SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.08 AM IST

കേരളം വിസ്മരിച്ച ശാസ്ത്ര വിസ്മയം

e-k-janaki-ammal-

ഭാരതത്തിലെ ആദ്യ സസ്യശാസ്ത്രജ്ഞയും ഭാരതത്തിലെ ആധുനിക സസ്യശാസ്ത്രത്തിന്റെയും എത്‌നോബോട്ടണിയുടെയും മാതാവുമായ ഇ.കെ. ജാനകി അമ്മാളിന്റെ 125 -ാം ജന്മവാർഷികമാണിന്ന്. രാഷ്ട്രം പത്മശ്രീ നൽകിയാണ് അവരെ ആദരിച്ചത്. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസിന്റെയും ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെയും ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. മിഷിഗൺ സർവകലാശാല ആദരസൂചകമായി എൽ.എൽ.ഡി സമ്മാനിച്ചു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ അവരുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തി.

തലശ്ശേരിയിലെ 'ഇടത്തിൽ' വീട്ടിൽ 1897 നവംബർ നാലിന് ജനിച്ചു. അച്ഛൻ ദിവാൻ ബഹാദൂർ ഇ.കെ. കൃഷ്ണൻ മദ്രാസിൽ സബ്‌ജ‌ഡ്‌ജിയായിരുന്നു.
അമ്മ ദേവി കറുവായി. അമ്മയുടെ അച്ഛൻ അയർലൻഡുകാരനായ ജോൺ ചൈൽഡ് ഹാനിംഗ്ടൺ തിരുവിതാംകൂറിലെ റസിഡന്റായിരുന്നു.

തലശ്ശേരിയിലെ ചേറ്റംകുന്നിലെ സേക്രട്ട് ഹാർട്ട് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മദ്രാസിലെ ക്വീൻസ് മേരി കോളേജിൽനിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദവും നേടി. മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളേജിൽ രണ്ടുവർഷം അദ്ധ്യാപികയായി . 1921ൽ അമേരിക്കയിലെ മിഷിഗൺ സർകലാശാലയിൽ നിന്ന് സ്‌കോളർഷിപ്പോടെ ബിരുദാനന്തരബിരുദം നേടി. ഇന്ത്യയിൽ തിരിച്ചെത്തി മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപനം തുടർന്നു. 1931ൽ അതേ സർവകലാശാലയിൽ നിന്ന് ആദ്യ ബാർബോർ സ്‌കോളർഷിപ്പോടെ പിഎച്ച്.ഡിക്ക് തുല്യമായ ഡിഎസ്‌സി കരസ്ഥമാക്കി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യവനിതയായി.
1932 - 34 കാലഘട്ടത്തിൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിപ്പിച്ചു.

1934 ൽ കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ജനിതക ശാസ്ത്രജ്ഞയായി. ഹൈബ്രിഡുകളുടെ ക്രോസ് ബ്രീഡിംഗിലൂടെ പോളിപ്ലോയിഡ് വഴി ഇന്ത്യൻ സാഹചര്യങ്ങളിൽ തഴച്ചുവളരുന്ന സക്കാറം സീ , സക്കാറം എറിയാന്തസ് , സക്കാറം ഇംപെറാറ്റ് , സക്കാറം സോർഘം തുടങ്ങി സങ്കരയിനം വിത്തിനങ്ങൾ ഉത്പാദിപ്പിച്ചു. കരിമ്പിനെയും മുളയെയും തമ്മിൽ വർഗ്ഗസകരണം നടത്തി 63.32 എന്ന സങ്കരയിനം കരിമ്പുണ്ടാക്കി. സക്കാരം സ്‌പോണ്ടേനിയം എന്നയിനം കരിമ്പ് ഇന്ത്യയിലാണ് ഉത്ഭവിച്ചതെന്ന് സ്ഥാപിച്ചു. ഉയർന്ന വിളവ് നൽകുന്ന സങ്കരയിനം വഴുതനയും വികസിപ്പിച്ചെടുത്തു.

ലണ്ടനിലെ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1940 മുതൽ 1945 വരെ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായി പ്രവർത്തിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ഡോ. സി.ഡി. ഡാർലിംഗ്ടണുമായി ചേർന്ന് 10,000ലധികം സസ്യങ്ങളുടെ ക്രോമസോം പഠനം നടത്തി ഇരുവരും ചേർന്ന് 'ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്' എന്ന പുസ്തകം രചിച്ചു.
1945 മുതൽ 1951 വരെ വൈസ്‌ലിയിലെ റോയൽ ഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയിലും പ്രവർത്തിച്ചു. ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസികളുടെ സസ്യവിജ്ഞാനീയം തേടി രാജ്യത്തിന്റെ ഏറ്റവും വിദൂരപ്രദേശങ്ങളിൽ ചെലവഴിച്ചു.

1951ൽ പ്രധാനമന്ത്രി നെഹ്റു ജാനകി അമ്മാളിനെ
ഇന്ത്യയിലേക്ക് ക്ഷണിച്ചു. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ പുനഃസംഘടിപ്പിക്കുകയായിരുന്നു ദൗത്യം. 1954 വരെ സ്‌പെഷൽ ഓഫീസറായി പ്രവർത്തിച്ചു. അഞ്ചുവർഷം അലഹബാദ് സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായിരുന്നു.

സൈലന്റ് വാലിയിൽ കുന്തിപ്പുഴയ്ക്ക് കുറുകെ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ പ്രധാന പങ്കുവഹിച്ചു.
1984 ഫെബ്രുവരി ഏഴിന് ഓർമ്മയായി.


ലേഖകന്റെ ഫോൺ - 8921505404

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E K JANAKI AMMAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.