SignIn
Kerala Kaumudi Online
Friday, 26 April 2024 1.52 PM IST

ലോകം ഷാം എൽ ഷേക്കിൽ എത്തുമ്പോൾ

climate

മനുഷ്യന്റെ ജീവൽപ്രശ്നം ചർച്ച ചെയ്യാൻ ഈജിപ്തിലെ ഷാം എൽ ഷേക്കിൽ നടക്കുന്ന ഇരുപത്തേഴാമത് കാലാവസ്ഥ ഉച്ചകോടിയെ ലോകം പ്രതീക്ഷാ നിർഭരമായാണ് കാണുന്നത്.

2015 ൽ 170 രാജ്യങ്ങൾ പാരീസിൽ ഒത്തുചേർന്ന് ആഗോള താപനില വർദ്ധന രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയോ കഴിയുമെങ്കിൽ ഒന്നര ഡിഗ്രിയിലോ എത്തിക്കുമെന്ന് തീരുമാനിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും, ലോകത്തിന്റെ വിവിധ പ്രദേശങ്ങൾ കാലാവസ്ഥാ വ്യതിയാനം കാരണം അടിയന്തരാവസ്ഥയുടെ വക്കിലാണ് . ഐക്യരാഷ്ട്രസഭ പരിസ്ഥിതി കർമ്മ പരിപാടിയുടെ പതിമൂന്നാമത് എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് ലോകരാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് 2.8 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. നിലവിൽ ബഹിർഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45 ശതമാനം കുറച്ചാൽ മാത്രമേ ലോകം രക്ഷപ്പെടൂ എന്നും റിപ്പോർട്ടിന്റെ മുന്നറിയിപ്പുണ്ട്.

ലോകത്തെ അനിയന്ത്രിതമായ താപവർദ്ധനവിന് കാരണമായ കാർബൺ പുറന്തള്ളലിന്റെ 55 ശതമാനവും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത് .കാർബൺ അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ പ്രതിശീർഷ ബഹിർഗമനത്തിൽ ഒരു വ്യക്തി ലോകത്താകമാനം 6.3 ടൺ ഹരിതഗൃഹ വാതകങ്ങളാണ് വർഷത്തിൽ പുറന്തള്ളുന്നതെങ്കിൽ അമേരിക്കയിൽ അത് 14 ടണ്ണും റഷ്യയിൽ 13 ടണ്ണും ചൈനയിൽ 9.71 ,ബ്രസീലിൽ 7.51 ടണ്ണും ആണ് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹരിതഗൃഹ വാതകങ്ങളായ കാർബൺഡയോക്‌സൈഡ്, മീഥെയിൻ, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫ്ളൂറോ കാർബൺ, പെർ ഫ്ളൂറോ കെമിക്കൽസ് ,കാർബൺ മോണോക്‌സൈഡ് എന്നിവയുടെ ബഹിർഗമനം അപകടകരമായ രീതിയിൽ തുടരുകയാണ്. ഈ നില തുടർന്നാൽ 2100 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കടലിനടിയിലാകും. മനുഷ്യവാസമുള്ള ചെറുദ്വീപുകൾ അപ്രത്യക്ഷമാകും.

കാർബൺ പാദമുദ്ര

ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വസ്തുവോ സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാർബൺ പാദമുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങൾ ഇത് രേഖപ്പെടുത്തിവയ്ക്കാനും ഇങ്ങനെ പുറന്തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താൽ കാർബൺ ബഹിർഗമനം ഒരു പരിധി വരെ പിടിച്ചുനിറുത്താം. വ്യവസായയുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വർദ്ധിക്കാൻ തുടങ്ങി. ലോകത്താകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35 ശതമാനം പുറന്തള്ളുന്നത് ഊർജ്ജ മേഖലയിൽ നിന്നാണ് . കൃഷി, വനനശീകരണം കാട്ടുതീ എന്നിവയിൽ നിന്നും 24 ശതമാനവും വ്യവസായത്തിൽ നിന്നും 24 ശതമാനവും ഗതാഗത മേഖലയിൽ നിന്ന് 14ശതമാനവും കെട്ടിട നിർമ്മാണ മേഖലയിൽ നിന്ന് ആറ് ശതമാനവും കാർബൺ പുറന്തള്ളുന്നു . ഗ്രാമീണ മേഖലയിൽ നിന്നും 30 ശതമാനം മാത്രം കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോൾ നഗരപ്രദേശങ്ങളിൽ നിന്ന് 70 ശതമാനം കാർബണാണ് പുറന്തള്ളുന്നത് .
ലോകത്താകമാനം കാർബൺ പുറന്തള്ളുന്നവരിൽ നിന്നും തള്ളുന്നതിന് അനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. അന്തരീക്ഷത്തിലുള്ള കാർബണിന്റെ അളവ് 1970 ൽ 325 പാർട്സ് പെർ മില്യൺ ആയിരുന്നെങ്കിൽ ഇന്ന് അത് 430 പി.പി.എം ആയി വർദ്ധിച്ചു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് കാർബൺ ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് ചൈനയിലാണ്, 31 ശതമാനം. അമേരിക്ക 14 ശതമാനവും യൂറോപ്യൻ യൂണിയനും ഇന്ത്യയും ഏഴ് ശതമാനം വീതവും പുറത്തേക്ക് വിടുന്നു . കൽക്കരി ഇന്ധന ഉത്പാദനത്തിൽ നിന്നും 190 രാജ്യങ്ങൾ പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ 46 രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടില്ല.



കാർബൺ ന്യൂട്രൽ
വിവിധ പ്രവർത്തനങ്ങൾ വഴി പുറന്തള്ളപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം ,മണ്ണ് ,സമുദ്രങ്ങൾ തുടങ്ങിയവയിൽ ആഗിരണം ചെയ്യപ്പെടുന്ന കാർബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാർബൺന്യൂട്രൽ എന്ന് പറയുന്നത്. കാർബൺ കുറയ്‌ക്കുന്ന വികസനരീതി ലോകരാജ്യങ്ങൾ സ്വീകരിച്ചാൽ ഒരു പരിധിവരെ വലിയ പദ്ധതികൾ കൊണ്ടുണ്ടാക്കുന്ന കാർബൺ ബഹിർഗമനത്തെ തടയാം.
ഐ.പി.സി.സി റിപ്പോർട്ട് പ്രകാരം ലോകത്തെ 360 കോടി ജനങ്ങൾ കാലാവസ്ഥ വ്യതിയാനം കൊണ്ട് ബുദ്ധിമുട്ടുന്നു. 2022 മേയ് മാസത്തിൽ ഡൽഹിയിലെ ചൂട് 49.2 ഡിഗ്രിയായത് നമുക്ക് മുമ്പിൽ ഒരു പാഠമാണ് , ഇന്ത്യൻ മഹാസമുദ്രത്തിൽ 2022 ൽ മാത്രം വിവിധ പേരുകളിൽ പന്ത്രണ്ട് ചുഴലിക്കാറ്റുകൾ വീശിയടിച്ചു. ഇതേ കാലയളവിൽ ജൂലായിൽ യൂറോപ്പിൽ രണ്ട് ഉഷ്ണക്കാറ്റുകളും നാശം വിതച്ചു. ഭൂമിയിലെ 80 ശതമാനം ചൂട് കടലിലാണ് സൂക്ഷിക്കുന്നത് എന്നതിനാൽ കടലിലെ ചൂട് കരയിലെ ജനങ്ങളെ വളരെയേറെ ബാധിക്കുന്നു .
വാഹന സാന്ദ്രത കൂടുതലുള്ള കേരളം കാർബൺ ന്യൂട്രൽ ആകുവാൻ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട് ,കേരളത്തിൽ 1000 ജനങ്ങൾക്ക് 425 വാഹനങ്ങളുണ്ട്, ദേശീയ ശരാശരി 225 ആണ് ,കേരളത്തിൽ 1.56 കോടി വാഹനങ്ങളുണ്ട് ഒരു ചരക്ക് ലോറി ഒരു കിലോമീറ്റർ പിന്നിടുമ്പോൾ 515 ഗ്രാം കാർബൺ ഡൈഓക്‌സൈഡും 3.6 ഗ്രാം കാർബൺ മോണോക്‌സൈഡും പുറംതള്ളുന്നു. ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വിമാനങ്ങൾ പുറന്തള്ളിയത് 84322 കിലോ ടൺ കാർബൺ ആണ് ,പ്രതി ദിനം നാല് ലക്ഷം യാത്രക്കാരാണ് വിമാനത്തിൽ ഇന്ത്യയിൽ സഞ്ചരിക്കുന്നത് . 2021 ൽ ലോകത്താദ്യമായി കാലാവസ്ഥാ വ്യതിയാനം രോഗകാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടു ,മിനിട്ടിൽ 13 പേർ വീതം ലോകത്ത് വായുമലിനീകരണം കാരണം മരിക്കുന്നു. വായു മലിനീകരണം ശരാശരി ആയുസിന്റെ 2.2 വർഷം കുറയ്‌ക്കുന്നു എന്നതിനാൽ ലോകം ഗൗരവമായി കാണേണ്ട വിഷയത്തിലാണ് ലോകരാജ്യങ്ങൾ തീരുമാനമെടുക്കാൻ ഈജിപ്‌റ്റിൽ ഒത്തുകൂടുന്നത്.

ലേഖകന്റെ ഫോൺ - 9895043496

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COP 27 EGYPT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.