SignIn
Kerala Kaumudi Online
Saturday, 27 April 2024 10.46 AM IST

കിളികൊല്ലൂരിലെ പൊലീസ് ക്രൂരത

photo

സ്‌ത്രീകളോടും കുട്ടികളോടും എത്ര മോശമായി പെരുമാറിയാലും പഴയകാലത്ത് പൊലീസ് കേസെടുക്കില്ലായിരുന്നു. സമൂഹം പോലും അതൊരു സാധാരണ കാര്യമെന്ന നിലയിലാണ് വീക്ഷിച്ചിരുന്നത്. ഇപ്പോൾ അതല്ല സ്ഥിതി. ഒരു സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയാൽ അകത്താകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. അതിനാൽ അവർക്കെതിരെയുള്ള അതിക്രമങ്ങൾ വളരെ കുറഞ്ഞിട്ടുണ്ട്. മുൻപ് ഇതൊന്നും പുറത്തുപോലും അറിയില്ലായിരുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടിലും അതനുസരിച്ച് നിയമങ്ങളിലും വന്ന മാറ്റമാണ് സ്‌ത്രീകളോടും കുട്ടികളോടും മര്യാദയ്ക്ക് പെരുമാറണമെന്ന അവസ്ഥ സംജാതമാക്കിയത്. പുതിയ നിയമങ്ങൾ വരുമ്പോഴും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ തുടരുന്ന ഒരു വിഭാഗമാണ് പൊലീസ് സേനയെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനവും അനീതിയുമാണ്. ഇരുവരെയും ഇഞ്ചിഞ്ചായി തല്ലിച്ചതച്ചതിന് പുറമെ ലഹരിമരുന്ന് കേസിൽ പ്രതികളാക്കി ജയിലിലടയ്ക്കുകയും ചെയ്തു. ഒരു പൗരൻ, എത്ര വലിയ കുറ്റം ചെയ്ത വ്യക്തിയാണെങ്കിലും പൊലീസിന് അയാളുടെ ശരീരത്തിൽ തൊടാൻ ഒരവകാശവും ഒരു നിയമപുസ്തകവും നൽകിയിട്ടില്ല. കസ്റ്റഡിയിൽ മർദ്ദനമേറ്റതായി തെളിഞ്ഞാൽ അതിന് ഉത്തരവാദികളായി കണ്ടെത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിയമത്തിൽ പറയുന്നുണ്ട്. മർദ്ദനവും പീഡനവുമൊക്കെ പഴയ രാജവാഴ്ചയുടെയും ജന്മിത്വ മാടമ്പി സമ്പ്രദായത്തിന്റെയും ബ്രിട്ടീഷ് മേൽക്കോയ്‌മയുടെയും ബാക്കിപത്രങ്ങളാണ്. അക്രമം കാണിക്കുന്നവനെ പിടിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നാൽ പൊലീസ് ഉമ്മവയ്ക്കണോ എന്ന് മർദ്ദനത്തെ ന്യായീകരിക്കാൻ ഇവരുടെ സംഘടനയുടെ ചില നേതാക്കൾ ചോദിക്കാറുണ്ട്. വികസിത രാജ്യങ്ങളിലും മറ്റും പ്രതികളെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചല്ല കേസ് തെളിയിക്കുന്നതും നടത്തുന്നതും. ഒരാളെ ലോക്കപ്പിലിട്ട് നാലഞ്ച് പൊലീസുകാർ തല്ലുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമായി പരിഗണിക്കേണ്ടത്. മാങ്ങാമോഷ്‌ടാവായ പൊലീസുകാരനെ രക്ഷിക്കുകയും നിരപരാധികളെ ലഹരിമരുന്ന് കേസുകളിൽ പ്രതിയാക്കുകയും ചെയ്യുന്നതിന് മടിക്കാത്തവർ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. കുറ്റം തെളിയുന്ന പക്ഷം സർവീസിൽനിന്ന് പിരിച്ചുവിടുന്ന നടപടിയാണ് സർക്കാർ എടുക്കേണ്ടത്. മർദ്ദിക്കുന്നതല്ല പൊലീസിന്റെ പണി. കിരാതമായ ഈ മർദ്ദനമുറ ഇനിയുള്ളകാലം തുടരാനാവില്ല. കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ചതിനെക്കുറിച്ച് പ്രതിരോധസേന അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാനാണ് സാദ്ധ്യത. ക്രമസമാധാന പാലനത്തിൽ പൊലീസ് സേന പൊതുവെ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇടയ്ക്കിടെ 'കിളികൊല്ലൂർ" പോലുള്ള സംഭവങ്ങൾ സൃഷ്ടിച്ച് പൊലീസുകാർ കുറ്റവാളികളെക്കാൾ താഴെയാണ് തങ്ങളുടെ സ്ഥാനമെന്ന് തെളിയിക്കുന്നത് തികച്ചും അപമാനകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KILIKOLLUR CUSTODIAL TORTURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.