കീവ് : യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഹോളിവുഡ് നടനും സംവിധായകനുമായ ഷോൺ പെൻ വീണ്ടും കീവിലെത്തി. പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരങ്ങളിൽ ഒന്ന് സെലെൻസ്കിയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ ഷോൺ യുക്രെയിന് പിന്തുണയുമായി രംഗത്തെത്തുകയും യുക്രെയിനിലെ ഭീകരതകൾ ഡോക്യുമെന്ററിയായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുക്രെയിൻ അതിർത്തിയിലെ സംഘർഷങ്ങൾ ആസ്പദമാക്കി ഷോൺ പെൻ തന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്.
അധിനിവേശം ആരംഭിച്ചപ്പോൾ യു.എസിലേക്ക് മടങ്ങാതെ ചിത്രീകരണവുമായി മുന്നോട്ട് പോകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എന്നാൽ അക്രമം രൂക്ഷമായതോടെ ഷോൺ പോളണ്ടിലേക്ക് പോകാൻ നിർബന്ധിതനായി. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് ഷോൺ സെലെൻസ്കിയെ വിശേഷിപ്പിക്കുന്നത്.
' ഇത് നിങ്ങൾക്കാണ്. പ്രതീകാത്മകമായി ഇത് വെറും നിസാരമാണ്. എന്നാൽ ഇത് നിങ്ങൾക്കൊപ്പമുണ്ടെന്ന് ഞാനറിയുമ്പോൾ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതായി എനിക്ക് തോന്നും. നിങ്ങൾ വിജയിക്കുമ്പോൾ ഇത് മാലിബുവിലേക്ക് ( കാലിഫോർണിയയിലെ നഗരം ) തിരികെ എത്തിച്ചാൽ മതി. എന്റെ ഒരു ഭാഗം ഇവിടെ തുടരുന്നുണ്ടെന്ന് അറിയുന്നത് എനിക്ക് വളരെ ആശ്വാസമാണ്. " ഓസ്കാർ ട്രോഫി സെലെൻസ്കിയ്ക്ക് സമ്മാനിക്കവെ ഷോൺ പറഞ്ഞു.
രണ്ട് തവണ ഓസ്കാർ നേടിയ ഷോൺ പെൻ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്. ഷോണിന് ലഭിച്ച രണ്ട് ഓസ്കാറുകളും മികച്ച നടനുള്ളതാണ്. ' മിസ്റ്റിക് റിവറി"ലെ അഭിനയത്തിന് 2003ലാണ് ആദ്യ ഓസ്കാർ നേടിയത്. 2008ൽ ' മിൽക്കി"ലൂടെ രണ്ടാം ഓസ്കാറും നേടി. സെലെൻസ്കി പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു നടനും കൊമേഡിയനുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |