തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സുഖ ചികിത്സാ കേന്ദ്രമാക്കാൻ അനുയോജ്യമായ ഇടമാണെന്ന് ഔഷധി. ഇന്ന് ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിൽ ആശ്രമം ഏറ്റെടുക്കാൻ ഔഷധി തീരുമാനമെടുത്തു. സ്ഥലത്തിന്റെ വില തിട്ടപ്പെടുത്താൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔഷധി ഭരണസമിതിയ്‌ക്ക് നിയമവിധേയമായി കാര്യങ്ങൾ തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ് അടങ്ങുന്ന സംഘം ആശ്രമം സന്ദർശിച്ച് ഇവിടം സുഖചികിത്സാ കേന്ദ്രമാക്കാൻ അനുകൂലമായ സ്ഥലമാണെന്ന് ആരോഗ്യസെക്രട്ടറിയ്‌ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് ഡയറക്‌ടർ ബോർഡ് ചേർന്ന് തീരുമാനമെടുത്തത്. ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്‌ക്ക് തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ വെൽനസ് സെന്റർ എന്ന പേരിലുളള സുഖചികിത്സാ കേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നു.
73 സെന്റ് സ്ഥലവും ഇരുനില കെട്ടിടവുമാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമപരിസരം. വിലകൊടുത്ത് വാങ്ങാനോ ദീർഘനാളത്തേക്ക് വാടകയ്‌ക്ക് നൽകാനോ ആണ് ആലോചന. 2018 ഒക്‌ടോബർ 27ന് പുലർച്ചെ സന്ദീപാനന്ദഗിരിയുടെ ഈ ആശ്രമത്തിൽ തീപിടിത്തമുണ്ടായത് വാർത്തയായിരുന്നു. കേസിൽ ഇതുവരെ പ്രതിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശബരിമല വിവാദസമയത്ത് സർക്കാരിനെയും എൽഡിഎഫിനെയും പിന്തുണച്ചവരുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു സന്ദീപാനന്ദ ഗിരി. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന് അടുത്ത സൗഹൃദമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |