ടോക്കിയോ : എപ്പോഴെങ്കിലും ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്ന് സ്വന്തം കൈകൊണ്ട് തയാറാക്കിയ ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചിട്ടുണ്ടോ ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. സ്വയം പാകം ചെയ്ത് കഴിക്കാനാണെങ്കിൽ വീട്ടിൽ തന്നെ പോരേ. എന്തിനാണ് റെസ്റ്റോറന്റ് വരെ പോകുന്നതെന്ന് ആർക്കും സംശയം തോന്നാം. എന്നാൽ ജപ്പാനിലെ ഒരു റെസ്റ്റോറന്റിൽ അങ്ങനെയൊരു അവസരമുണ്ട്. ഒസാക്കയിലെ സാവുഒ റെസ്റ്റോറന്റിലാണ് ഈ സംവിധാനമുള്ളത്.
റെസ്റ്റോറന്റിന്റെ സമീപത്ത് ഒരു കുളമുണ്ട്. റെസ്റ്റോറന്റിൽ എത്തുന്ന കസ്റ്റമേഴ്സിന് ഈ കുളത്തിൽ നിന്ന് മീനെ പിടിക്കാൻ അവസരമുണ്ട്. റെസ്റ്റോറന്റിന്റെ ഒരു വശത്താണ് മനോഹരമായ കുളം. റെസ്റ്റോറന്റിന്റെ വശത്ത് നിന്നോ അല്ലെങ്കിൽ കുളത്തിൽ ഒരുക്കിയിരിക്കുന്ന ബോട്ടിൽ നിന്നോ മീനെ പിടിക്കാം. കസ്റ്റമർ മീനെ പിടിച്ചാൽ അത് ആഘോഷിക്കാൻ റെസ്റ്റോറന്റ് അധികൃതർ പ്രത്യേക അറിയിപ്പ് നടത്തും. പിടിച്ച മീനുമൊത്തുള്ള കസ്റ്റമറിന്റെ ചിത്രം റെസ്റ്റോറന്റ് അധികൃതർ പകർത്തും. ശേഷം മീൻ നേരെ ഷെഫിന്റെ കൈകളിലേക്കാണ് പോകുന്നത്.
സഷിമി, ഡീപ്പ് ഫ്രൈഡ് ഫിഷ് തുടങ്ങി കസ്റ്റമറിന്റെ ഇഷ്ടാനുസരണമുള്ള വിഭവങ്ങൾ തീൻമേശയിലേക്ക് വൈകാതെ എത്തും. സ്വയം മീൻപിടിത്തം നടത്തുന്ന കസ്റ്റമേഴ്സിന് ഡിസ്കൗണ്ടും ലഭ്യമാണ്. നല്ല ഫ്രഷ് മീൻ കൊണ്ടുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രയോജനം. കുളത്തിൽ കാണപ്പെടുന്ന റെഡ് സ്നാപ്പർ ഫിഷിന് മാർക്കറ്റിൽ 4,180 ജാപ്പനീസ് യെൻ ആണ് വില.
എന്നാൽ കസ്റ്റമർ സ്വയം മീൻ പിടിച്ചാൽ ഇത് 3,244 യെന്നിന് സ്വന്തമാക്കാം. എന്നാൽ, 110 യെൻ കൂടി അധികം നൽകണം. മീൻ പിടിക്കാനുള്ള വസ്തുക്കളുടെ വാടകയാണിത്. കസ്റ്റമേഴ്സിന് മീൻ പിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ റെസ്റ്റോറന്റിലെ സ്റ്റാഫുകൾ സഹായത്തിനും ഉപദേശത്തിനും എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |