അറ്റാദായത്തിലും മികച്ചനേട്ടം
കൊച്ചി: കിട്ടാക്കട പ്രതിസന്ധി മറികടക്കാനും ലാഭട്രാക്കിൽ കുതിക്കാനും കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യബാങ്കുകൾ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. നടപ്പു സാമ്പത്തിക വർഷത്തെ (2022-23) രണ്ടാംപാദത്തിൽ (ജൂലായ്-സെപ്തംബർ) ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്‌തി (ജി.എൻ.പി.എ/കിട്ടാക്കടനിരക്ക്) 3.24 ശതമാനത്തിൽ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞനിരക്കായ 2.46 ശതമാനത്തിലെത്തി.
അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.12 ശതമാനത്തിൽ നിന്ന് 0.78 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞ 34 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണിത്. കഴിഞ്ഞപാദത്തിൽ ഫെഡറൽ ബാങ്കിന്റെ ലാഭം 53 ശതമാനം വർദ്ധിച്ച് എക്കാലത്തെയും ഉയരമായ 704 കോടി രൂപയിലുമെത്തി.
തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 6.65 ശതമാനത്തിൽ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തിൽ നിന്ന് 2.51 ശതമാനത്തിലേക്കും കഴിഞ്ഞപാദത്തിൽ മെച്ചപ്പെട്ടു. ബാങ്കിന്റെ ലാഭം 187.06 കോടി രൂപയിൽ നിന്നുയർന്ന് 223.10 കോടി രൂപയിലുമെത്തി.
തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ (മുമ്പ് കാത്തലിക് സിറിയൻ ബാങ്ക്) മൊത്തം നിഷ്ക്രിയ ആസ്‌തി പാദാടിസ്ഥാനത്തിൽ 1.79 ശതമാനത്തിൽ നിന്ന് 1.65 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.60 ശതമാനത്തിൽ നിന്ന് 0.57 ശതമാനത്തിലേക്കും താഴ്‌ന്നു. ലാഭം 31 ശതമാനം കുതിച്ച് 235.07 കോടി രൂപയിലുമെത്തി.
തൃശൂർ കേന്ദ്രമായുള്ള ധനലക്ഷ്‌മി ബാങ്കും കിട്ടാക്കടം മികച്ചരീതിയിൽ നിയന്ത്രിക്കുന്നുണ്ട്. നടപ്പുവർഷത്തെ ഒന്നാംപാദത്തിൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്‌തി പാദാടിസ്ഥാനത്തിൽ 9.27ൽ നിന്ന് 6.35 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 4.58ൽ നിന്ന് 2.69 ശതമാനത്തിലേക്കും താഴ്‌ന്നു.
മികവിന്റെ വഴികൾ
കിട്ടാക്കട വായ്‌പകൾ അതിവേഗം തിരിച്ചറിഞ്ഞും വായ്‌പ തിരിച്ചുപിടിക്കാൻ മികച്ച നടപടികളെടുത്തുമാണ് ബാങ്കുകൾ നിഷ്‌ക്രിയ ആസ്‌തി തരണംചെയ്യുന്നത്. ഇതിനായി റിക്കവറിയും ലോക് അദാലത്തും ഉൾപ്പെടെ സംഘടിപ്പിക്കുന്നു. വായ്‌പ കിട്ടാക്കടമാക്കുന്ന ഇടപാടുകാർക്ക് വായ്‌പാ ക്രമീകരണത്തിന് അവസരം നൽകിയും നിഷ്‌ക്രിയ ആസ്‌തിഭാരം കുറയ്ക്കാറുണ്ട്.
തുടർച്ചയായി 90 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ വായ്‌പകളെയാണ് കിട്ടാക്കടമായി പരിഗണിച്ച് ബാങ്ക് തിരിച്ചുപിടിക്കൽ നടപടികളിലേക്ക് നീങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |