SignIn
Kerala Kaumudi Online
Friday, 26 April 2024 6.37 AM IST

ലോക റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകൾക്ക് എങ്ങനെ മുന്നേറാം?

opinion

ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്സിറ്റി റാങ്കിംഗിൽ 300 നുള്ളിൽ ഇന്ത്യൻ സർവകലാശാലകളില്ല! ആദ്യ 10 റാങ്കിൽ എട്ട് അമേരിക്കൻ സർവകലാശാലകളും രണ്ട് യു.കെ സർവകലാശാലകളുമുണ്ട്. ഓക്സ്‌ഫോർഡ് സർവകലാശാലയ്ക്കാണ് ഒന്നാം റാങ്ക്. കേംബ്രിഡ്ജ് അഞ്ചാംസ്ഥാനത്താണ്. എന്നാൽ ആദ്യ 100 റാങ്കിങ്ങിൽ അമേരിക്കൻ സർവകലാശാലകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ചു കുറവാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ചൈന, മദ്ധ്യ കിഴക്കൻ മേഖലകളിൽ നിലവാരമുള്ള സർവകലാശാലകളുണ്ടെന്നാണ് ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വിലയിരുത്തൽ. ആദ്യ 100 റാങ്കിംഗിൽ 34 അമേരിക്കൻ സർവകലാശാലകളുണ്ട്. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ മുൻനിര റാങ്കിങ്ങിൽ സർവകലാശാലകളുണ്ട്. ഇന്ത്യയിൽ മുൻനിരയിൽ ഈ വർഷവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബംഗളൂരുവാണ്. ഇതിനു പിന്നിലാണ് ഐ.ഐ.ടി.കൾ.

എന്തുകൊണ്ട് 1026 സർവകലാശാലകളുള്ള ഇന്ത്യ ലോകറാങ്കിംഗിൽ പിന്നോട്ടു പോകുന്നു? ലോക റാങ്കിംഗിന് വിലയിരുത്തപ്പെടുന്നത് അണ്ടർ ഗ്രാഡുവേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, അദ്ധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, സ്‌കിൽ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയവയാണ്.

ഇന്ത്യയിൽ നിന്നും വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ട്. പ്രതിവർഷം അഞ്ചുലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശക്യാമ്പസുകളിലെത്തുന്നു. ഇതിൽ 40000 പേർ മലയാളികളാണ്. ലോകറാങ്കിംഗുള്ള എല്ലാ സർവകലാശാലകളിലും യഥേഷ്ടം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. സർക്കാർ സർവകലാശാലകളെ അപേക്ഷിച്ചു ചില ഡീംഡ്, സ്വകാര്യ സർവകലാശാലകൾ മുന്നേറുന്നു. വിദ്യാഭ്യാസരംഗത്ത് ആഗോളഗ്രാമം എന്ന സങ്കല്പം കരുത്താർജിക്കുമ്പോൾ ഇന്ത്യൻ സർവകലാശാലകൾ അക്കാഡമിക് മികവിലും ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്സുകളും വിവാദങ്ങളും രാഷ്ട്രീയ ഇടപെടലുകളും സർവകലാശാലകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശരാജ്യങ്ങളിൽ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം ശരാശരി 20000 ത്തോളമാണ്. എന്നാൽ നമ്മുടെ നാട്ടിൽ 100 വിദ്യാർത്ഥികൾക്ക് പോലും സർവകലാശാലയുണ്ട് ! ഡിജിറ്റലിനും ടെക്‌നോളജിക്കും വെവ്വേറെ സർവകലാശാലകൾ! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ രീതി ഏറെ പ്രകടമാണ്.

സമയാസമയങ്ങളിൽ പരീക്ഷ നടത്താനോ, റിസൾട്ട് പ്രഖ്യാപിക്കാനോ കഴിയുന്നില്ല. അടുത്തിടെ കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനം അത്ഭുതപ്പെടുത്തി! യു.കെ യിലും അമേരിക്കയിലും ക്യാംപസ് തുടങ്ങാൻ പോകുന്നു! കാലാകാലങ്ങളിൽ സർവകലാശാലയിലെ പരീക്ഷകളും റിസൾട്ടും സമയബന്ധിതമാക്കിയിട്ടു പോരെ വിദേശ ക്യാമ്പസ് ? സർവകലാശാലകളിൽ അക്കാഡമിക് കലണ്ടറുണ്ടെങ്കിലും പ്രവർത്തനം കലണ്ടർ അനുസരിച്ചല്ല! രാഷ്ട്രീയ പ്രവർത്തകരെ /ആജ്ഞാനുവർത്തികളെ വി.സി യാക്കിയതിന്റെ കോലാഹലം ഡൽഹിയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു.

അക്കാഡമിക് മികവ്, ഗവേഷണ മികവ്, പങ്കാളിത്ത ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, തൊഴിൽ ലഭ്യതാ മികവ് മുതലായവയിൽ ഇന്ത്യൻ സർവകലാശാലകൾ ഏറെ മുന്നേറേണ്ടതുണ്ട്. അദ്ധ്യാപകർ അദ്ധ്യാപനത്തിലും, ഗവേഷണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളിൽ ദൃശ്യമാകണം. ദേശീയ തലത്തിൽ മുന്നേറുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐ.ഐ.ടി കൾ, എൻ.ഐ.ടികൾ എന്നിവയെ മാതൃകയാക്കണം. അവിടുത്തെ മികച്ച രീതികൾ അവലംബിക്കണം. വിദേശ സർവകലാശാലകളിലെ നമുക്ക് പിന്തുടരാവുന്ന കാര്യങ്ങൾ പ്രവർത്തികമാക്കണം. അടുത്തയിടെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ ഉന്നതസംഘം വിദേശരാജ്യങ്ങൾ സന്ദർശിച്ചതിലൂടെ നേരിൽക്കണ്ട മികച്ച കാര്യങ്ങൾ സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പിലാക്കണം.

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള പുത്തൻ കോഴ്സുകളും സാങ്കേതിക വിദ്യകളും അവലംബിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ മുന്നേറണം. ദേശീയ വിദ്യാഭ്യാസനയത്തിലെ മികച്ച നിർദേശങ്ങൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും താത്‌പര്യം വിലയിരുത്തി നടപ്പിലാക്കണം. മൾട്ടി ഡിസി‌പ്ലിനറി ഗവേഷണം, അക്കാഡമിക് വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ മുതലായവ കൂടുതൽ വിപുലപ്പെടുത്താൻ ശ്രമിക്കണം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എക്സ്‌ചേഞ്ച്, സ്‌കിൽ വികസന പദ്ധതികൾ നടപ്പിലാക്കണം. കോളേജ് അദ്ധ്യാപകർക്ക് തുടർ പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസുകൾ പരിഷ്‌കരിക്കണം. ടെക്‌നോളജി അധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകണം. വിദേശ സർവകലാശാലകളുമായി ചേർന്ന് കൂടുതൽ ട്വിന്നിങ്, ഡ്യൂവൽ, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കണം. സർവകലാശാലകളിൽ കൂടുതൽ external ഫണ്ടിംഗ് പ്രോജക്ടുകൾനടപ്പിലാക്കണം.

ലോകം മാറുകയാണ്

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ കോഴ്സുകളും തൊഴിൽ മേഖലകളും രൂപപ്പെട്ടുവരും. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകും. പകരം അറിയപ്പെടാത്ത പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിഞ്ഞുവരും. 2030 ഓടെ ഓട്ടോമേഷൻ എല്ലാ മേഖലകളിലും കൂടുതലായി പ്രാവർത്തികമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ - കോമേഴ്സ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, ഇ - ഭക്ഷ്യ റീടെയ്ൽ, കൃത്രിമ ഇറച്ചി, വെർട്ടിക്കൽ കൃഷി, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വെർച്വൽ സ്വാധീനം എന്നിവ വിപുലപ്പെടും. ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വെർച്വൽ സ്വാധീനം, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി , എനർജി , സുസ്ഥിര സാങ്കേതികവിദ്യ, ജി കണക്‌ടിവിറ്റി , സോളാർ ജിയോ എൻജിനീയറിംഗ്, ഡയറക്‌ട് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രാഫ്‌ടുകൾ, പറക്കുന്ന കാറുകൾ , ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്‌ഷൻ, ഗ്രീൻ കൺസ്ട്രക്‌ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതികസൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്‌നോളജീസ് , ബയോമെഡിക്കൽ സയൻസ് , മോളിക്യൂലാർ ബയോളജി , ഹെൽത്ത് ജനറ്റിക്സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗതപോഷണം, സ്ലീപ് ടെക്‌നോളജീസ് , 3ഡി പ്രിന്റഡ് ബോൺ ഇംപ്ളാന്റുകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ് ടെക്‌നോളജി , കോമിക്സ്, സൈക്കോളജി , ബിസിനസ്സ് ഇക്കണോമിക്സ്, എഡ്യൂക്കേഷണൽ ടെക്‌നോളജിസ് , ടെക്‌നോളജി എനേബിൾഡ് ഓൺലൈൻ കോഴ്സുകൾ, വെർച്വൽ യൂണിവേഴ്സിറ്റികൾ, കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ, വാക്സിൻ നിർമ്മാണം, ഇ - അക്കൗണ്ടിംഗ് , ബ്ലോക്ക് ചെയിൻ ടെക്‌നോളജി, സംരംഭകത്വം , സ്റ്റാർട്ടപ്പുകൾ, സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്‌മെന്റ് സ്ട്രീമിംഗ്, മെറ്റാവേർസ് മുതലായവ ഭാവിയിലെ തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാകും. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് രാജ്യത്തെ സർവകലാശാലകളും മാറിയാൽ മാത്രമേ ലോക റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകൾക്ക് മുന്നേറാൻ സാധിക്കൂ!

(ലേഖകൻ ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സർവകലാശാലയിലെ പ്രൊഫസറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN UNIVERSITIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.