SignIn
Kerala Kaumudi Online
Saturday, 27 April 2024 2.02 AM IST

കർമ്മകാരുണ്യത്തിന്റെ മാതൃക

parvathiamma

സഹോദരൻ അയ്യപ്പന്റെ പത്‌നിയും സേവനത്തിന്റെയും കർമ്മധീരതയുടെയും പ്രതീകവുമായിരുന്ന പാർവതിഅമ്മ വിടപറഞ്ഞിട്ട്

ഇന്ന് 24 വർഷം.

.............................

കേരള സാമൂഹ്യ- രാഷട്രീയ- നവോത്ഥാന രംഗത്ത് ഏറ്റവും തിളങ്ങിനിന്ന മാതൃകാ ദമ്പതികളായിരുന്നു സഹോദരൻ അയ്യപ്പനും പാർവതിഅമ്മയും.

1902 ജൂലായ് 12 നാണ് പാർവതിയുടെ ജനനം. മാതാപിതാക്കൾ തൃശൂർ ജില്ലയിലെ പ്രസിദ്ധമായ എരിത്തേലി തറവാട്ടിലെ അംഗങ്ങൾ ഇ.കെ. അയ്യാക്കുട്ടിയും അമ്മുക്കുട്ടിയും. കുടുംബത്തിലെ എല്ലാവരും ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നവർ. ഗുരു ആ ഭവനം സന്ദർശിക്കുമ്പോൾ ദർശിക്കാനെത്തുന്നവർ നിരവധി. അവർക്ക് നൽകാനുള്ള കൽകണ്ടവും മുന്തിരിങ്ങയും തൃപ്പാദങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നത് പാർവതിയും.

ജുഡീഷ്യൽ ഒാഫീസറുടെ മകളായിരുന്നിട്ടുകൂടി പാർവതിഅമ്മ ഉൾപ്പടെയുള്ള ഇൗഴവ വിദ്യാർത്ഥികളെ പ്രത്യേക ബെഞ്ചിലാണ് ഇരുത്തിയിരുന്നത്. ഇന്റർവെല്ലിന് പുറത്തുപോയി മടങ്ങിവരുമ്പോൾ അവർ ഇരുന്ന ബെഞ്ചിൽ "" കള്ളെടുക്കുന്ന സ്ഥലം'' എന്നെഴുതിവച്ചിരിക്കും. അതിനുശേഷമാണ് മേൽജാതിക്കാരായ കുട്ടികളെ എല്ലാരംഗത്തും തോല്പിക്കണമെന്ന വാസന ഉള്ളിലുദിച്ചത്.

വിദ്യാഭ്യാസകാലത്തുതന്നെ നന്നായി വായിക്കുമായിരുന്നു അവർ. എസ്.എസ്.എൽ.സി പാസാകുന്നതിന് മുൻപുതന്നെ അയ്യാക്കുട്ടി മുൻസിഫ് (പിന്നീടദ്ദേഹം ജഡ്ജിയായി) തൃശൂർ കൂർക്കഞ്ചേരിയിൽ വിശാലമായ പറമ്പുവാങ്ങി ശാന്തിഭവനം നിർമ്മിച്ച് അവിടേക്ക് താമസം മാറ്റിയിരുന്നു. നേരത്തെ പാർത്തിരുന്ന ഭവനവും പറമ്പും ഒരു ക്രിസ്തീയസഭയ്ക്ക് വിറ്രു. അവരവിടെയൊരു പള്ളി പണിത് അവരുടെ ആസ്ഥാനമാക്കി മാറ്റി. മദ്രാസിൽ ക്യൂൻ മേരി കോളേജിൽ നിന്നാണ് പാർവതിഅമ്മ ബിരുദമെടുത്തത്. അവിടെനിന്നും എൻ.ടി.ടി ബിരുദവുമെടുത്താണ് നാട്ടിലെത്തിയത്. അധികം വൈകാതെ അദ്ധ്യാപികയായി ജോലിയും ലഭിച്ചു. സഹപാഠിയായിരുന്ന അദ്ധ്യാപികയുടെ കൂടി താത്പര്യമനുസരിച്ച് സിലോണി സ്കൂളിൽ അദ്ധ്യാപികയായി. അത് ബുദ്ധമതക്കാരുടെ സ്കൂളായിരുന്നു. മൂന്ന് വർഷത്തിന് ശേഷം

മടങ്ങിയെത്തിയ പാർവതി ടീച്ചർ എറണാകുളം ഗേൾസ് ഹൈസ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. ഇൗ സ്കൂളിൽ ആദ്യമായി എൻ.സി.സി സംഘടിപ്പിച്ചത് പാർവതി ടീച്ചറാണ്.

1930- ലാണ് പാർവതി ടീച്ചറും സഹോദരൻ അയ്യപ്പനും തമ്മിലുള്ള വിവാഹം നടന്നത്.

യുക്തിവാദിയായിരുന്ന സഹോദരൻ അയ്യപ്പന്റെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് ആ വ്യക്തിത്വം നേരത്തെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. പിതാവ് ഇരിങ്ങാലക്കുട മുനിസിഫായിരിക്കെ ഒരുദിവസം കോമളനായ ഒരു യുവാവ് വീടിന്റെ മുറ്റത്ത് വന്നുനിന്നുകൊണ്ട് മുൻസിപ്പ് ഉണ്ടോ? എന്ന് പാർവതിയോട് ചോദിച്ചു. '' അകത്തുണ്ട്'' പാർവതി വിനയപൂർവം മറുപടി പറഞ്ഞു. ഞാൻ ചെന്നു പറയാം ആര് വന്നെന്ന് പറയണം? ''ചെറായിയിൽനിന്ന് അയ്യപ്പൻ ''. അയ്യപ്പന്റെ അപദാനങ്ങളെക്കുറിച്ച് ഏറെ കേട്ടിരുന്ന പാർവതിയുടെ കണ്ണുകൾ തിളങ്ങി. 1930 ൽ വധൂഗൃഹത്തിൽ വച്ച് വളരെ ലളിതമായി വിവാഹം നടന്നു. സഹോദരൻ അയ്യപ്പൻ തന്റെ വിവാഹ ചെലവിന് മട്ടാഞ്ചേരി കോ -ഒാപ്പറേറ്റീവ് ബാങ്കിൽനിന്നു മുന്നൂറുരൂപ ലോണെടുത്താണ് കാര്യങ്ങൾ നിർവഹിച്ചത്. 14 രൂപ വാടകയ്ക്ക് വീടെടുത്താണ് ഇരുവരും താമസം തുടങ്ങിയത്.

1964 നവംബർ 22 നാണ് എറണാകുളം എസ്.എൻ.വി സദനത്തിൽവച്ച് ശ്രീനാരായണ സേവികാസമാജം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. പാർവതി അയ്യപ്പൻ അതിന്റെ കൺവീനറായി.

1966 മാർച്ച് ഒന്നിനാണ് ആലുവ തോട്ടുംമുഖത്തുള്ള '' ശ്രീനാരായണ ഗിരി'' പ്രവർത്തനമാരംഭിക്കുന്നത്. അതിന് ലഭിച്ച സ്ഥലത്തിനും ഒരു ലഘുചരിത്രമുണ്ട്. ഒരിക്കൽ ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ വിശ്രമിക്കവെ, കാെലപാതക കുറ്റത്താൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ, മഹാരാജാവിന്റെ ജന്മദിനം പ്രമാണിച്ച് ജയിൽ മോചിതനായ ഒരാൾ പശ്ചാത്താപത്തോടെ മോക്ഷപ്രാപ്തി ഉപദേശത്തിനുവേണ്ടി ഗുരുവിനെ സമീപിച്ചു. സഹോദര സമുദായാംഗമായ അയാൾ തനിക്ക് സ്വന്തമായുള്ള മുപ്പത് ഏക്കർ സ്ഥലം ഗുരുവിന് പാദകാണിക്കയായി നൽകി. പ്രസ്തുത സ്ഥലത്തിന് ''വാത്മീകികുന്ന് '' എന്നാണ് ഗുരുദേവൻ പേരിട്ടത്. അവിടെ പലപ്പോഴും ഗുരുദേവനും അനുചരന്മാരും ഇരുന്ന് ധ്യാനിക്കാറുണ്ടായിരുന്നു. ഗുരുദേവ സമാധിക്കുശേഷം പലപ്പോഴും സഹോദരനും പാർവതിഅമ്മയും അവിടം സന്ദർശിച്ച് വിശ്രമിച്ചിരുന്നു. ആ സ്ഥലമാണ് സഹോദരന്റെയും പാർവതിഅമ്മയുടെയും ശ്രമഫലമായി വികസിച്ച് ശ്രീനാരായണഗിരിയായി രൂപാന്തരപ്പെട്ടത്.

1968 മാർച്ച് ആറിന് സഹോദരൻ അയ്യപ്പൻ ദിവംഗതനായി. തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിൽവന്ന വാർത്തയും ചിത്രവും മറക്കാനാകില്ല മുൻമുഖ്യമന്ത്രി ആർ. ശങ്കറും പത്രാധിപർ പത്മഭൂഷൺ കെ. സുകുമാരനും കൂടി ആ ശവമഞ്ചം തോളിലേറ്റി ചിതയിലേക്കെടുക്കുന്ന രംഗം . 30-ൽപ്പരം വർഷം കൂടി പാർവതിഅമ്മ ജീവിച്ചിരുന്നു.

ജീവിതസായാഹ്നത്തിൽ പാർവതി അയ്യപ്പന് വിൽപത്രമെഴുതണമെന്നു തോന്നി. അന്നവർക്ക് സ്വന്തമായുണ്ടായിരുന്ന എം.ജി. റോഡിലെ കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ശ്രീനാരായണഗിരിക്ക് എഴുതിവയ്ക്കാനുള്ള പാർവതിഅമ്മയുടെ ആഗ്രഹം മക്കളായ ഡോ. സുഗതനും , ഐഷാ ഗോപാലകൃഷ്ണനും (ഇരുവരും കഴിഞ്ഞ വർഷമാണ് അന്തരിച്ചത്)

പൂർണമായി അംഗീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARVATHY AMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.