SignIn
Kerala Kaumudi Online
Saturday, 27 April 2024 2.12 AM IST

പിന്നാമ്പുറത്തുകൂടി വരൂ; പണി തരാം

photo

പണ്ടൊക്കെ വിശേഷദിനങ്ങളിൽ നാട്ടിലെ മാന്യന്മാർക്കും പ്രമാണിമാർക്കും മുഖ്യാതിഥികൾക്കും ബന്ധുക്കൾക്കും മുറ്റത്തും പൂമുഖത്തും സ്ഥാനംകിട്ടും. വീട്ടുവേലക്കാർ, പുറംപണിക്കാർ തുടങ്ങിയവർക്ക് അടുക്കളയുടെ പിന്നാമ്പുറത്താണ് സ്ഥാനം. (ചില മന്ത്രിമന്ദിരങ്ങളിൽ നേരെ മറിച്ചാണെന്ന് കേട്ടിട്ടുണ്ട്). എന്നാൽ കാലം മാറി; കഥ മാറി. ഇന്നിപ്പോൾ വിശേഷദിനങ്ങളെല്ലാം വീടിനു പുറത്ത് ഓഡിറ്റോറിയത്തിലോ കൺവെൻഷൻ സെന്ററിലോ ആയിരിക്കും. അവിടെ കാര്യങ്ങൾ നേരെ മറിച്ചാണ്. ആയിരക്കണക്കിന് ആളുകളെ ഓടിനടന്ന് ക്ഷണിച്ച് വരുത്തി നില്ക്കാനും ഇരിക്കാനും ഇടമില്ലാത്തവിധം തിക്കുംതിരക്കുമാക്കും. എന്നാലേ നൂലുകെട്ടും കല്യാണവും നിശ്ചയവും മനസമ്മതവുമൊക്കെ കേമമാവൂ. എല്ലാം ഇവന്റ് മാനേജ്‌മെന്റിലെ തരുണീ - തരുണന്മാർ പൊടിപൂരമാക്കിക്കോളും. ഒന്നുമറിയണ്ട. പണം എണ്ണിക്കൊടുത്തിട്ട് ഭാരവാഹികൾക്ക് എവിടെയെങ്കിലും മാന്യസ്ഥാനത്ത് ഇരിക്കാം. പ്രവേശനകവാടത്തിൽ സ്വീകരിക്കാനും പൂച്ചണ്ടു നൽകാനും പൊട്ടുകുത്തിക്കാനും വേണ്ടിവന്നാൽ കൈപിടിച്ചാനയിക്കാനും മുതലുള്ള സകല ആതിഥ്യമര്യാദകളും വാടകത്തരുണിമാർ ഏറ്റെടുത്തുകൊള്ളും.

തട്ടുകടയും കടലവണ്ടിയും നാടൻ ചായക്കടയും മുതൽ കള്ളുഷാപ്പുവരെ ഉണ്ടായെന്നുവരും. അഭിരുചി ഭേദം പോലെ ഉത്സവപ്പറമ്പിലെന്ന പോലെ ചുറ്റിനടന്ന് ആസ്വദിക്കാം. തടിമിടുക്കും മെയ്യഭ്യാസവുമുള്ളവർക്ക് അകത്ത് കയറിപ്പറ്റാം. ഫോട്ടോഗ്രാഫർമാരുടെ തിരുവാതിരകളിയിൽപ്പെട്ട് ആർക്കും കെട്ടുകല്യാണം കാണാനായെന്നുവരില്ല. കല്യാണമോ കണ്ടില്ല. സദ്യയെങ്കിലും കഴിച്ച് ഭാരവാഹികളേയും കണ്ട് പോകാമെന്ന് കരുതിയാലോ? ഉൗട്ടുപുരയ്ക്കു മുന്നിൽ തൃശൂർപൂരത്തിനാളുണ്ട്. പാർലമെന്റിൽ ഒരു സീറ്റ് സംഘടിപ്പിക്കാൻ ഇത്ര വിഷമമില്ല. അത്രയ്ക്ക് ദുഷ്‌കരമാണ് സദ്യയ്ക്ക് ഒരു സീറ്റു കിട്ടാൻ! നിങ്ങൾ അത്രയ്ക്കു വേണ്ടപ്പെട്ട പൗരമുഖ്യനോ മന്ത്രിയോ എം.എൽ.എയോ സീരിയൽ താരമോ, അന്തിച്ചർച്ചാ കലാകാരനോ ആണെന്നുവയ്ക്കുക. മുഖപരിചയമുണ്ടെങ്കിൽ എളുപ്പത്തിൽ അകത്തുകടക്കാനൊരു വഴിയുണ്ട്. പാചകപ്പുരയുടെ പിന്നാമ്പുറത്തുകൂടി, പിൻവാതിൽ വഴി അകത്തുകയറി സീറ്റുപിടിക്കാം. (നമ്മുടെ വൈസ് ചാൻസലർ, അക്കാഡമി പ്രസിഡന്റ്, പി.എസ്.സി ചെയർമാൻ തുടങ്ങിയവരെപ്പോലെ...) വീട്ടുവേലക്കാരും പുറംപണിക്കാരും തൊഴിലാളികളും സാദാജനവുമെല്ലാം പ്രധാന കവാടത്തിലെ കയ്യാങ്കളിയിൽ തായം ചവിട്ടി നിന്നോളും.

കല്യാണസദ്യയുടെ പിന്നാമ്പുറസൂത്രങ്ങൾ വിശദമായി പറയാൻ കാരണമുണ്ട്. സദ്യയ്ക്ക് സീറ്റുകിട്ടിയില്ലെങ്കിലും ഒരു പണി കിട്ടിയാൽ ജീവിതം രക്ഷപ്പെടും! അതിന് കേരളത്തിൽ ഒരു വഴിയേ തെളിഞ്ഞുകിട്ടുന്നുള്ളൂ. പിന്നാമ്പുറത്തുകൂടി പ്രവേശിക്കുക. മന്ത്രിസ്ഥാനം മുതലിങ്ങോട്ട് തൂപ്പുപണിവരെ - (അത് മോശമായിട്ടല്ല; രണ്ടും ഏറെക്കുറെ ഒന്നു തന്നെ... വരുമാനമാണല്ലോ തൊഴിൽമാന്യത?) - കിട്ടാൻ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും പ്രശ്നമല്ല. വൈസ് ചാൻസലർ മുതൽ താഴോട്ടുള്ള സർവ തസ്തികകളിലും അപ്രഖ്യാപിത സംവരണമാണ്.

കല്യാണം കഴിക്കുമ്പോൾ കുറഞ്ഞപക്ഷം പിടിപാടുള്ള എം.എൽ.എ, എം.പി, യുവജന നേതാവ് എന്നിവരെ പരിഗണിക്കുക. നഴ്‌സറി മുതൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനും സമരത്തിന് മുന്നണിപ്പോരാളിയാകാനും വാർത്താതാരമാകാനും ശ്രദ്ധിക്കണം. പാർട്ടിക്ക് പൂർണമായി ദാസ്യപ്പെടണം. എല്ലാറ്റിനും പ്രധാനം ഒരു ഗോഡ്‌ഫാദറുണ്ടാകണം.

ഗവർണറുടെ പ്രീതിയോ ഗവർണറിൽ പ്രീതിയോ പ്രശ്നമല്ല. നേതാവിന് പ്രീതി വേണം. കാർഷിക - സംസ്‌കൃത - മലയാളം സർവകലാശാലകൾ നോക്കൂ. തൂണിലും തുരുമ്പിലും പാർട്ടിവീര്യം തുടിക്കുന്നു. പ്രവേശനം എല്ലാവർക്കും പിൻവാതിൽവഴി മാത്രം. ആളുംതരവും നോക്കിയാണ് പ്രവേശനം എന്നോർക്കണം.

ഉരൽ തിന്നുമ്പോഴും ഒരു വിരൽ മറവേണമെന്ന് പറയാറുണ്ട്. എന്നാൽ ഉരൽ തിന്നുമ്പോഴും ഒരു കൈ ആകാശത്തേക്ക് ഉയർത്തി മുഷ്ടിചുരുട്ടി അലറണമെന്നുള്ളതാണ് പുതിയ ചൊല്ല്! ഒരു കുഞ്ഞ് പിറക്കുമ്പോൾ ശ്രദ്ധിച്ചിട്ടില്ലേ? പൂപോലെ ചുവന്നു തുടുത്ത് ആ കൈകൾ ചുരുട്ടിപ്പിടിച്ചിരിക്കും.

ലക്ഷദ്വീപിൽ ഒരു കുഞ്ഞ് പിറക്കുന്നതുതന്നെ ഏതെങ്കിലും പാർട്ടിയിലേക്കാണത്രെ. കോൺഗ്രസോ ജനതാദളോ. ഈ രണ്ട് പാർട്ടികളേ അവിടെ പച്ചപിടിച്ചിട്ടുള്ളൂ. മറ്റുള്ള കക്ഷികൾക്ക് ഇപ്പോഴും വേരുപിടിത്തമായിട്ടില്ല. ആളുകൾ തമ്മിൽ കാണുമ്പോൾപോലും പാർട്ടി നോക്കിയേ ചിരിക്കൂ. അടിപിടി അക്രമം മോഷണം കൊലപാതകം ഇത്തരം കലാപരിപാടികൾ അവിടെ ഇല്ലേയില്ല! അവിടത്തെ പൊലീസുകാർക്ക് കാര്യമായ പണിയൊന്നുമില്ല.

പിറവിയുടെ സമയത്തെന്നപോലെ കുഞ്ഞിന്റെ കൈകൾ ചുരുട്ടിത്തന്നെയിരിക്കട്ടെ. വളർന്നുവരുമ്പോൾ വിദ്യാർത്ഥി നേതാവായും യുവജന നേതാവായും മന്ത്രിയായും മേയറായും ശോഭിക്കുന്ന കാലത്തും ഇടയ്ക്കിടെ ആകാശത്തേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം എറിയേണ്ടിവരും!

മറക്കേണ്ട, പിന്നാമ്പുറത്തുകൂടി വന്നോളൂ - പണി തരാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINNAM PURAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.