SignIn
Kerala Kaumudi Online
Friday, 26 April 2024 10.01 AM IST

രാജാവ് നഗ്‌നനല്ല!

k-sudhakaran

രാജാവ് നഗ്‌നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കൊച്ചുകുട്ടിയാണ്. പിള്ള മനസിൽ കള്ളമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. മുതിർന്നവരാകട്ടെ അവന്റെ വായ്‌ പൊത്തിപ്പിടിച്ചു. രാജാവ് ലോകോത്തരമായ വസ്‌ത്രമാണ് ധരിച്ചിരിക്കുന്നതെന്നും അതു കാണാൻ നിനക്ക് കഴിവില്ലെന്നുമുള്ള കള്ളം പറഞ്ഞാണ് അവർ ആ കുട്ടിയുടെ നാവടക്കിയത്. ഇതൊരു പഴങ്കഥയാണെങ്കിലും നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഈ പഴങ്കഥയുടെ പ്രസക്തി നാൾക്കുനാൾ കൂടിവരികയാണ് ചെയ്യുന്നത്. സത്യം പറയുന്നവൻ ക്രൂശിക്കപ്പെടണം എന്നതാണ് എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുടരുന്ന പരമ്പരാഗതരീതി. അതേസമയം കള്ളത്തരം എത്രതവണ ആവർത്തിക്കുന്നുവോ അത്രയും കൂടുതൽ കൈയടി കിട്ടും.

നെഹ്‌റുവിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞതിൽ ഒരു മാറ്റിനുപോലും കള്ളം കലർന്നിട്ടില്ല. വ്യക്തിപരമായും രാഷ്ട്രീയമായും തനിക്ക് അനിഷ്ടമുള്ളവരെപ്പോലും ഉൾക്കൊള്ളുന്ന ജനാധിപത്യവാദിയായിരുന്നു നെഹ്‌റു എന്നത് സമർത്ഥിക്കാനാണ് ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ നെഹ്‌റു തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ കാര്യം കെ. സുധാകരൻ പ്രസംഗമദ്ധ്യേ പരാമർശിച്ചത്. കോൺഗ്രസിനെ എതിർത്തിരുന്ന അംബേദ്‌‌കറെയും നെഹ്‌റു മന്ത്രിയാക്കി. എന്തിന് പല കാര്യങ്ങളിലും തന്നോട് പരസ്യമായിപ്പോലും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള സർദ്ദാർ പട്ടേലിനെ ആഭ്യന്തരമന്ത്രിയാക്കി നെഹ്‌റു. അതാണ് നെഹ്‌റുവിന്റെ മഹത്വം. ലാൽ ബഹദൂർ ശാസ്‌ത്രിയെ ഒഴിച്ചുനിറുത്തിയാൽ, നെഹ്‌റുവിനോളം ജനാധിപത്യബോധം പുലർത്തിയിട്ടുള്ള മറ്റൊരു പ്രധാനമന്ത്രിയെ, ചൂണ്ടിക്കാണിക്കാനാവില്ല. നെഹ‌്‌റുവിന്റെ മകൾ പോലും ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിന്റെ കടവിലേക്കാണ് അധികാരവഞ്ചി അടുപ്പിച്ചത്. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുവരിൽ നിന്ന് ആരോ നെഹ്‌റുവിന്റെ ഫോട്ടോ ഇളക്കിമാറ്റി. ഇതറിഞ്ഞ ഉടൻ അത് തിരികെ സ്ഥാപിക്കാൻ ഉത്തരവിടുകയാണ് വാജ്‌പേയി ചെയ്തത്. പേര് പറയാതെ ഇരിക്കുന്നതുകൊണ്ടോ ഫോട്ടോ പ്രദർശിപ്പിക്കാതെ ഇരിക്കുന്നതുകൊണ്ടോ ചരിത്രത്തിൽനിന്ന് മാറ്റി പ്രതിഷ്ഠിക്കാൻ കഴിയുന്ന നേതാവല്ല നെഹ്‌റുവെന്ന് വാജ്‌പേയി മനസിലാക്കിയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ നെഹ്‌റുവിനെ തിരസ്‌കരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാമാണ് ഇപ്പോൾ ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ സുധാകരൻ പറഞ്ഞ സത്യം കൂടുതൽ ശോഭയോടെ തിളങ്ങിനിൽക്കുന്നു.

സ്വന്തം പാർട്ടിക്കാർ തനിക്കെതിരെ കുന്തവും കുടച്ചക്രവുമൊക്കെയായി വരുന്നത് താൻ വീണ്ടും അദ്ധ്യക്ഷനാകുന്നത് തടയാനാണെന്നത് മനസിലാക്കിയാവും തനിക്ക് നാക്ക് പിഴ പറ്റിയതാണെന്ന് പറഞ്ഞ് സുധാകരൻ ഖേദം പ്രകടിപ്പിച്ചത്. ഖേദപ്രകടനം കൊണ്ടൊന്നും പ്രശ്നം തീരില്ലെന്ന് പറഞ്ഞ് സുധാകരന്റെ രക്തത്തിനായി ദാഹിക്കുന്നവർ സി.പി.എമ്മിലല്ല കോൺഗ്രസിലാണുള്ളത്. പണ്ട് രാജാവ് നഗ്‌നനാണെന്ന് പറഞ്ഞ കൊച്ചുകുട്ടിയുടെ വായ് പൊത്തിപ്പിടിച്ചവരുടെ നേർപിൻഗാമികളാണിവർ. സത്യസന്ധമായി ചിന്തിക്കുന്ന ജനം ഇവരെ തിരിച്ചറിയേണ്ട സന്ദർഭമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.