SignIn
Kerala Kaumudi Online
Friday, 26 April 2024 8.49 PM IST

തുരങ്കം വയ്ക്കുന്നത് ഗവർണറോ സർക്കാരോ ?

ulli

തുടർഭരണം കിട്ടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി ശ്രമിക്കുന്നത് കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റാനാണ്. കഴിഞ്ഞവർഷം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിന്റെ സവിശേഷത പോലും അതാണ്. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ആവർത്തിച്ച് വ്യക്തമാക്കിയ കാര്യവും ഇതുതന്നെ.

എന്നാൽ ഒരുവർഷത്തിനിപ്പുറം വീണ്ടുമൊരു നയപ്രഖ്യാപനത്തിലേക്ക് എത്തുമ്പോൾ ഗവർണർ വിജ്ഞാന സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. സി.പി.എം.സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയും എം.എൽ.എയുമായ എം.വി.ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം വെട്ടിതുറന്ന് പറഞ്ഞു. ഗവർണർ കേരളത്തിന്റെ വിജ്ഞാനസമ്പദ് വ്യവസ്ഥയേയും വികസനത്തേയും തകർക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ചിട്ടുണ്ട്.

സർവകലാശാല വിദ്യാഭ്യാസത്തിൽ പ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടാണ് ഗവർണർ വിജ്ഞാന സമ്പദ് വ്യവസ്ഥ തകർക്കുന്നതെന്നാണ് ആരോപണം. സർക്കാർ നിയമിച്ച വൈസ് ചാൻസലർമാരെ ഗവർണർ മാറ്റാൻ ശ്രമിക്കുന്നു. സുപ്രീംകോടതി വിധിയുടേയും നിയമനരീതിയിലെ സാങ്കേതികത്വവും ചൂണ്ടിക്കാട്ടിയാണ് ഇതെന്ന് ഗവർണർ ആവർത്തിക്കുമ്പോഴും സർക്കാർ അംഗീകരിക്കുന്നില്ല. ഫലത്തിൽ അത് സർവകലാശാലകളുടെ പ്രവർത്തനത്തെയും പരീക്ഷയേയും പരിഷ്കരണങ്ങളെയും പ്രതികൂലമായി ബാധിക്കും.

കേരളത്തിലെ വിജ്ഞാന

സമ്പദ് വ്യവസ്ഥ

വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം മുന്നോട്ട് പോകുന്നത്. വ്യവസായം,കൃഷി,ടൂറിസം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റം നടത്താൻ കേരളത്തിനായിട്ടില്ല. തൊഴിൽപ്രശ്നം, സാമൂഹിക മനോഭാവം, അടിസ്ഥാനസൗകര്യ വികസനങ്ങളുടെ അപര്യാപ്തത, ഭരണപരമായ പിന്തുണ, അഴിമതി തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അതിന് കാരണം. മൊത്ത ആഭ്യന്തര ഉത്പാദനം 9.50 ലക്ഷം കോടിയായിരിക്കുമ്പോൾ 3.90ലക്ഷം കോടിയാണ് പൊതുകടം. നികുതിവരുമാനം ഗണ്യമായി ഇടിഞ്ഞു. ജി.എസ്.ടി.വന്നിട്ടും പ്രതീക്ഷിച്ച വരുമാന വർദ്ധനയില്ല. കഴിഞ്ഞ ബഡ്ജറ്റിൽ കേരളത്തിന്റെ മൊത്തവരുമാനം 1.31ലക്ഷം കോടിരൂപ മാത്രമാണ്. ചെലവാകട്ടെ 2.14ലക്ഷം കോടിയും. ഒരുതരത്തിലും പ്രതീക്ഷ പുലർത്താവുന്ന നിലയിലല്ല കാര്യങ്ങൾ. ഇൗ സാഹചര്യം മറികടക്കാൻ സർക്കാർ കണ്ടെത്തിയ കുറുക്കുവഴിയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ. അതായത് വിജ്ഞാനത്തെ സാമ്പത്തിക വരുമാനത്തിനുള്ള മാർഗമാക്കി മാറ്റുക. അതായത് കേരളത്തിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവർക്ക് ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുകയും അതുപയോഗിച്ച് അവർക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ ലഭ്യമാക്കുകയും ചെയ്യുക. അങ്ങനെ സംസ്ഥാനത്തിന് വരുമാനം കണ്ടെത്തുക.

ഇതിൽ കാര്യമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ സംസ്ഥാനത്തുനിന്ന് ഏതാണ്ട് 35 ലക്ഷത്തോളം പേർ വിവിധരാജ്യങ്ങളിലായി തൊഴിലെടുക്കുന്നുണ്ട്. അതിലൂടെ 94175 കോടി രൂപയാണ് കേരളത്തിലേക്ക് പ്രതിവർഷം ഒഴുകിയെത്തുന്നത്. സംസ്ഥാനത്തിന്റെ വരുമാനം 1.31ലക്ഷം കോടിയായിരിക്കുമ്പോഴാണിത്. കൂടുതൽപേർ തൊഴിലെടുക്കാൻ വിദേശത്ത് പോയാൽ ഇൗ തുക കൂടും. 18നും 40നും ഇടയിൽ പ്രായമുള്ള 1.04 കോടി യുവാക്കളാണ് കേരളത്തിലുള്ളത്. ഇവർക്കെല്ലാം പരിശീലനം നൽകി പകുതിയിലധികം പേരെയെങ്കിലും വിദേശത്ത് തൊഴിലിന് അയച്ചാൽ കേരളത്തിന്റെ വരുമാനം കൂടും. സമ്പദ് വ്യവസ്ഥ പച്ചപിടിക്കും. മുഖ്യമന്ത്രി ഇൗയിടെ വിദേശപര്യടനം നടത്തിയതുപോലും ഇൗ ലക്ഷ്യം മുന്നിൽക്കണ്ടാണ്.

യുവാക്കൾക്കായി സംരംഭങ്ങൾ ആരംഭിച്ച് വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നാല് സയൻസ് പാർക്കുകൾ, തെക്ക് വടക്ക് ദേശീയപാതയോരത്ത് നാല് ഐ.ടി ഇടനാഴികൾ, 20 മൈക്രോ ഐ.ടി പാർക്കുകൾ, എല്ലാ ജില്ലകളിലും നൈപുണ്യ പാർക്കുകൾ എന്നിവ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. എൻജിനീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ , ആർട്സ് ആന്റ് സയൻസ് കോളേജുകൾ എന്നിവയോടുചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകളും സ്മാർട്ടപ്പുകളും ആരംഭിച്ച് പഠനത്തോടൊപ്പം പരിശീലനവും വരുമാനവും ഉറപ്പാക്കുന്ന സംവിധാനം സജ്ജീകരിക്കും. സർവകലാശാലാ കാമ്പസുകളിൽ ട്രാൻസലേഷണൽ റിസർച്ച് സെന്ററുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ബജറ്റ് മുൻഗണന നൽകിയിരുന്നു.

കണ്ടുപിടിത്തങ്ങൾ പ്രായോഗികജീവിതത്തിന് ഉതകുംവിധം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ട്രാൻസലേഷണൽ ഗവേഷണം. ഒരു സർവകലാശാലയ്ക്ക് 20 കോടിരൂപ വീതം ആകെ 200 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്. സ്വന്തമായി പുതിയ കോഴ്സുകൾ വിഭാവനം ചെയ്ത് നടപ്പാക്കാനും ബഡ്‌ജറ്റ് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകാൻ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ സ്കോളർഷിപ്പുകളായി 150 ഗവേഷണ സ്കോളർഷിപ്പുകൾ നൽകും. ഇങ്ങനെ വിജ്ഞാനസമ്പദ് വ്യവസ്ഥയ്ക്കായി സർക്കാർ സംവിധാനവും ഒരുക്കുന്നുണ്ട്. പക്ഷേ വർഷമൊന്നുകഴിഞ്ഞിട്ടും ഇതൊന്നും നടന്നില്ലെന്നത് വേറെ കാര്യം.

തൊഴിലും വിജ്ഞാനവും

തേടി വിദേശത്തേക്ക്

സർക്കാരിന്റെ പ്രഖ്യാപനങ്ങൾ നിലനില്ക്കെത്തന്നെ തൊഴിൽ മാത്രമല്ല വിദ്യാഭ്യാസവും തേടി യുവാക്കൾ വിദേശത്തേക്ക് പോകുന്ന കാഴ്ചയാണ്. കലാലയങ്ങളിലെ കലുഷിതമായ അന്തരീക്ഷവും അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന രാഷ്ട്രീയാഭിമുഖ്യവും ഗുണനിലവാരത്തിലെ കുറവും അമിതമായ രാഷ്ട്രീയ നിയമനങ്ങളും യുവാക്കൾക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയോടുള്ള ആഭിമുഖ്യം കുറയ്‌ക്കുകയാണെന്ന് കണക്കുകൾ പറയുന്നു.

ഉപരിപഠനത്തിനായി കേരളത്തിൽനിന്നും വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ഭൂരിഭാഗവും പഠനത്തിനായി കടം വാങ്ങിയാണ് കേരളം വിട്ടുപോകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചു വർഷത്തിനിടെ കേരളത്തിൽ നിന്നും മുപ്പതിനായിരത്തിലേറെ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് ചേക്കേറിയതായി റിപ്പോർട്ടിലുണ്ട്. ഭൂരിഭാഗം പേരും കാനഡ, യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

സമീപകാലത്ത് ഏകദേശം 6000 യുവാക്കളെ ഉപരിപഠനത്തിനായി കാനഡയിലേക്ക് അയച്ചതായി കൊച്ചിയിലെ പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടന്റ് സ്ഥാപനം വ്യക്തമാക്കി. ഇതിൽ 4500 പേർ യു.കെയിലേക്കാണ് പോയത്. ന്യൂസിലൻഡാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന മറ്റൊരു രാജ്യം.വിദ്യാർത്ഥികൾ പലരും ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ചെയ്യാനാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് കാനഡയാണ്. പഠനത്തോടൊപ്പം പാർട് ടൈം ജോലികൾ ചെയ്യാനുള്ള ഓപ്ഷനും കോഴ്സ് പൂർത്തിയാക്കി മൂന്ന് വർഷം വരെ രാജ്യത്ത് തുടരാനുള്ള അവസരവുമാണ് കാനഡയോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നത്.

രണ്ട് വർഷത്തെ സ്റ്റേബാക്കും പാർട് ടൈം ജോലി ചെയ്യാനുള്ള അവസരവും യു.കെയിലുമുണ്ട്.

യുക്രെയ്ൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും മലയാളികളായ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പോയിട്ടുണ്ട്.

വിദേശപഠനത്തിനായി എട്ട് ലക്ഷം രൂപ മുതൽ 35 - 45 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് പലരും പോകുന്നത്.

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കോൺഫറൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2019 മാർച്ച് വരെ കേരളത്തിലെ ബാങ്കുകളിലെ മൊത്തം വിദ്യാഭ്യാസ വായ്പകൾ 9,841 കോടി രൂപയായിരുന്നു. 2022 മാർച്ചിൽ ഇത് 11,061 കോടി രൂപയായി ഉയർന്നു.

ഭീഷണി ഗവർണർ

തന്നെയാണോ?

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് ഗവർണർ തന്നെയാണോ ഭീഷണിയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലെന്ന നിലപാടാണ് ഗവർണറുടേത്. കഴിവുള്ളവർ പുറത്ത് പോകുന്നു, അറിവില്ലാത്തവർ നാട് ഭരിക്കുന്നു എന്നാണ് ഗവർണർ പറയുന്നത്. വാസ്തവത്തിൽ കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കുകയും വ്യവസായരംഗത്തെ നോക്കുകൂലി, ട്രേഡ് യൂണിയൻ നേതാക്കൾ സംരംഭകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങൾ എന്നിവ ഒഴിവാക്കുകയും നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിന് അറുതിവരുത്തുകയും ചെയ്താൽ വിജ്ഞാന സമ്പദ് വ്യവസ്ഥ നിർബാധം മുന്നോട്ടു പോകും. രാഷ്ട്രീയപോരാട്ടങ്ങൾ ഒഴിവാക്കി നാടിന്റെ വികസനത്തിന് മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചെന്ന് ഭരിക്കുന്നവരെങ്കിലും മനസിലാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR ARIF MOHAMMAD KHAN AND KERALA GOVT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.