SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.59 AM IST

സി.ആർ.പി.എഫ് ഐ.ജിയായി ആലപ്പുഴക്കാരി ആനി എബ്രഹാം

aani

കലാപമേഖലകളിൽ കുതിച്ചെത്തി കലാപകാരികളെ അടിച്ചമർത്താനുള്ള സി.ആർ.പി.എഫ് ദ്രുത കർമ്മസേനയുടെ (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) തലപ്പത്തേക്ക് ഒരു മലയാളി വനിത എത്തുകയാണ്. ആലപ്പുഴക്കാരി ആനി എബ്രഹാം ഇൻസ്പെക്ടർ ജനറൽ (ഐ.ജി) സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചാണ് ദ്രുതകർമ്മസേനയുടെ തലപ്പത്തെത്തിയത്. കേന്ദ്രസേനയായ സി.ആർ.പി.എഫിന്റെ ചരിത്രത്തിലാദ്യമായി ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ട് വനിതാ ഉദ്യോഗസ്ഥരിലൊരാളാണ് ആനി. ബീഹാർ സെക്ടർ മേധാവിയായി നിയമിതയായ ഐ.ജി സീമ ധുണ്ടിയയാണ് രണ്ടാമത്തെ വനിത.

അയോദ്ധ്യയിൽ കലാപകാലത്തും ജമ്മുവിൽ ഭൂമിക്കുവേണ്ടിയുള്ള കലാപകാലത്തുമെല്ലാം സി.പി.ആർ.പി.എഫ് സംഘത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ആനി, ലൈബീരിയയിൽ വനിതകൾ മാത്രമുള്ള ഐക്യരാഷ്ട്ര സഭയുടെ ദൗത്യസംഘത്തിന്റെ മേധാവിയായിരുന്നു. സി.ആർ.പി.എഫ് ആസ്ഥാനത്ത് ഇന്റലിജൻസ് ഡി.ഐ.ജിയായും കാശ്മീരിൽ ഓപ്പറേഷൻസ് വിഭാഗം ഡി.ഐ.ജിയായും വിജിലൻസ് ഡി.ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്. മിസോറാമിൽ പുരുഷ ബറ്റാലിയനെ നയിച്ചിട്ടുണ്ട്. സി.ആർ.പി.എഫിന്റെ സെൻട്രൽ ബറ്റാലിയനിലും ജമ്മുവിലും പ്രവർത്തിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ട് സേവാ പതക്, നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.

1986ലാണ് സി.ആർ.പി.എഫിൽ ആദ്യമായി മഹിളാ ബറ്റാലിയൻ സൃഷ്ടിച്ചത്. 1987ൽ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി. ആറ് വനിതാ ബറ്റാലിയനുകളിലായി ആറായിരം വനിതാ സേനാംഗങ്ങൾ സി.ആർ.പി.എഫിലുണ്ട്. ദ്രുത കർമ്മസേനയുടെ (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) ഐ.ജിയായാണ് ആനി എബ്രഹാമിന്റെ പുതിയ നിയമനം. വിദഗ്ദ്ധപരിശീലനം നേടിയ കലാപനിയന്ത്രണ വിഭാഗമാണിത്.

ഐ.ജിയായുള്ള നിയമനം അംഗീകാരമായി കാണുന്നുവെന്ന് ആനി എബ്രഹാം പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ആനിയുടെ മാതാപിതാക്കൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിൽ ഭോപ്പാലിലാണ് ജോലി ചെയ്തിരുന്നത്. ആനിയെ സേനയിൽ ചേർക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. പിതാവും അമ്മയുടെ ആഗ്രഹത്തെ പിന്തുണച്ചു. നിർഭാഗ്യവശാൽ ഈ പദവിയിലിരിക്കുന്നത് കാണാൻ അവർ ഇരുവരും ഒപ്പമില്ല- ആനി പറഞ്ഞു. ഇതൊരു വലിയ നേട്ടമാണെന്നതിൽ സംശയമില്ല. കേന്ദ്ര അർദ്ധസൈനിക സേനകളിലെ ജോലി വനിതകൾക്ക് ഏറെ വെല്ലുവിളികൾ ഉള്ളതാണ്. രാജ്യത്തെ ഏറ്റവും ദുഷ്കരമായ മേഖലകളിൽ തീവ്രവാദികൾക്കെതിരെ പോരാടുകയാണ് ദൗത്യം. കലാപ പ്രദേശങ്ങളിലായാലും തീവ്രവാദത്തെ നേരിടാനായാലും തിരഞ്ഞെടുപ്പായാലും ഞങ്ങൾ പ്രവർത്തിക്കുന്നത് രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ്.

സി.ആർ.പി.എഫിൽ 3.1ശതമാനം വനിതകളാണുള്ളത്. പുതിയ ദൗത്യത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ദൗത്യം. കൂടുതൽ വെല്ലുവിളികൾ ഏറ്റെടുത്ത് വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. നിരവധി ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. പരിശീലനത്തിനു ശേഷം ആദ്യത്തെ നിയമനം അയോദ്ധ്യയിലായിരുന്നു. അക്കാലത്ത് അവിടെ സംഘർഷങ്ങൾ തുടങ്ങുന്ന സമയമായിരുന്നു. എല്ലാം കൃത്യമായി ചെയ്യാനായി. നിരവധി പാഠങ്ങൾ പഠിക്കാനുമായി. കൂടുതൽ വനിതകൾ സേനയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ആനി പറഞ്ഞു.

റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ഐ.ജിയായി കടുത്ത ഉത്തരവാദിത്തമാണ് ആനിക്ക് നിർവഹിക്കാനുള്ളത്. കലാപനിയന്ത്രണം, പ്രതിഷേധങ്ങൾ നേരിടൽ, ക്രമസമാധാന ചുമതലകളിലാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കുന്നത്. വി.ഐ.പി സന്ദർശനം, വൻ ജനക്കൂട്ടമുണ്ടാവുന്ന പരിപാടികൾ എന്നിവയ്ക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന പൊലീസിനെ സഹായിക്കാനും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ നിയോഗിക്കാറുണ്ട്. അടുത്ത റിപ്പബ്ലിക് ദിന പരേഡിൽ എല്ലാ കേന്ദ്ര സായുധ സേനകളിലെയും വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ടാബ്ലോ അവതരിപ്പിക്കാനുള്ള ചുമതല കേന്ദ്രആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത് ആനിക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRPF WOMAN INSPECTOR GENERAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.