SignIn
Kerala Kaumudi Online
Friday, 26 April 2024 4.08 PM IST

കോപ് 27; നെറ്റ് സീറോ ലക്ഷ്യമിട്ട് ഇന്ത്യ ദീർഘകാല പദ്ധതികൾ അവതരിപ്പിച്ചു

fg

കെയ്റോ: കുറഞ്ഞ കാർബൺ ഉപയോഗത്തിലൂടെയുള്ള വികസനം ലക്ഷ്യമിട്ട് ഇന്ത്യ. ഇതിനായുള്ള ഭാവി പദ്ധതികൾ ഈജിപ്തിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ പ്രഖ്യാപിച്ചു. 2070ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയുൾപ്പെടെ 56 രാജ്യങ്ങളാണ് നിലവിൽ പദ്ധതികൾ അവതരിപ്പിച്ചിട്ടുള്ളത്.

ഓരോ രാജ്യവും അതിന്റെ ദീർഘകാല പദ്ധതികൾ സമർപ്പിക്കേണ്ടതുണ്ട്. എങ്ങനെ നെറ്ര് സീറോ ലക്ഷ്യത്തിലേക്കെത്താം എന്നതാണ് പദ്ധതികളിലൂടെ വ്യക്തമാക്കേണ്ടത്. വികസിത രാജ്യങ്ങൾ 2050ഓടെ നെറ്റ് സീറോ പദവിയിലെത്തേണ്ടതുണ്ട്. കുറഞ്ഞ കാർബൺ വികസന പാതയിലേക്ക് മാറുന്നതിന് 2050ഓടെ പതിനായിരക്കണക്കിന് ഡോളർ രാജ്യത്തിനാവശ്യമായി വരും. 2060ഓടെ നെറ്റ് സീറോ കൈവരിക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന വർഷം 2070 ആണ്. വൈദ്യുതി,​ ഗതാഗതം,​ കെട്ടിടം,​ വനം എന്നീ മേഖലകളിൽ ഇന്ത്യ ഏതു തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്ന വിശദാംശങ്ങളും മാറ്രം നടത്താൻ ആവശ്യമായ ഗവേഷണ-വികസന ശ്രമങ്ങൾ,​ സാമ്പത്തിക സഹായം എന്നിവയുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. എന്നാൽ മറ്റ് രാജ്യങ്ങൾ വിശദീകരിച്ചതു പോലെ നെറ്ര്-സീറോയിലെത്തുന്നതിനിടയിലുള്ള ഇടക്കാല ലക്ഷ്യങ്ങൾ,​ സംഖ്യകൾ,​ പ്രൊജക്ഷനുകളൊന്നും തന്നെ ഇന്ത്യ വിശദീകരിച്ചില്ല. ഉദാഹരണത്തിന്,​ ഗതാഗത മേഖലയിൽ മെച്ചപ്പെട്ട ഇന്ധനക്ഷമത,​ വൈദ്യുത വാഹനങ്ങളും ഇന്ധനങ്ങളും ഉറപ്പാക്കുക,​ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ഡീ കാർബണൈസേഷൻ കൈവരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ,​ ഇതെങ്ങനെ,​എത്ര രൂപ ചെലവിൽ നടപ്പാക്കുമെന്നോ അതിനുള്ള നിക്ഷേപങ്ങൾ,​ഇടക്കാല ലക്ഷ്യങ്ങൾ,​ എന്നിവയെക്കുറിച്ചോ ഇന്ത്യ പരാമർശിച്ചില്ല. 121 പേജുള്ള പദ്ധതി ഡോക്യുമെന്റിൽ ഇടക്കാല ലക്ഷ്യങ്ങളായി ഒന്നും വ്യക്തമാക്കിയിട്ടില്ല. ദേശീയ തലത്തിൽ നിർണ്ണയിക്കപ്പെടുന്ന സംഭാവനകൾ (എൻ.ഡി.സി)​ എന്നറിയപ്പെടുന്ന ഡോക്യുമെന്റിൽ ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ മറ്റു രാജ്യങ്ങളുടേതു പോലെതന്നെ 2030 വരെയാണുള്ളത്. ഇത് ഓരോ അഞ്ച് വർഷം കൂടുമ്പോൾ അഞ്ചു വർഷത്തേയ്ക്ക് പുതുക്കേണ്ടതാണ്. കാലാവസ്ഥാ നീതി,​ സുസ്ഥിര ജീവിത ശൈലി എന്നീ ആശയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. നെറ്റ് സീറോയിലേക്കുള്ള യാത്ര അഞ്ച് പതിറ്റാണ്ട് നീണ്ടതാണ്. അതിനാൽ ഇന്ത്യയുടെ കാഴ്ചപ്പാട് മാറ്റങ്ങളുള്ളതും വഴങ്ങുന്നതുമാണ്. ആഗോള സമ്പദ് വ്യവസ്ഥ,​ അന്താരാഷ്ട്ര സഹകരണം,​ പുതിയ സാങ്കേതിക സംഭവ വികാസങ്ങൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നെന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മാറ്രി മറിക്കാനുള്ള ശ്രമം ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വാക്കുകളിൽ മാത്രം ഒതുങ്ങാതെ ക്രിയാത്മകമായി പ്രവർത്തിക്കാൻ യു.എൻ കാലാവസ്ഥാ സെക്രട്ടറി സൈമൺ സ്റ്റീൽ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉച്ചകോടി ഒരാഴ്ച പിന്നിട്ടു. വെള്ളിയാഴ്ചയാണ് സമാപനം. എന്നാൽ,​ പല ചർച്ചകളുടെയും ദൈർഘ്യം കൂടാനുള്ള സാദ്ധ്യതയുണ്ട്. മഴക്കാടുകൾ സംരക്ഷിക്കാൻ ബ്രസീൽ,​ കോംഗോ,​ ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാനും ധാരണയായി.

എന്താണ് നെറ്റ് സീറോ?​

നെറ്റ് സീറോ ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥ അപകടകരമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ആവശ്യമായ 'നെറ്ര് സീറോ' എന്താണ്?

ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്,​ മീഥെയിൻ,​ നൈട്രസ് ഓക്സൈഡ് എന്നിവയുടെ അമിതമായ പുറന്തള്ളലാണ് ആഗോളതാപനം വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിൽ ഏറ്റവും അപകടകാരി കാർബൺ ഡൈ ഓക്സൈഡാണ്. ആഗോള താപനം കുറയ്ക്കുന്നതിനായി നെറ്റ് സീറോ എന്ന ആശയം വർഷങ്ങൾ മുമ്പ് തന്നെ അംഗീകരിക്കപ്പെട്ടതാണ്. 2050ഓടെ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ തോത് കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭയും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാനാകുന്ന അളവിൽ എത്തിക്കുക എന്നതാണ് നെറ്റ് സീറോ കൊണ്ട് അർത്ഥമാക്കുന്നത്.

എങ്ങനെ കുറയ്ക്കാം

വർഷങ്ങളായുള്ള ഉപയോഗത്തിലൂടെയാണ് ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിന് അപകടകരമായ സ്ഥിതിയുണ്ടാക്കിയത്. അത്രയും തന്നെ വർഷങ്ങൾ കൊണ്ടു മാത്രമേ അവ സൃഷ്ടിച്ച അപകടാവസ്ഥ ഇല്ലാതാക്കാൻ കഴിയൂ. മറ്രൊരു തരത്തിൽ പറഞ്ഞാൽ ഇവ അന്തരീക്ഷത്തിന് അപകടകരമല്ലാത്ത രീതിയിൽ എത്തണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. മരം നട്ടു പിടിപ്പിക്കുക,​ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക,​ പ്രകൃതിദത്ത ഇന്ധനങ്ങൾ ഉപയോഗിക്കുക,​ സോളാർ പാനൽ ഉപയോഗിച്ചുള്ള വൈദ്യുതി ഉപയോഗം,​ സിമന്റ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് പരിഹാര മാർഗങ്ങൾ.

ഇന്ത്യ

ഹരിതഗൃഹവാതകം പുറന്തള്ളുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ,​ വികസ്വര രാജ്യമായ ഇന്ത്യയ്ക്ക് ഈ പ്രശ്നം വളരെ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നതല്ലായിരുന്നു. 2070ഓടെ നെറ്ര് സീറോ കൈവരിക്കുമെന്ന് ഇപ്പോൾ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.