SignIn
Kerala Kaumudi Online
Friday, 26 April 2024 3.43 PM IST

ഡോ. പല്പു എന്ന നിശബ്ദ വിപ്ലവകാരി

p-palpu

ഡോ.പി. പല്പുവിന്റെ 159 -ാം ജന്മവാർഷികം ഇന്ന്

.............................

ചാതുർവർണ്യവും ജാതി വിവേചനവും തീണ്ടലും മൂലം നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ട അവർണ വിഭാഗങ്ങളുടെ സ്ഥിതിസമത്വത്തിനും പൗരാവകാശങ്ങൾക്കും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാത്യാഗിയായിരുന്ന ഡോ.പല്പുവിന്റെ ജന്മവാർഷികമാണിന്ന്. കേരളീയ നവോത്ഥാന ശില്പികളിൽ മുൻനിരയിൽ സ്ഥാനം ലഭിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്നിപാതകൾ താണ്ടിയുമാണ് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചത്.

ഇന്ത്യാ ചരിത്രത്തിലെ നിശബ്ദ വിപ്ലവകാരി എന്നായിരുന്നു സരോജിനി നായിഡു ഡോ.പല്‌പുവിനെ വിശേഷിപ്പിച്ചത്. ഈഴവ സമുദായത്തിൽപ്പെട്ട ആളായതിനാൽ തിരുവിതാംകൂർ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെതിരായി നടത്തിയ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാമുദായിക പരിഷ്‌കരണത്തിന്റെ ആരാധ്യനേതാവായിത്തീർന്നു.
ഡോ.പത്മനാഭൻ പല്പു എന്ന ഡോ.പല്പു 1863 നവംബർ രണ്ടിന് തിരുവനന്തപുരം പേട്ട നെടുങ്ങോട് കുടുംബത്തിലാണ് ജനിച്ചത്. ഈഴവരായതു കൊണ്ടു മാത്രം അവസരസമത്വം നിഷേധിക്കപ്പെട്ടവരായിരുന്നു അന്നത്തെ ഈഴവ കുടുംബങ്ങൾ.1884 ൽ മദ്റാസ് മെഡിക്കൽ കോളേജിലേക്ക് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച പല്പുവിന് ഈഴവനായിപ്പോയെന്ന കാരണത്താൽ കേരളത്തിൽ പ്രവേശനം നിഷേധിച്ചു. തുടർന്ന് മദ്റാസിലെത്തി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി.1888 ൽ മെഡിക്കൽ ബിരുദമെടുത്ത പല്പു തിരുവിതാംകൂറിൽ ഒരു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. റസിഡന്റിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന്

മദ്റാസ് സർക്കാരിന് കീഴിൽ വാക്സിൻ സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.പല്പു,1891ൽ മൈസൂർ മെഡിക്കൽ സർവീസിൽ 100 രൂപ ശമ്പളത്തിൽ ഉദ്യോസ്ഥനായി. 1894 ൽ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കൽ സ്​റ്റോഴ്സ് എന്നീ സ്ഥാപനങ്ങളുടെ ചുമതല നൽകി. 1898 ൽ മൈസൂരിൽ ഭീകരമായി പ്ലേഗ് രോഗം പടർന്നപ്പോൾ മരണപത്രം എഴുതിവച്ചശേഷം പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായി രാപ്പകൽ വിശ്രമരഹിതമായി ജോലി ചെയ്തു. പ്ലേഗ് ഡ്യൂട്ടി സ്തുത്യർഹമായി നിർവഹിച്ച പല്പുവിനെ മൈസൂർ സർക്കാർ യൂറോപ്പിൽ ഉപരിപഠനത്തിനയച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് സി.പി.എച്ച്, ലണ്ടനിൽ നിന്ന് എഫ്.ആർ.സി.പി തുടങ്ങിയ ബഹുമതികൾ നേടി മടങ്ങിയെത്തി ജോലിയിൽ പ്രവേശിച്ചു. വിവിധ തസ്തികകളിൽ 1920 വരെ സേവനം നടത്തി. ഇതിനിടെ മൈസൂർ നഗരത്തിലുണ്ടായ വിഷൂചിക ബാധയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ ഡോക്ടറായിരുന്നു ഡോ.പല്പു.
ഉപരിപഠനം കഴിഞ്ഞെത്തിയതോടെ ഡോ.പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. വിഷൂചിക എന്ന സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടത് കുടിവെള്ളത്തിലെ രോഗാണുബാധ കാരണമെന്ന് ഡോ.പല്പു കണ്ടെത്തി. എന്നാൽ കുടിവെള്ള വിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഉദ്യോഗസ്ഥൻ ആ കണ്ടെത്തലിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം അതെല്ലാം മറച്ചുവച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് സ്വദേശത്തേക്ക് മടങ്ങി. മൈസൂരിൽ പ്ലേഗ് വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ അദ്ദേഹത്തെ മടക്കി വിളിച്ചു. ഇത്തവണ ജയിൽ സൂപ്രണ്ടായി ഉദ്യോഗക്കയ​റ്റം നൽകി. ആരോഗ്യ മേഖല എക്കാലവും ആദരവോടെ സ്മരിക്കേണ്ട മാതൃകാ ഡോക്ടറായിരുന്ന ഡോ.പല്പു നീണ്ട 35 വർഷത്തെ പൊതുജന സേവനത്തിനുശേഷം വിരമിച്ചു. ആരോഗ്യരംഗത്ത് സജീവമായി നിൽക്കുമ്പോഴും പിന്നാക്ക സമുദായത്തിൽ പിറന്നു എന്ന ഏകകാരണത്താൽ ജന്മനാട്ടിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ പല്പുവിനെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു.

കഷ്ടതയനുഭവിക്കുന്നവരോടുള്ള അനുകമ്പ സ്വജാതീയരിൽ മാത്രം ഒതുങ്ങിയില്ല. കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ നിരവധി ലേഖനങ്ങളെഴുതി. തിരുവിതാംകൂർ മഹാരാജാവിന് 1891ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ സാമൂഹികനീതി ലഭ്യമാക്കാനുള്ള മുന്നേ​റ്റമായിരുന്നു. ഡോ.പല്പു മൂന്നാമനായി ഒപ്പുവച്ച് സമർപ്പിച്ച ഹർജിക്ക് മറുപടിയായി 1891 ഏപ്രിൽ 21 ന് സർക്കാർ നൽകിയ മറുപടി അനുകൂലമായിരുന്നില്ല. ഇതിൽ ക്ഷുഭിതനായ ഡോ.പല്പു ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. ഭൂരിപക്ഷം ജനങ്ങളോടുമുള്ള സർക്കാരിന്റെ മനുഷ്യത്വമില്ലാത്ത പെരുമാ​റ്റം ഒഴിവാക്കാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു ഭീമഹർജി സർക്കാരിന് സമർപ്പിക്കാൻ ഒപ്പുകൾ ശേഖരിക്കാൻ മുന്നിട്ടിറങ്ങി.1896 സെപ്തംബർ മൂന്നിന് സമർപ്പിച്ച 13176 പേർ ഒപ്പിട്ട ഭീമഹർജിയാണ് 'ഈഴവ മെമ്മോറിയൽ' എന്ന പേരിൽ ചരിത്രത്തിലിടം നേടിയത്.

തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ അഞ്ചുരൂപയ്ക്ക് മുകളിൽ ശമ്പളമുള്ള ഒരു ജോലിയും അന്ന് ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാദ്ധ്യതയും അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞിരുന്നു. ജനിച്ച മണ്ണിൽ തന്നോട് കാട്ടിയ അനീതിക്കെതിരെ പോരാടാനാണ് അദ്ദേഹം തീരുമാനിച്ചത്. ഈഴവരുടെ സാമൂഹിക, സാമ്പത്തിക,രാഷ്ട്രീയ ശാക്തീകരണം ജീവിതവ്രതമാക്കിയ പല്പുവിന്റെ അടുത്തശ്രമം അവരെ സംഘടനയിലൂടെ ശക്തരാക്കുക എന്നതായിരുന്നു. ഈഴവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിനിടെ സ്വാമി വിവേകാനന്ദൻ നൽകിയ ഉപദേശമാണ് ജീവിതത്തിൽ വഴിത്തിരിവായത്.1891 ൽ സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ ഡോ.പല്പുവിന്റെ അതിഥിയായി താമസിച്ചു.

'നിങ്ങളുടെ രാജ്യത്ത് നിന്നുതന്നെ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരിക്കും ഫലപ്രദം' എന്ന ഉപദേശം അദ്ദേഹത്തെ ശ്രീനാരായണഗുരു സന്നിധിയിലെത്തിച്ചു. ഡോ. പല്പുവിന്റെ ആശയങ്ങളും കർമ്മപരിപാടികളും ഗുരുവിന് ഇഷ്ടമായി. സാമൂഹികനീതി ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി 1903 മേയ് 15 ന് ഗുരുവിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും ശ്രീനാരായണധർമ്മ പരിപാലന യോഗം ജന്മമെടുത്തു. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ.പല്പു ഉപാദ്ധ്യക്ഷനും കുമാരനാശാൻ സെക്രട്ടറിയുമായി യോഗം പ്രവർത്തനം ആരംഭിച്ചു. താൻ അനുഭവിച്ച പരാധീനതകളും അപമാനങ്ങളും വേദനകളും താൻ ജനിച്ചുവളർന്ന സമുദായത്തിന്റെ പരാധീനതകളും വേദനകളുമായിത്തന്നെ അദ്ദേഹം കണ്ടു. വ്യക്തിപരമായ സുഖസൗകര്യങ്ങളെക്കാൾ സമുദായത്തിന്റെ പരാധീനതകൾക്കാണ് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം ചിന്തിച്ചു. അതിനായി സമർപ്പിച്ച ജീവിതമായിരുന്നു ഡോ.പല്പുവിന്റേത്. സാമൂഹ്യ പരിഷ്‌‌കർത്താവെന്ന നിലയിൽ ഡോ. പല്പുവിന്റെ പരിശ്രമങ്ങൾ എക്കാലവും ഓർക്കപ്പെടേണ്ടതാണ്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികനീതി പൂർണമായും ഉറപ്പാക്കുകയും നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് വർത്തമാനകാലത്തും അനിവാര്യമായിരിക്കുന്നു. ഇതിനായി ഡോ.പല്പു നടത്തിയ സമാനതകളില്ലാത്ത പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR PALPU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.