SignIn
Kerala Kaumudi Online
Saturday, 27 April 2024 8.48 AM IST

ഖത്തറിലെ കപ്പ് യൂറോപ്പിനോ ലാറ്റിനമേരിക്കയ്ക്കോ ?

photo

ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ആരാധകഹൃദയങ്ങളിൽ അലയടിക്കുന്നത് ഒരേയൊരു ചോദ്യമാണ്; കഴിഞ്ഞ നാലു ലോക കപ്പിലും യൂറോപ്യൻ രാജ്യങ്ങളാണ് കപ്പ് ഉയർത്തിയത്. ഇത്തവണ കളി മാറുമോ? അർജന്റീനയോ ബ്രസീലോ കപ്പുയർത്തുമോ?

മലയാളികൾക്ക് പൊതുവേ ലാറ്റിനമേരിക്കൻ ടീമുകളോട് കടുത്ത പ്രണയമാണ്.
എന്നാൽ ഒരു ഫുട്ബാൾ കോച്ച് എന്ന നിലയിൽ ഈ ലേഖകന്റെ അഭിപ്രായം നോക്കൗട്ട് റൗണ്ട് എത്താതെ പ്രവചനം വേണ്ട എന്നാണ് .ജൂൺ ജൂലായിൽ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് നവംബർ - ഡിസംബറിലേക്ക് മാറ്റിയപ്പോൾ സൂപ്പർ താരങ്ങളുടെ വരവ് ക്ലബ് ഫുട്ബോൾ സീസണിന്റെ മദ്ധ്യേയാണ്. അതുകൊണ്ടുതന്നെ പല ടീമുകളും പൂർണമായി സെറ്റായെന്നു പറയാനാവില്ല.
ലോകകപ്പ് ഫുട്ബോളിൽ അട്ടിമറി സാധാരണമാണ്. നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരം തോറ്റ ചരിത്രവുമുണ്ട്. യോഗ്യതാ റൗണ്ട് കടക്കാനാവാതെ ചില വമ്പന്മാരെങ്കിലും പുറത്തു പോകാറുമുണ്ട്. ഇത്തവണയും ചില വമ്പൻ ടീമുകൾക്ക് യോഗ്യതാ മത്സരങ്ങളിൽ കാലിടറി. യോഗ്യതാ റൗണ്ടിൽ ഒരു മത്സരമെങ്കിലും തോൽക്കാതെ ഒരു ടീമും ഖത്തർ ലോകകപ്പിന് ബർത്ത് നേടിയിട്ടില്ല.
മുപ്പത്തിരണ്ടു ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഇറങ്ങുമ്പോൾ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രമുഖരെല്ലാം അടുത്ത റൗണ്ടിൽ കടക്കും . അതായത് ഒരു ഗ്രൂപ്പിൽ മൂന്ന് പ്രമുഖ ടീമുകൾ വരുമ്പോൾ അതിലൊന്നിന് അടുത്ത റൗണ്ട് ബുദ്ധിമുട്ടാകുന്ന സ്ഥിതി ഇത്തവണ ഇല്ലെന്നുതന്നെ പറയാം. പ്രായേണ ദുർബലരായ ടീം അടുത്ത റൗണ്ടിൽ കടക്കുന്നതും അതോടെ ബുദ്ധിമുട്ടാകും. പക്ഷേ,അട്ടിമറികളുണ്ടായാൽ കഥ മാറും.
ആതിഥേയരെന്ന നിലയിൽ ഖത്തർ യോഗ്യത നേടിയപ്പോൾ മത്സരിച്ചെത്തിയ ആദ്യ ടീം ജർമനിയാണ്. രണ്ടു യോഗ്യതാ മത്സരം ബാക്കി നിൽക്കെ 2021 ഒക്ടോബറിൽ തന്നെ ജർമനി ബർത്ത് ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ, 2022 ജൂണിൽ കോസ്റ്റ റിക്ക മുപ്പത്തിരണ്ടാമത്തെ ടീമായി യോഗ്യത കൈവരിച്ചു. യുക്രെയിനെ ആക്രമിച്ചതിന്റെ പേരിൽ വിലക്ക് വന്നത് 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യയുടെ വഴിമുടക്കി. ഇറ്റലി, സ്വീഡൻ, തുർക്കി, നോർവേ, നൈജീരിയ, ഈജിപ്ത്, ഐവറി കോസ്റ്റ് തുടങ്ങി കരുത്തരായ പല ടീമുകളും യോഗ്യത നേടിയില്ല.
നാലുതവണ ലോക കപ്പ് ജയിച്ച, നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതും തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലിക്ക് ചുവടു തെറ്റുന്നത്.
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ മുതൽ അറുപതാം റാങ്കുള്ള ഘാന വരെ ഖത്തറിൽ മത്സരിക്കുന്നു.
ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും സാന്നിദ്ധ്യമറിയിച്ച ബ്രസീൽ ഇരുപത്തിരണ്ടാം തവണയും ലോക കപ്പിനെത്തുന്നു. ജർമനിയും (20) അർജന്റീനയുമാണ് (18) ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച രാജ്യങ്ങൾ. ഖത്തറിനാകട്ടെ ഇത് അരങ്ങേറ്റവും. ഇതോടെ പ്ളേ ഓഫ് കളിച്ചെത്തിയ ഓസ്ട്രേലിയ ഉൾപ്പടെ ഏഷ്യൻ പ്രതിനിധികൾ ആറായി.
അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ കരിം ബെൻസമ ,ജർമനിയുടെ മാനുവൽ ന്യൂയർ എന്നിവർക്കിത് മിക്കവാറും അവസാന ലോകകപ്പാകും. നെയ്‌മറും പരുക്കുകൾ തുടരെ അലട്ടുന്നതിനാൽ ഈ ലോകകപ്പോടെ വിടവാങ്ങിയേക്കും. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പാണ്.

( ലേഖകൻ പ്രമുഖ ഫുട്ബാൾ പരിശീലകനും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD CUP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.