SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 PM IST

ക്രിക്കറ്റ് രംഗത്തെ തുല്യ വേതനം

photo

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനം ഏർപ്പെടുത്താനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം കായികരംഗത്തേക്ക് കടന്നുവരുന്ന വനിതകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് പ്രതിഭയുള്ളവരുടെ കടന്നുവരവ് കൂട്ടാനും ഈ തീരുമാനം ഉതകും. അതോടൊപ്പം അടുത്ത വർഷം മുതൽ വനിതാ ഐ.പി.എല്ലും വരുമ്പോൾ വനിതാ ക്രിക്കറ്റിന്റെ പ്രാധാന്യം വർദ്ധിക്കുമെന്നതിൽ സംശയമില്ല.

നൂറ്റാണ്ടുകളായി വനിതകളെ പലരംഗങ്ങളിൽ നിന്നും അകറ്റിനിറുത്തിയത് പുരുഷകേന്ദ്രീകൃതമായ അധികാര കേന്ദ്രങ്ങളാണ്. സ്‌ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന എത്രയോ മേഖലകൾ ഉണ്ടായിരുന്നു. കുടുംബം നോക്കുകയും കുട്ടികളെ വളർത്തുകയും ചെയ്യുന്നത് മാത്രമാണ് വനിതകളുടെ മേഖല എന്ന് സമൂഹത്തെയാകെ വിശ്വസിപ്പിക്കാൻ പുരുഷാധിപത്യത്തിന് കഴിഞ്ഞിരുന്നു. അടുക്കളയിൽ കഴിഞ്ഞാൽ മതി അരങ്ങത്തേക്ക് വരേണ്ട എന്നതായിരുന്നു കഴിഞ്ഞ കുറെ നൂറ്റാണ്ടുകളുടെ പഴഞ്ചൻ നിലപാട്. ഇതിന്റെ മറവിൽനടന്ന സ്‌ത്രീ വിരുദ്ധതകൾ ചില്ലറയല്ല. ഈ ദൂഷിത വലയത്തിൽ നിന്നും സ്‌ത്രീകൾ രക്ഷപ്പെട്ടത് വിദ്യാഭ്യാസം നേടിയതിലൂടെയാണ്. ഏതു രംഗത്തും പുരുഷനൊപ്പമോ അതിനപ്പുറമോ കഴിവ് തെളിയിച്ചുകൊണ്ട് നിലനിൽക്കാൻ അവർക്ക് കരുത്ത് പകർന്നത് അറിവും അക്ഷരവുമാണ്. പെൺകുട്ടികൾക്ക് റാങ്ക് ലഭിക്കുന്നത് പഴയകാലത്ത് വലിയ വാർത്തയായിരുന്നു. ഇന്നാകട്ടെ പെൺകുട്ടികൾക്ക് കിട്ടിക്കഴിഞ്ഞ് ബാക്കിയുള്ളതാണ് ആൺകുട്ടികൾക്ക് ലഭിക്കുന്നത് എന്നായി സ്ഥിതി. പർവതാരോഹണത്തിലും ട്രക്ക് ഓടിക്കുന്നതിലും പാറ പൊട്ടിക്കുന്നതിലും പട്ടാളത്തിലുമെല്ലാം സ്‌ത്രീകൾ ശക്തമായ സാന്നിദ്ധ്യമായി മാറിയ കാലഘട്ടമാണിത്. എന്നാൽ ഇപ്പോഴും വേതനം നൽകുന്ന കാര്യത്തിൽ ചില അപൂർവം മേഖലകളിൽ വിവേചനം നിലനിൽക്കുന്നുണ്ട്. അതും പരിപൂർണമായി മാറുമെന്ന പ്രതീക്ഷ നൽകുന്നതാണ് പുരുഷ താരങ്ങൾക്കുള്ള അതേ മാച്ച് ഫീ വനിതാ താരങ്ങൾക്കും നൽകാനുള്ള ബി.സി.സി.ഐയുടെ തീരുമാനം.

ന്യൂസിലൻഡിന് പിന്നാലെ പ്രതിഫലത്തിൽ തുല്യത നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. പുതിയ നയമനുസരിച്ച് വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്കെന്ന പോലെ ടെസ്റ്റിന് 15 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് നാല് ലക്ഷമായിരുന്നു. ഏകദിനത്തിന് മുൻപ് ഒരുലക്ഷം കിട്ടിയിരുന്നിടത്ത് ഇനി ആറ് ലക്ഷവും ട്വന്റി 20യ്ക്ക് മൂന്ന് ലക്ഷവും ലഭിക്കും. ഐ.പി.എല്ലിലും മറ്റും മികച്ച കളിയിലൂടെ താരമൂല്യം ഉയർത്തുന്ന വനിതാ താരങ്ങൾക്ക് ഗ്രേഡ് നിശ്ചയിച്ച് അതനുസരിച്ച് ഉയർന്ന പ്രതിഫലം നിശ്ചയിക്കാനും വരുംകാലങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ക്രിക്കറ്റിൽ മാത്രമല്ല മറ്റ് കായിക മേഖലകളിൽ ഇത്തരം വിവേചനം നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാനുള്ള തീരുമാനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഉണ്ടാകേണ്ടതാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ ബി.സി.സി.ഐയുടെ ഈ ചരിത്ര തീരുമാനം വഴിത്തിരിവായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN WOMEN CRICKETRES TO GET EQUAL PAY AS MEN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.