ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിൽ സിംബാബ്‌വെയോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്ത് നിന്നു് ഉയരുന്നത്. ഇന്ത്യയോട് തോറ്റതിന് പിന്നാലെ സിംബാബ്‌വെയോടും തോറ്റതോടെ പുറത്താകലിന്റെ വക്കിലാണ് ടീം. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം പാകിസ്ഥാൻ ടീം തോറ്റതിന്റെ നിരാശ ഇന്ത്യയോട് തീർക്കുകയാണ് മുൻ പാക് താരം ഷൊയ്ബ് അക്തർ. ഇന്ത്യയും അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനൽ ഘട്ടത്തിൽ ഇന്ത്യ പുറത്താകുമെന്നും അക്തർ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലാണ് അക്തറിന്റെ പരാമർശം.
പാക് തോൽവി തികച്ചും നിരാശാജനകമാണ്, പാകിസ്ഥാൻ ഈ ആഴ്‌ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. സെമി ഫൈനൽ കളിച്ച് ഇന്ത്യയും പുറത്താകും. അവരും അത്ര മികച്ച ടീം ഒന്നുമല്ല. അക്തർ പറഞ്ഞു. പാക്‌തോൽവിയിൽ ക്യാപൻ ബാബർ അസം മുതൽ പാക് ക്രിക്കറ്റ് ബോർഡിനെ വരെ അക്തർ വിമർശിച്ചു. യോഗ്യതയില്ലാത്ത കളിക്കാരെ വരെ ടീമിലെടുത്തുവെന്നും അക്തർ കുറ്റപ്പെടുത്തി. അക്തറിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ സിംബാബ്‌വെയോട് ഒരു റണ്ണിനാണ് പാകിസ്ഥാൻ തോറ്റത്. രണ്ടാം മത്സരവും തോറ്റതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ അനിശ്ചിതത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |