SignIn
Kerala Kaumudi Online
Friday, 26 April 2024 7.26 PM IST

ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ വിവാദം പുറപ്പെട്ടത് എവിടെ നിന്ന് ?

muheen-ali

മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉണ്ടാക്കിയ ഒരു ട്രസ്റ്റ് എന്തുകൊണ്ടാണ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്നത്. പാണക്കാട് കുടുംബാംഗം നേതൃത്വമേകുന്ന ട്രസ്റ്റിനെ ആരാണ് ഭയക്കുന്നത്? ട്രസ്റ്റിന്റെ രൂപീകരണത്തിന് രാഷ്ട്രീയമാനമുണ്ടോ? ചോദ്യങ്ങൾ കൂടുന്നു. കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ചേർന്ന കൂട്ടായ്മയിലാണ് പാണക്കാട് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്. മുസ്‌ലിം ലീഗിന്റെ മുൻഅദ്ധ്യക്ഷന്മാരുടെയും പ്രധാന നേതാക്കളുടെയും പേരിൽ നിരവധി ട്രസ്റ്റുകളും ജീവകാരുണ്യ പ്രസ്ഥാനങ്ങളുമുണ്ട്. ഇതിന്റെയെല്ലാം തലപ്പത്ത് മുസ്‌ലിം ലീഗ് നേതാക്കളുമാണ്. എന്നാൽ ഇവയുടെ പേരിലൊന്നുമില്ലാത്ത വിവാദങ്ങളാണ് ഹൈദരലി തങ്ങൾ ഫൗണ്ടേഷന്റെ പേരിലുണ്ടായത്. ഹൈദരലി തങ്ങളുടെ സ്മരണ നിലനിർത്തുകയും വിദ്യാഭ്യാസ, തൊഴിൽ പരിശീലന മേഖല മുഖ്യ അജണ്ടയായും പ്രഖ്യാപിച്ച ഫൗണ്ടേഷൻ എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നത് ?

ഫൗണ്ടേഷന്റെ ചെയർമാൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലി തങ്ങളാണ്. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് മകൻ ചെയർമാൻ ആവുക സ്വാഭാവികം. എന്നാൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്ന വിലയിരുത്തലാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും അസ്വസ്ഥമാക്കുന്നത്. ഫൗണ്ടേഷൻ ഉന്നം വയ്ക്കുന്നത് തന്നെയാണെന്നത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വ്യക്തമായറിയാം. ഫൗണ്ടേഷന്റെ ചരട് വലിക്കുന്നത് ലീഗിൽ നിന്ന് അടുത്തിടെ സസ്പെന്റ് ചെയ്യപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയാണ്. മുസ്‌ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യപോരിന് ഇറങ്ങാൻ ധൈര്യപ്പെട്ട ചുരുക്കം നേതാക്കളിൽ മുൻനിരക്കാരൻ. ലീഗിന്റെ സമകാലിക അതികായകനെതിരെ അങ്കപ്പുറപ്പാടിന് പുറപ്പെട്ട കെ.എസ്.ഹംസ ചില്ലറക്കാരനല്ലെന്നത് ലീഗിനുള്ളിലുള്ളവർക്കും അറിയാം. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ, അതും മുൻസംസ്ഥാന പ്രസിഡന്റിന്റെ മകനെയും ലീഗിൽ നടപടി നേരിട്ടവരെയും അസംതൃപ്തരെയും ഒരുകുടക്കീഴിൽ ഒരുമിപ്പിക്കാൻ കെ.എസ്.ഹംസയ്ക്കായി. പരസ്യമായി തന്നെ യോഗവും വിളിച്ചു. പുറമേക്ക് ട്രസ്റ്റ് രൂപീകരണ യോഗമാണെങ്കിലും അത് ചില‌ർ‌ക്കുള്ള മുന്നറിയിപ്പ് കൂടിയായി. ഹൈദരലി തങ്ങൾ ഫൗണ്ടേഷന് ജില്ലാ സമിതികളും രൂപീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാണക്കാട് കുടുംബാംഗങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തനാണ് മുഈൻ അലി തങ്ങൾ. പി.കെ.കുഞ്ഞാലിക്കുട്ടിയെ പരസ്യമായി വിമർശിക്കാൻ യാതൊരു ഭയവുമില്ല. തന്റെ പിതാവ് ഹൈദരലി തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ സാമ്പത്തിക തിരിമറിയടക്കം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ കോഴിക്കോട്ടെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന പ്രവർത്തകനും ലീഗ് ഓഫീസിലെ സ്ഥിരം സാന്നിദ്ധ്യവുമായ വ്യക്തിയിൽനിന്ന് പരസ്യമായി തെറിയഭിഷേകം വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതും ലൈവ് ടെലികാസ്റ്റിംഗിനിടെ. പാണക്കാട് കുടുംബാംഗം ഇത്തരത്തിൽ പരസ്യ അവഹേളനം നേരിട്ട സംഭവം ലീഗിന്റെ ചരിത്രത്തിലുണ്ടാവില്ല. പി.കെ.കുഞ്ഞാലിക്കുട്ടിയോട് അടുപ്പം പുലർ‌ത്തുന്ന പ്രവർ‌ത്തകനാണ് അന്ന് മുഈനലിയെ അപമാനിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെ മുറിവ് മുഈൻ അലിയുടെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നുണ്ടെന്ന് അടുപ്പക്കാർ പറയുന്നു.

ഫൗണ്ടേഷൻ

വിവാദമാവുമ്പോൾ

ജൂലായിൽ എറണാകുളത്ത് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.എസ്.ഹംസയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്റ് ചെയ്തത്. യോഗത്തിൽ ആരൊക്കെ പങ്കെടുത്തു, എന്തെല്ലാം കാര്യങ്ങൾ ചർച്ചചെയ്തു എന്നിവ മാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്ത് വന്നതിനാലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ചന്ദ്രിക ദിനപത്രത്തിനായി നടത്തിയ ഫണ്ട് പിരിവിനെക്കുറിച്ചും പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയുണ്ടായി. സ്വർണ്ണക്കടത്ത് വിഷയത്തിലും സ്വപ്ന വിഷയത്തിലും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ നിലപാട് ഉയർത്തിയില്ലെന്നും വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചു എന്നടക്കമുള്ല വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തെത്തി. ഇതിന് പിന്നിൽ കെ.എസ്.ഹംസയാണെന്ന വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി പക്ഷം.

ഹൈദരലി തങ്ങൾ ഫൗണ്ടേഷന് രാഷ്ട്രീയമില്ലെന്നും വിമത യോഗമല്ലെന്ന് പറയുമ്പോഴും കെ.എസ്.ഹംസയെ ഫൗണ്ടേഷൻ ജനറൽ കൺവീനറാക്കിയതിലൂടെ വ്യക്തമായ സന്ദേശം കൂടിയാണ് നൽകിയത്. മുസ‌്‌‌ലിം ലീഗിലും എം.എസ്.എഫിലും അച്ചടക്ക നടപടി നേരിട്ടവരും നിലവിലെ നേതൃത്വത്തോട് നീരസമുള്ളവരുമാണ് ഹൈദരലി തങ്ങൾ ഫൗണ്ടേഷന്റെ ഭാരവാഹികൾ. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങൾ ദേശീയ പുരസ്‌കാരം ദയാബായിക്ക് നൽകാനും തീരുമാനിച്ചു.

എങ്ങനെയെടുക്കും നടപടി

ഫൗണ്ടേഷൻ രൂപീകരണം ചർച്ചയാക്കാതെ മുന്നോട്ടുപോവുകയെന്ന തന്ത്രമാണ് ലീഗ് നേതൃത്വം പയറ്റുന്നത്. വിശദീകരണം ചോദിക്കാൻ തീരുമാനിച്ചാൽ അത് പാണക്കാട് കുടുംബത്തിൽ നിന്നുതന്നെ ആരംഭിക്കേണ്ടിവരും. മുൻസംസ്ഥാന പ്രസിഡന്റും ലീഗിന്റെ ആദരണീയ നേതാവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനോട് വിശദീകരണം ചോദിക്കേണ്ടിയും വരും. മുഈൻ അലി തങ്ങൾ പ്രസ്താവനകളോ മറ്റോ നടത്തിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. കൂടാതെ ഹൈദരലി തങ്ങളുടെ പേരിൽ ട്രസ്റ്റുണ്ടാക്കിയതിന് നടപടിയെടുത്തെന്ന പ്രചാരണവും അത് ഉണ്ടാക്കിയേക്കാവുന്ന പരിക്കുകളും എളുപ്പത്തിൽ പരിഹരിക്കാനാവില്ല. പാണക്കാട് കുടുംബത്തിനിടയിൽ വിള്ളലുണ്ടാക്കാനും ഇതുവഴിവയ്ക്കും. കളികൾക്ക് ധൈര്യമുള്ള കെ.എസ്.ഹംസയാണ് മുഈനലിക്കൊപ്പമുള്ലത്. ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഒരു നേതാവും പ്രസ്താവനകൾ നടത്തരുതെന്ന് ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവർക്കെതിരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്താനാണ് നേതൃതലത്തിലെ ധാരണ.

പാർട്ടിയുടെ അറിവോടെയല്ല കൂട്ടായ്മയെന്ന് പറഞ്ഞ് എം.കെ. മുനീർ ഫൗണ്ടേഷനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കൂട്ടായ്മ രൂപീകരണത്തിന് എം.കെ.മുനീറിന്റെ ആശിർ‌വാദമുണ്ടോയെന്ന സംശയക്കണ്ണ് ലീഗിലെ ചിലർക്കുണ്ട്. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തെ പ്രധാന നേതാക്കളാണ് എം.കെ.മുനീറും കെ.എം. ഷാജിയുമെല്ലാം. കുഞ്ഞാലിക്കുട്ടിക്കെതിരായ പരസ്യവിമർശനത്തിന്റെ പേരിൽ അടുത്തിടെ ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. കൂട്ടായ്മയെ തള്ളിപ്പറയേണ്ടത് എം.കെ.മുനീറിന് അനിവാര്യമാണ്.

മറുപടിയുണ്ട് എല്ലാത്തിനും

ഫൗണ്ടേഷനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് മുസ്‌ലിം ലീഗിന്റെ തീരുമാനമെങ്കിൽ ഓരോ ആരോപണങ്ങളെയും അക്കമിട്ട് പ്രതിരോധിക്കുകയാണ് ഫൗണ്ടേഷൻ ജനറൽ കൺവീനറായ കെ.എസ്.ഹംസ. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഹംസ നിലപാട് കുറിച്ചത് ഇങ്ങനെ:

" ലീഗുകാർക്കിടയിൽ ഇപ്പോൾ ഏറ്റവും സജീവ ചർച്ചാ വിഷയം ഹൈദരലി ഷിഹാബ് തങ്ങൾ ഫൗണ്ടേഷനെക്കുറിച്ചാണ്. അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ മകൻ മുഈൻ അലി തങ്ങളുടെ സാരദ്ധ്യത്തിൽ കഴിഞ്ഞ ദിവസം രൂപീകൃതമായ ഫൗണ്ടേഷന്റെ മുസ്‌ലിം ലീഗ് ബന്ധത്തെക്കുറിച്ചും ബന്ധമില്ലായ്മയെക്കുറിച്ചും ചിന്തിച്ചിരിക്കുകയാണ് ലീഗിന്റെ സാധാരണ പ്രവർത്തകർ. അപ്പോൾ അതെന്താണെന്ന് സ്വാഭാവികമായും നമുക്കും അന്വേഷിക്കേണ്ടി വരുമല്ലോ... അതിങ്ങനെയാണ്..

ഹൈദരലി ഷിഹാബ് തങ്ങളുടെ പേരിലൊരു ഫൗണ്ടേഷൻ. തങ്ങളുടെ ജീവിതവും ദർശനവും ഇഷ്ടപ്പെടുന്ന ആർക്കും, രാഷ്ട്രീയമുള്ളവർക്കും രാഷ്ട്രീയമില്ലാത്തവർക്കും പങ്കുചേരാൻ പറ്റുന്ന പൊതുസ്വഭാവമുള്ള ഒരു പബ്ലിക് ട്രസ്റ്റാണ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ. അതായത് അത് ലീഗുകാരുടെ മാത്രം ട്രസ്റ്റല്ല.

22 ഓളം മുസ്‌ലിം ലീഗ് നേതാക്കളും ലീഗിന് പുറത്തുള്ള പ്രമുഖ വ്യക്തികളും ഇതിന്റെ രൂപീകരണ യോഗത്തിൽ പങ്കാളികളായിരുന്നു. അതിൽ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. അപ്പോൾ അതിൽ ലീഗിന് പുറത്തുള്ളവരും അകത്തുള്ളവരും ഉൾപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്.

മുഈൻ അലി തങ്ങൾ പത്രക്കാരോട് പറഞ്ഞ ഒരു കാര്യമുണ്ട്, നിങ്ങൾക്ക് വേണമെങ്കിലും ഇതിൽ ചേരാം. മുസ്‌ലിം ലീഗിന്റെ കൊടിക്കീഴിലല്ല ഈ ഫൗണ്ടേഷൻ സ്ഥാപിതമായിരിക്കുന്നത്.

ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രധാനമായും ഊന്നൽ നൽകുന്നത് തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ്. യുവാക്കളെ ആധുനിക കാലത്തെ തൊഴിൽരംഗത്ത് സജ്ജമാകാൻ പ്രാപ്തരാക്കുന്ന വിവിധ പദ്ധതികളാണ് ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ലീഗിന്റെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തിക്കുന്ന ജീവകാരുണ്യ ട്രസ്റ്റുകളുടെ മാതൃകയല്ല ഈ പുതിയ സംരംഭത്തിന്. ഉദാഹരണത്തിന് സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ കാരുണ്യ സെൽ പോലുള്ള സംഘടനകൾ ശ്രദ്ധയൂന്നുന്നത് നിർദ്ധനരായ ജനങ്ങൾക്ക് ചികിത്സാ സഹായം, ഭവനരഹിതർക്ക് വീട് വെച്ചുനൽകൽ പോലുള്ള പ്രവർത്തനങ്ങളിലാണ്. എന്നാൽ ഹൈദരലി ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നത് യുവാക്കളെ തൊഴിൽ രംഗത്ത് മികവുള്ളവരാക്കി സ്വശ്രയരാക്കുക എന്നതാണ്.

ഈ ട്രസ്റ്റിന്റെ ലക്ഷ്യത്തിലേക്ക് വ്യക്തമായ പദ്ധതികളും മാർഗ്ഗരേഖകളും തുടക്കം മുതൽ തന്നെയുണ്ട്. അതായത്, എൻജിനീയറിംഗ് കോളേജ് ഉൾപ്പെടുന്ന ടെക്നിക്കൽ ക്യാമ്പസുകളിലൂടെയാണ് തൊഴിൽ പരിശീലനം സാദ്ധ്യമാക്കുന്നത്. അതിനായി ഇപ്പോൾത്തന്നെ മൂന്ന് പ്രമുഖ എൻജിനീയറിംഗ് കോളേജുകൾ ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷനുമായി ധാരണയിലെത്തിയിട്ടുണ്ട്. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള 24 കോഴ്സുകൾ ഈ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി നൽകുന്നുണ്ട്. എന്നാൽ, വൻ എൻജിനീയറിംഗ് വിദ്യാർത്ഥികളെയല്ല ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഹൈസ്‌കൂൾ, പത്താംക്ലാസ്, പ്ലസ്ടു പോലുള്ളവയ്ക്ക് ശേഷം തുടർപഠനം സാദ്ധ്യമാകാതെ പോയി ചെറിയ കൈത്തൊഴിലുകളുമായി സജീവമായ യുവാക്കളുണ്ടാകും. അവർക്ക് സാദ്ധ്യമാകുന്ന തരത്തിലുള്ള പഠനക്കളരികൾ ഒരുക്കി ഇപ്പോഴുള്ള സാഹചര്യത്തേക്കാൾ ഉയർന്ന തൊഴിലുകളിലേക്ക് പര്യാപ്തമാക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് ഈ ട്രസ്റ്റ് മുന്നിൽ കാണുന്നത്. ഓരോരുത്തരുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുസരിച്ചുള്ള 21ലേറെ കോഴ്സുകൾ വിഭാവനം ചെയ്തുകഴിഞ്ഞു. " കെ.എസ്.ഹംസയുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും ഈ വിശദീകരണത്തിൽ എല്ലാമുണ്ട്.

എന്തുകൊണ്ട് മുഈൻ അലി ?

ഹൈദരലി തങ്ങളുടെ മകൻ എന്നതിലപ്പുറം എന്തുകൊണ്ടാണ് മുഈനലി തങ്ങളെ ട്രസ്റ്റ് ചെയർമാനാക്കിയത്. കൂട്ടായ്മയിലെ അംഗങ്ങളുടെ പൊതുശത്രുവായ പി.കെ.കുഞ്ഞാലിക്കുട്ടിയോട് മുഈനലിക്കുള്ള വിരോധമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചന്ദ്രിക ദിനപത്രത്തിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പത്രത്തിന്റെ ചെയർമാനും എം.ഡിയുമായ പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഹൈദരലി തങ്ങളെ അലട്ടിയിരുന്ന സമയമായിരുന്നു അത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ പിതാവ് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹത്തിന്റെ രോഗം വഷളാകാൻ ഇത് കാരണമായെന്നും മുഈൻ അലി പരസ്യമായി പറഞ്ഞിരുന്നു. ഇതിനൊപ്പം പിതാവിന് കൃത്യവും സമയബന്ധിതവുമായ ചികിത്സ ലഭ്യമാക്കിയില്ലെന്ന ഗുരുതര ആരോപണം കൂടി ഉന്നയിച്ചു. ആരോപണം നിലവിലെ ലീഗ് നേതൃത്വത്തിനെതിരെ ആണെന്നത് അതീവ ഗൗരവകരമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തതും ചന്ദ്രികയുടെ ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചതും കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി ആരോപിച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ ഇറങ്ങിയപ്പോഴും മുഈൻ അലി കുഞ്ഞാലിക്കുട്ടിയെ നിശിതമായി വിമർശിച്ചിരുന്നു. ഫലത്തിൽ മുഈനലിയിലൂടെ ലീഗ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുക കൂടിയാണ് ലക്ഷ്യം. എന്നാൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുള്ള പാണക്കാട്ടെ തങ്ങളെ മറുവാക്കുകളില്ലാതെ അനുസരിക്കുകയെന്ന ശീലമാണ് പരമ്പരാഗതമായി നേതാക്കളും അണികളും പിന്തുടരുന്നത്. ഇതിൽ ഒരുമാറ്റമുണ്ടാക്കുക ഒട്ടും എളുപ്പമല്ല. ഉമർബാഫഖി തങ്ങളുടെ അഖിലേന്ത്യാ ലീഗ്, ഹസൻഗനിയുടെ സമസ്ത കേരള മുസ്‌ലിം ലീഗ്, ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ ഐ.എൻ.എൽ, കെ.ടി.ജലീലിന്റെ സി.എച്ച്. കൾച്ചറൽ ഫോറം, പി.ടി.എ റഹീമിന്റെ നാഷണൽ സെക്കുലർ കോൺഫറൻസ് ഇങ്ങനെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയെത്ര സംഘടനകളും ട്രസ്റ്റുകളുമുണ്ടായി. എന്നിട്ടും മുസ്‌ലിം ലീഗിന് എന്തെങ്കിലും പറ്റിയോ. പുതിയ ട്രസ്റ്റിന്റെ രൂപീകരണ വിവാദങ്ങൾക്ക് ലീഗ് നേതാവ് ഫുൾസ്റ്റോപ്പിട്ടത് ഇങ്ങനെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HYDARALI THANGAL FOUNDATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.