ന്യൂഡൽഹി: രണ്ട് ദിവസം നീളുന്ന ജി 20യുടെ 17ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലെ ബാലിയിൽ എത്തും. 45 മണിക്കൂറിനിടെ 20 സെഷനുകളിലാണ് അദ്ദേഹത്തിന് പങ്കെടുക്കേണ്ടത്. ലോകനേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകൾ, ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് മുതൽ 16 വരെ നടക്കുന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ജി 20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷ സ്ഥാനം ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയിൽ നിന്ന് പ്രധാനമന്ത്രി ഏറ്റെടുക്കും.
ഭക്ഷ്യ- ഊർജ്ജ സംരക്ഷണം, ഡിജിറ്റൽ പരിവർത്തനം, ആരോഗ്യം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഉച്ചകോടിയിൽ യുക്രെയിൻ സംഘർഷം, ആഗോള സമ്പദ് വ്യവസ്ഥ, ഭക്ഷ്യ - ഊർജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റൽ ഇടപാടുകൾ, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ആരോഗ്യം, കൊവിഡാനന്തര സാമ്പത്തിക വീണ്ടെടുക്കൽ, ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ വീക്ഷണത്തിലാണ് ഉച്ചകോടിയിൽ മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യയുടെ വിദേശനയത്തിന് ആഗോളതലത്തിൽ നേതൃത്വം നൽകുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തിലാണ് ഡിസംബർ ഒന്ന് മുതൽ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം പ്രാബല്യത്തിൽ വരുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ജി 20 നേതാക്കൾ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആയിരിക്കും പങ്കെടുക്കുന്നത്. 2023 സെപ്തംബറിൽ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ ജി 20 ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ ക്ഷണിക്കാൻ പ്രധാനമന്ത്രി മോദി ബാലി ഉച്ചകോടിയിലെ അവസരം ഉപയോഗിക്കുമെന്ന് വിനയ് ക്വാത്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |