പൂജാവിധികൾ ആചാരബന്ധിതമാണ്; ആഭിചാര തട്ടിപ്പുകൾ കുറ്റകൃത്യവും.

നാളെ: അവസാനിപ്പിക്കണം

ആഭിചാര തട്ടിപ്പുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHAN SEVA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.