കൊച്ചി: അബ്ബാസിന്റെ ജീവനും ജീവിതവുമെല്ലാം ക്രിക്കറ്റ് ബാറ്റാണ്. 21-ാം വയസിലാണ് ഇടപ്പള്ളി സ്വദേശി പി.എസ്. അബ്ബാസ് ബാറ്റ് സ്‌കൂപ്പിംഗ് (പ്രത്യേകമായ ചെത്തി മിനുക്കൽ) ബിസിനസ് തുടങ്ങിയത്. കളിക്കാരുടെ താത്പര്യത്തിനനുസരിച്ച് ബാറ്റിന്റെ ഉയരവും ഭാരവും കുറയ്‌ക്കുന്നതാണ് സ്‌കൂപ്പിംഗ്. ഇപ്പോൾ നിന്നു തിരിയാൻ പോലും ഈ ഇരുപത്തിയൊമ്പതുകാരന് സമയമില്ല.
ഓസ്‌ട്രേലിയ, കാനഡ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം അബ്ബാസിന്റെ ബാറ്റുകൾക്ക് ആവശ്യക്കാരുണ്ട്. സ്‌കൂൾ പഠനകാലത്താണ് ക്രിക്കറ്റ് തലയ്‌ക്കു പിടിച്ചത്. സച്ചിനായിരുന്നു ഹീറോ. സോഫ്റ്റ്, ഹാർഡ് ബോൾ ടൂർണമെന്റുകളിൽ തിളങ്ങുന്ന ഓൾ റൗണ്ടറായിരുന്നു. പക്ഷേ കുടുംബം പോറ്റാനായി എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി.
പരിശീലനത്തിന് പോകാൻ കഴിയാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിച്ചു. തുടർന്നാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യാമെന്ന ചിന്തയുണ്ടാത്. ഉമ്മ ജാസ്മിൻ നൽകിയ 2000 രൂപയ്‌ക്ക് കാശ്‌മീരിൽ നിന്ന് മൂന്ന് ബാറ്റുകൾ വരുത്തി പ്രത്യേകരീതിയിൽ നൂലുകെട്ടി രണ്ടെണ്ണം വിറ്റു.
ലാഭം കിട്ടിയതോടെ 10 എണ്ണം കൂടി വരുത്തി. ഇപ്പോൾ ദിവസം 200 വരെ ബാറ്റുകൾ എ6 എന്ന ബ്രാൻഡിൽ സ്‌കൂപ്പ് ചെയ്ത് വിൽക്കുന്നു. പിതാവ് ഷാജഹാനും സഹോദരൻ ഷാനവാസും ഒപ്പമുണ്ട്.
അടിച്ചു നേടിയ വിജയം
സ്‌കൂപ്പ് ചെയ്ത ബാറ്റുമായി കളിക്കാനിറങ്ങി മറ്റുള്ളവരുടെ ശ്രദ്ധയാകർഷിച്ചാണ് അബ്ബാസ് ബിസിനസിൽ പിടിച്ചുകയറിയത്. ഹാർഡ് ബാൾ ബാറ്റിന് 2500-3000 രൂപയും സോഫ്റ്റ് ബാളിന്റേതിന് 2000-2800 രൂപയുമാണ് നിരക്ക്. ഗുജറാത്തിലെ ബാറ്റ് നിർമ്മാണശാലയിൽ രണ്ടുദിവസം തമ്പടിച്ച് സ്കൂപ്പിംഗ് നോക്കിപ്പഠിച്ചു. പിന്നെ മെഷീനെത്തിച്ച് തനിയെ ചെയ്‌തു. ഇടപ്പള്ളിയിലെ കുടുസുമുറിയാണ് വർക്ക്ഷോപ്പ്. എ6 എന്നപേരിൽ ബാറ്റുകൾക്കായി ഷോപ്പുമുണ്ട്.
'സച്ചിനും സഞ്ജു സാംസണും ബാറ്റ് സമ്മാനിക്കണമെന്നാണ് ആഗ്രഹം".
- പി.എസ്. അബ്ബാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |