ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനവുമായി സൂര്യകുമാർ യാദവ്
SKY... ഈ മൂന്നക്ഷരത്തിലാണ് സൂര്യകുമാർ യാദവ് എന്ന 32കാരൻ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തിപ്പെടാൻ അൽപ്പം വൈകിയെങ്കിലും ഇന്ത്യൻ ജഴ്സിയണിഞ്ഞശേഷം റോക്കറ്റ് വേഗത്തിലാണ് സൂര്യയുടെ കുതിപ്പ്. ഗ്രൗണ്ടിന്റെ ഏതുഭാഗത്തേക്കും വമ്പൻ ഷോട്ടുകൾ പായിക്കാൻ ശേഷിയുള്ള സൂര്യയെ ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം എ.ബി ഡിവില്ലിയേഴ്സിനോടാണ് പലരും ഉപമിക്കുന്നത്. ട്വന്റി 20 ലോകകപ്പിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന തന്റെ പ്രതിഭയുടെ അംഗീകാരമെന്നോണമാണ് ട്വന്റി-20 ബാറ്റർമാരുടെ റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനം സൂര്യകുമാർ സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ മറികടന്നുകൊണ്ടാണ് സൂര്യകുമാർ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
2
ട്വന്റി 20 ബാറ്റർമാരുടെ റാങ്കിങ്ങില് തലപ്പത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് സൂര്യകുമാർ. ഇതിന് മുമ്പ് സൂപ്പർ താരം വിരാട് കൊഹ്ലിയാണ് ട്വന്റി 20 ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം.
863
സൂര്യകുമാർ യാദവിന് 863 റേറ്റിംഗ് പോയിന്റാണുളളത്. പട്ടികയിൽ രണ്ടാമതുളള മുഹമ്മദ് റിസ്വാന് 842 പോയിന്റും മൂന്നാമതുളള ന്യൂസിലാൻഡ് താരം ഡെവോൺ കോൺവേയ്ക്ക് 792 പോയന്റുമാണുളളത്. 780 പോയന്റോടെ പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസം നാലാം സ്ഥാനത്താണ്.
2021 മാർച്ചിൽ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് ചുരുങ്ങിയ കാലയളവിൽ ലോകത്തിലെ മികച്ച ട്വന്റി 20 ബാറ്ററായി മാറി. ഇന്ത്യയ്ക്കായി ട്വന്റി 20-യിൽ 37 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ച്വറിയും 11 അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.
വിരാട് @ 10 ദക്ഷിണാഫ്രിക്കൻ ബാറ്റർ റിലീ റൂസോയും കിവീസ് താരം ഗ്ലെൻ ഫിലിപ്സും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ഇരുവരും ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ആദ്യ പത്തിനുളളിൽ ഇടംപിടിച്ചു. ഗ്ലെൻ ഫിലിപ്സ് ഏഴാം സ്ഥാനത്തും റൂസോ എട്ടാം സ്ഥാനത്തുമാണ്. ഫോമിലേക്ക് തിരിച്ചെത്തിയ മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പത്താം സ്ഥാനത്താണുളളത്.
ഒന്നാമൻ റാഷിദ് ബൗളർമാരുടെ പട്ടികയിൽ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പിൽ ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാനിന്ദു ഹസരങ്ക രണ്ടാം സ്ഥാനത്തെത്തി. ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനാണ് ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |