SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 PM IST

കാട്ടാനയെ പേടിക്കാതെ ജീവിക്കാൻ

photo

കേരളത്തിൽ അടുത്തകാലത്തായി വന്യമൃഗങ്ങളുടെ ആക്രമണംമൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. മനുഷ്യരും വന്യമൃഗങ്ങളുമായുള്ള കിടമത്സരം അന്താരാഷ്ട്രതലത്തിൽ ചർച്ചചെയ്തു വരുന്നു. കേരളത്തിലുടനീളം നൂറുകണക്കിന് മനുഷ്യജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിയുന്നത്. കാടിനോട് ചേർന്ന് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും, മറ്റു ജനവിഭാഗങ്ങളും കടുത്ത കാട്ടാന ഭീഷണിയിലാണ്.

ഏഷ്യയിലെ ഏറ്റവും ബൃഹത്തായ വന്യജീവിപരിരക്ഷയും, സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതിയാണ് ആറളത്തുള്ളത് എന്നാണ് വനംവകുപ്പിന്റെ വാദം! എന്നാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്ന പദ്ധതികൾ നോക്കുകുത്തികളാകുന്നു. നൂറുകണക്കിനു വളർത്തുമൃഗങ്ങളാണ് ചത്തൊടുങ്ങുന്നത്. കൃഷിനാശം വൻ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുന്നു.

കർഷകർ കൃഷി ഉപേക്ഷിക്കേണ്ടിവരുന്നു. കാട്ടുപന്നികളുടെയും കുരങ്ങന്റെയും ശല്യം മലയോരജില്ലകളിൽ കൃഷിക്കും ഉപജീവനത്തിനും ഭീഷണി ഉയർത്തുന്നു. വയനാട് ജില്ലയിൽ കുരങ്ങുകളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം ഏറെയാണ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെങ്കിലും കടമ്പകളേറെയുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഏറെ ഗവേഷണം നടന്നു വരുന്നമേഖലയാണ് മനുഷ്യൻ വന്യജീവിസംഘർഷം. എന്നാൽ ഗവേഷണഫലങ്ങൾ പ്രാവർത്തികമാക്കാൻ അധികാരികൾ ശ്രമിക്കുന്നില്ല. തൃശൂർ അതിരപ്പള്ളി മേഖലയിലെ കാട്ടാനശല്യം പരിസരവാസികൾക്കും ടൂറിസത്തിനും ഭീഷണിയാകുന്നു.

രാജ്യത്ത് പ്രതിവർഷം കാട്ടാനകളുടെ ആക്രമണംമൂലം 500പേർ മരിക്കുന്നതായി കേന്ദ്ര വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 60 ശതമാനത്തോളം ഏഷ്യൻ ആനകളുള്ളത് ഇന്ത്യയിലാണ്. വന്യജീവി പരിചരണത്തിൽ ഹ്യൂമൻ എലിഫന്റ്‌ കോൺഫ്ളിക്ട് ഏറെ വെല്ലുവിളി ഉയർത്തുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു.

ആനക്കൊമ്പിനുവേണ്ടിയുള്ള വേട്ടയാടൽ പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതലാണ്. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ അതിർത്തി പ്രദേശങ്ങളിലാണ് ഇതു കൂടുതലായി നടക്കുന്നത്.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള മത്സരം ഒഴിവാക്കാൻ സുസ്ഥിര നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതിനായി പ്രാദേശികതലത്തിൽ പദ്ധതി ആവിഷ്‌കരിക്കണം. ഓരോ ആവാസ വ്യവസ്ഥയിലെയും പ്രശ്നങ്ങൾ നിരവധിയാണ്. പ്രശ്നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. സാങ്കേതികവിദ്യ ഫലപ്രദമായി അവലംബിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, സെൻസർ അടിസ്ഥാനത്തിലുള്ള ട്രാക്കിംഗ്, മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പിലാക്കണം. ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം ഒഴിവാക്കണം.

അപകടസാദ്ധ്യത വിലയിരുത്തി മുന്നറിയിപ്പ് സംവിധാനങ്ങൾ പരിസരവാസികൾക്കായി നടപ്പിലാക്കണം. ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. മേഖലകൾ തിരിച്ചറിയാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര ആക്രമണം വിളിച്ചുവരുത്തും. സ്ഥിതി വിലയിരുത്തി പ്രത്യേക സീസണിൽ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. വന്യമൃഗങ്ങളുടെ വരവ് നേരത്തെ അറിയാനുള്ള അലാറം, മൊബൈൽ അധിഷ്ഠിത സന്ദേശം എന്നിവ പ്രാദേശികവാസികൾക്ക് ലഭ്യമാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിക്കണം. യുവാക്കൾക്കും, പരിസരവാസികൾക്കും ബോധവൽക്കരണ, സ്‌കിൽ വികസന പദ്ധതികൾ നടപ്പിലാക്കണം. ഇവർക്ക് ഇൻഷുറൻസ്, ചികിത്സ, പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം.

വന്യമൃഗങ്ങളുടെ ആക്രമണംമൂലം പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്. വളർത്തുമൃഗങ്ങൾക്കും, വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. കാലാവസ്ഥാമാറ്റം ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം. സംസ്ഥാനങ്ങൾ ആന സങ്കേതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം അറിയിക്കുന്നില്ലെന്നാണ്‌ കേന്ദ്ര വനം, വന്യജീവി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പരാതി! ഇതിൽ ഹ്യൂമൻ എലിഫന്റ്‌ കോൺഫ്ളിക്ട്, പരിചരണ ഇടപെടലുകൾ, കാട്ടാനകളുടെ എണ്ണം, ആവാസ വ്യവസ്ഥയിലുള്ള മാറ്റം എന്നിവ ഉൾപ്പെടുന്നു. കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ മൂന്നാർ ബോഡിനായ്ക്കന്നൂർ, ചാലക്കുടി ആനമലറോഡിൽ ഘടിപ്പിച്ചു കൊണ്ട് മുന്നറിയിപ്പുകൾ ബോർഡുകളിൽ പ്രദർശിപ്പിക്കാനുള്ള നടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു. കാട്ടാനക്കൂട്ടങ്ങൾ നാട്ടിലേക്കിറങ്ങുമ്പോൾ പരിസരവാസികൾക്ക് ഒഡീഷയിൽ സൈറൺ മുന്നറിയിപ്പാണ് നൽകുന്നത്. ഖാദി വില്ലജ് ഇൻഡസ്ട്രീസ് കമ്മിഷൻ കാർഷിക മേഖലയിലേക്കുള്ള കാട്ടാനകളുടെ വരവ് തടയാനായി തേനീച്ചക്കൂടുകൾ സ്ഥാപിച്ചു വരുന്നു. തേനീച്ചകളുടെ കുത്തേറ്റ ഭാഗങ്ങളിൽനിന്നും ആനകൾ പിന്തിരിഞ്ഞോടും.

വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം മൂലം മനുഷ്യ ജീവനും വളർത്തുമൃഗങ്ങൾക്കും കൃഷിയ്ക്കും ജീവനോപാധികൾക്കും ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ പ്രശ്നാധിഷ്ഠിത നടപടികളും, ഗവേഷണ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ ഇനിയും വൈകരുത്.

(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്ഡിസ്സിപ്ലിനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.