SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 PM IST

സർക്കാർ ജീവനക്കാരെ എന്തിനു മാറ്റിനിറുത്തണം?

photo

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻപ്രായം അറുപതായി ഏകീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് സ്വാഗതാർഹമാണ്. ഒന്നരലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. അതല്ല പ്രധാനകാര്യം. ഏറ്റവും കൂടുതൽപേർ പണിയെടുക്കുന്ന വൈദ്യുതി ബോർഡ്, കെ.എസ്.ആർ.ടി.സി, ജലഅതോറിട്ടി എന്നിവയിലേക്കും ഈ തീരുമാനം താമസിയാതെ ചെന്നെത്തുമെന്നത് വലിയ കാര്യമാണ്. പിന്നീടുള്ളത് അഞ്ചരലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രശ്നമാണ്. സർവീസ് സംഘടനകൾ എത്രയോ കാലമായി മുന്നോട്ടുവച്ചിട്ടുള്ള ആവശ്യമാണത്. യാതൊരു യുക്തിയുമില്ലാത്ത വാദഗതികൾ ഉയർത്തി ഈ ആവശ്യത്തോട് മാറിമാറി വന്ന സർക്കാരുകൾ മുഖം തിരിഞ്ഞുനിൽക്കുകയാണ്. പെൻഷൻപ്രായം നിലവിൽ 56 വയസാണ്. നേരത്തെ ഇത് അൻപത്തഞ്ചായിരുന്നു. അത് ഉയർത്തണമെന്ന് ശമ്പള കമ്മിഷൻ റിപ്പോർട്ടിലും ശുപാർശയുണ്ടായിരുന്നു. പാർട്ടിഭേദമെന്യേ യുവജന സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു മുമ്പിൽ സർക്കാർ ഈ വിഷയത്തിൽ താളംചവിട്ടുകയാണ്. പെൻഷൻപ്രായം കൂട്ടിയാൽ യുവജനങ്ങൾക്ക് അവസരം നഷ്ടമാകുമെന്നാണ് അവരുടെ ആശങ്ക. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻപ്രായം ഇവിടെയാണെന്ന യാഥാർത്ഥ്യം ഓർക്കാതെയാണ് ഈ വാദം.

രാജ്യത്ത് ആയുർദൈർഘ്യം എഴുപതും കടന്നു നിൽക്കുകയാണിപ്പോൾ. വികസിതരാജ്യങ്ങളിൽ അറുപതു കഴിഞ്ഞ ധാരാളം പേർ തൊഴിൽ മേഖലകളിൽ ഏറെ സജീവമാണ്. ഇവിടെയാകട്ടെ നല്ല ആരോഗ്യവും വൈദഗ്ദ്ധ്യവുമുള്ളവർ അൻപത്തിയാറാം വയസിൽ അടിത്തൂൺപറ്റി വീട്ടിലിരിക്കണമെന്നു പറയുന്നതിലെ വിവേകശൂന്യത യുവജന സംഘടനകൾ മനസിലാക്കുന്നില്ല. എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലെ രജിസ്റ്ററുകളിൽ കടന്നുകൂടിയ ലക്ഷക്കണക്കിനു അഭ്യസ്തവിദ്യർക്ക് മുഴുവൻ ജോലി നൽകാൻ സർക്കാരിനു കഴിയില്ല. പി.എസ്.സി വഴി ഒരുവർഷം പരമാവധി ഇരുപതിനായിരത്തിനപ്പുറം പേർക്ക് ജോലി ലഭിക്കാറില്ല. തൊഴിലില്ലാത്തവർ എന്ന വിവക്ഷയ്ക്ക് പൊതുവേ സർക്കാർ ജോലിയില്ലാത്തവർ എന്നേ അർത്ഥമുള്ളൂ.

കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിട്ടി എന്നീ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം ഏകീകരിച്ച് അറുപതാക്കുന്ന പ്രശ്നത്തിൽ പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അധികം വൈകാതെ ഈ സ്ഥാപനങ്ങളിലും പെൻഷൻപ്രായം ഉയർത്തേണ്ടിവരുമെന്നു തീർച്ച. അപ്പോൾ സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെ ഉയർത്തുന്ന വാദമുഖങ്ങൾക്കും പ്രസക്തിയില്ലാതാവും. പല വിദഗ്ദ്ധസമിതികളും ശമ്പള കമ്മിഷനുകളും പെൻഷൻപ്രായം ഉയർത്തണമെന്ന ശുപാർശയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇപ്പോഴത്തെ 56 എന്നത് ഒരു വർഷമെന്ന നിലയിൽ കൂട്ടിക്കൂട്ടി അറുപതിലെത്തിക്കാമെന്നുവരെ ശുപാർശയുണ്ട്. ഘട്ടം ഘട്ടമാക്കാതെ ഒറ്റയടിക്ക് അറുപതാക്കുന്നതാണ് യുക്തിയും ഔചിത്യവും.

സർക്കാരിനു കീഴിലുള്ള 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആറ് സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകളിലെയും ജീവനക്കാർക്കാണ് സർക്കാർ തീരുമാനപ്രകാരം പുതിയ ആനുകൂല്യം ലഭിക്കുക. ഇവയിൽ ചില സ്ഥാപനങ്ങളിൽ നിലവിൽ 60 തന്നെയാണു പെൻഷൻപ്രായം. 58-ൽ വിരമിക്കാനിരുന്ന ഒന്നരലക്ഷത്തോളം പേർക്ക് രണ്ടുവർഷം കൂടി തുടരാൻ അവസരം ലഭിക്കുന്നത് നല്ല കാര്യം തന്നെ. അതിന്റെ ഗുണം സ്ഥാപനങ്ങളുടെ വളർച്ചയിലും പുരോഗതിയിലും പ്രതിഫലിപ്പിക്കാൻ കൂടി കഴിയണം. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവയ്ക്ക് ഗ്രേഡിംഗ് ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ മികവു മുൻനിറുത്തി നാലായി തരംതിരിച്ചാകും ആനുകൂല്യങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളാനകളാണെന്ന ആക്ഷേപം തിരുത്താൻ ഉതകുന്ന നിലയിൽ അവ അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്. പുതിയ തീരുമാനങ്ങൾ അതിനുതകട്ടെ എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA RAISES PENSION AGE TO 60
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.