തിരുവനന്തപുരം:പി.പി.ഇ.കിറ്റ് അഴിമതി ആരോപണങ്ങളിൽ പുതിയ തെളിവുകളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ.
കൊവിഡ് കാലത്ത് പി.പി.ഇ.കിറ്റ് ദൗർലഭ്യം കണക്കിലെടുത്താണ് നടപടിക്രമങ്ങൾ തെറ്റിച്ച് വൻവിലയ്ക്ക് പി.പി.ഇ.കിറ്റ് വാങ്ങിയതെന്നും 550രൂപയ്ക്ക് നൽകാമെന്നേറ്റ കമ്പനിക്ക് ഓർഡർ പ്രകാരം നിശ്ചിത സമയത്തിനകം നൽകാനാകാതെ വന്ന സാഹചര്യത്തിലാണ് വൻവിലയ്ക്ക് പുതിയ കമ്പനിക്ക് ഓർഡർ നൽകിയതെന്നുമായിരുന്നു സർക്കാർ വിശദീകരണം.ഇത് ശരിയല്ലെന്ന് തെളിയിക്കുന്ന തെളിവുകളാണ് വി.ഡി.സതീശൻ ഇന്നലെ കൊണ്ടുവന്നത്.
ഇതിൽ പറയുന്നത്: മെഡിക്കൽ സർവീസസ് കോർപറേഷൻ അനിത ടെക്സിക്കോട്ട് എന്ന കമ്പനിക്ക് 25000 പി.പി.ഇ കിറ്റുകൾ 550 രൂപയ്ക്ക് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇ മെയിൽ അയച്ചു. അതേ ദിവസം വൈകിട്ട് 5:55 ന് നെഗോഷ്യേറ്റ് ചെയ്തപ്പോൾ
കമ്പനി 550 രൂപയിൽ നിന്ന് കുറയ്ക്കാൻ തയാറായില്ലെന്നും അതുകൊണ്ട് അവരിൽ നിന്നും പതിനായിരം കിറ്റ് മാത്രമെ വാങ്ങുന്നുള്ളൂവെന്നും ഫയിലിൽ രേഖപ്പെടുത്തി. അതേ ദിവസം വൈകിട്ട് 7:48 ന് സാൻ ഫാർമ എന്ന സ്ഥാപനത്തിന് മെഡിക്കൽ സർവീസസ് കോർപറേഷൻ മെയിൽ അയച്ച് 1550 രൂപ നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങാൻ തയാറാണെന്ന് അറിയിച്ചു. 15000 കിറ്റുകൾ വാങ്ങാൻ അവർക്ക് 100 ശതമാനം അഡ്വാൻസ് തുക നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എൽ അയച്ച ഇ.മെയിലുകളുടെ പകർപ്പും അദ്ദേഹം സഭയിൽ സമർപ്പിച്ചു.
ഈ തെളിവുകൾ ഇതുസംബന്ധിച്ച് സി.എ.ജി.റിപ്പോർട്ട് വിലയിരുത്തുന്ന നിയമസഭയുടെ പി.എ.സി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.സണ്ണി ജോസഫാണ് കമ്മിറ്റി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |