നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സീനത്ത്. അഭിനയ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് നടി. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലും സീനത്ത് മികച്ചൊരു വേഷം ചെയ്തിട്ടുണ്ട്. കൗമുദി മൂവീസിലൂടെ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും സീനത്ത് വെളിപ്പെടുത്തി. 'സിനിമയിലേക്ക് വരുന്ന ഇപ്പോഴത്തെ കുട്ടികൾ ജീവിക്കുന്നുണ്ട്. പഴയ ആളുകൾ ജീവിച്ചിട്ടില്ലെന്ന് തന്നെ ഞാൻ പറയും. മദ്രാസിലൊക്കെ പോയിട്ട്, ഞാൻ പോയിട്ടില്ല കേരളത്തിലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ അവർ വീടിനകത്തായിരിക്കും. പുറത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമില്ല. ഇന്ന് അങ്ങനെയല്ലല്ലോ.
പിന്നെ ലൊക്കേഷനിലെ സൗഹൃദം അന്നത്തെ കാലത്തായിരുന്നു. അന്ന് കാരവൻ ഇല്ലല്ലോ. മോഹൻലാൽ അടക്കം കസേര ഇട്ട് ഇരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാൽ കളിയും ചിരിയുമൊക്കെയാണ്. മുകേഷൊക്കെ ഉണ്ടെങ്കിൽ പറയുകയും വേണ്ട. ഇന്ന് അതില്ല. കാരവൻ വന്നതോടെ ഷൂട്ട് കഴിഞ്ഞാൽ അതിന്റെയകത്ത് കയറി വാതിലടക്കും. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് ഇല്ലാതെ കുറച്ച് സമയം ഇരിക്കുമ്പോൾ ബോറടിക്കും. പക്ഷേ സൗഹൃദങ്ങൾ ഷൂട്ടിംഗ് കഴിഞ്ഞാൽ കഴിഞ്ഞു. എനിക്ക് തോന്നുന്നു ഇപ്പോൾ അങ്ങനെയല്ലെന്ന്. സൗഹൃദത്തിന്റെ കാലഘട്ടമാണ് ഇപ്പോൾ. കുറച്ച് ഫ്രണ്ട്സ് കൂടി ഒരു സിനിമയെടുക്കുക.രണ്ടിനും രണ്ടിന്റേതായ നല്ലതുണ്ട്.' - നടി പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചും സീനത്ത് മനസുതുറന്നു. 'മമ്മൂക്ക സിനിമയ്ക്ക് വേണ്ടി ജീവിക്കുകയാണ്. റോഷാക്കിന് പോണ സമയത്ത് എനിക്ക് നല്ല വണ്ണമുണ്ട്. മമ്മൂക്കയുടെ ഒറ്റ ഡയലോഗ് കൊണ്ട് ഞാൻ കുറച്ചതാ. ഭയങ്കരായിട്ട് കളിയാക്കി. അപ്പോൾ എനിക്ക് തോന്നി ശരിയാണെന്ന്.നമ്മളോട് എത്ര അടുത്ത് പെരുമാറിയാലും മമ്മുക്ക വരുമ്പോൾ ഒരു സൂപ്പർസ്റ്റാർ വരുന്നെന്ന് നമുക്ക് തോന്നും.
പണ്ടുതൊട്ടേ മമ്മൂക്കയെ ഭയങ്കര ഇഷ്ടമായിരുന്നു. മഹാനഗരം എന്ന സിനിമ അഭിനയിക്കാൻ പോയപ്പോഴാണ് ആദ്യമായി മമ്മൂക്കയെ കണ്ടത്. ഒരാളോട് അങ്ങോട്ട് കേറി സംസാരിക്കാൻ ഭയങ്കര മടിയുള്ള ആളാണ് ഞാൻ. ഇഷ്ടവും ആരാധനയുമൊക്കെ മനസിലുണ്ടെങ്കിലും ഞാൻ മമ്മൂക്കയെ നോക്കണേയില്ല. അദ്ദേഹം ദൂരെ ഇരിക്കുന്നുണ്ട്, എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത് പോയി നമസ്‌കാരം പറയുന്നുണ്ട്. എന്നെക്കണ്ടു. കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം ഇങ്ങോട്ട് വന്ന് നമസ്‌കാരം ഞാൻ മമ്മൂട്ടിയെന്ന് പറഞ്ഞു. ഞാൻ നമസ്‌കാരം പറഞ്ഞ് ചാടിയെണീറ്റു.
മമ്മൂക്ക എന്ത് കഴിച്ചിട്ടാ ഇത്ര സൗന്ദര്യമെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. നിങ്ങൾ കഴിക്കുന്നത് ഞാൻ കഴിക്കുന്നില്ല അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് മമ്മൂക്ക എന്താ കഴിക്കുന്നതെന്ന് ഞാൻ നോക്കി. മേശപ്പുറത്ത് ഇഷ്ടം പോലെ ഭക്ഷണം ഉണ്ട്. കൂടെയിരിക്കുന്നവർക്കൊക്കെ മമ്മൂക്ക കൊടുക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സാധനം കഴിക്കുന്നുണ്ട്. വരിച്ചുവാരിയൊന്നും കഴിക്കുന്നില്ല.' -സീനത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |