SignIn
Kerala Kaumudi Online
Friday, 26 April 2024 2.10 PM IST

ഒരു മേയർ പാർട്ടി സെക്രട്ടറിക്കയച്ച കത്തുകൾ

photo

ജവഹർലാൽ നെഹ്‌റു പത്ത് വയസുകാരിയായ മകൾക്ക് അയച്ച കത്തുകൾ 'ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ' എന്ന പേരിൽ പിന്നീട് പ്രസിദ്ധമായി. ലോകരാഷ്ട്രങ്ങളെക്കുറിച്ചും ലോകകുടുംബ സങ്കൽപ്പത്തെക്കുറിച്ചുമൊക്കെ പരാമർശിക്കപ്പെട്ട ആ കത്തുകൾക്ക് പിൽക്കാലത്ത് ഇന്ദിരയെന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയതിൽ പോലും സുപ്രധാനമായ പങ്കുണ്ടായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. വീക്ഷണപരമായും വിജ്ഞാനപരമായും അത്രത്തോളം ഗുണപ്രദമായിരുന്നു ആ കത്തുകൾ. ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിന് അയച്ച കത്താണ് ഹിരോഷിമയുടെയും നാഗസാക്കിയുടെയും മേൽ ദുരന്തം വിതച്ചതെന്നും ചരിത്രത്തിലുണ്ട്.

എന്തെല്ലാം മഹത്തായ കാര്യങ്ങൾ ഒരു കത്തുവഴി മറ്റൊരാളിലേക്ക് എത്തിക്കാമെന്നതിന് ഏറ്റവും വിലപ്പെട്ട ഉദാഹരണങ്ങളാണിത്. ഇതുപോലെ എത്രയോ മഹാന്മാരായ വ്യക്തികളുടെ കത്തുകൾ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ആശയവിനിമയത്തിന് ചരിത്രാതീത കാലംമുതൽ ഉപയോഗിക്കുന്ന മാദ്ധ്യമമാണ് കത്ത്. ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തെഴുത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയയ്‌ക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലുമായിരുന്നു കത്തെഴുത്ത്.

പിൽക്കാലത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ പലരും കത്തുകളെഴുതി ശ്രദ്ധേയരായിട്ടുണ്ട്. ഏതുവിഷയത്തിലും പ്രധാനമന്ത്രിക്കോ, മുഖ്യമന്ത്രിക്കോ, ബന്ധപ്പെട്ട മേധാവികൾക്കോ കത്തയയ്ക്കുന്ന ശീലമുള്ള നേതാക്കളിൽ പ്രധാനിയാണ് നമ്മുടെ വി.എം.സുധീരൻ. കത്തിന്റെ പ്രസക്തി കാരണമാവാം പല സംഘടനകളും കുറേനാൾ മുമ്പുവരെ കത്തെഴുത്തു മത്സരവും നടത്തിയിരുന്നു.

പുതിയ ആശയവിനിമയ സംവിധാനത്തിലേക്ക് എത്തിയതോടെയാണ് കത്തുകളുടെ ഗമ പോയത്. എന്നാൽ ഇപ്പോൾ വീണ്ടും താരമാവുകയാണ് കത്ത്. അതിനിടയാക്കിയത് പച്ചവെള്ളം ചവച്ചുകുടിക്കുന്ന സി.പി.എം യുവതാരം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും. സ്വന്തം പാർട്ടിയുടെ സ്വന്തം ജില്ലയിലെ സ്വന്തം ജില്ലാ സെക്രട്ടറിക്ക് ആര്യ കത്തെഴുതിയത് കുടുംബവിശേഷം തിരക്കിയല്ല. സ്വന്തം പാർട്ടിയിലെ സ്വന്തം സഖാക്കൾ ആരെങ്കിലും തൊഴിലില്ലാതെ നിൽക്കുന്നുണ്ടെങ്കിൽ അവർക്കൊരു ജീവിതമാർഗ്ഗമാവട്ടെ എന്ന സൽബുദ്ധി കൊണ്ടാണ്. സ്വന്തം പാർട്ടിയിലെ തന്നെ ചില കുത്തിത്തിരിപ്പ് തൊഴിലാളികൾ ഇതിന് പാരവച്ചതായാണ് ഇപ്പോൾ കേൾക്കുന്നത്. ഏതായാലും മേയറുടെ സദുദ്ദേശ കത്ത് പുറത്തു വന്നതോടെ കോൺഗ്രസുകാരും ബി.ജെ.പി ക്കാരുമെല്ലാം കരിങ്കുരങ്ങ് രസായനം കഴിച്ച ഗുസ്തിക്കാരെപ്പോലെ സമര ഗോദയിലേക്ക് ചാടിവീണു. കത്തെഴുതി കുരുക്കൊപ്പിച്ച ആളെ കണ്ടെത്തണമെന്നല്ല അവരുടെ ആവശ്യം, മറിച്ച് മേയർ രാജിവയ്ക്കണമെന്നതാണ്. രാവിലെ കൊടിയും പിടിച്ചെത്തുക, പൊലീസ് ബാരിക്കേഡ് കുലുക്കി ഉറപ്പിക്കുക, പൊലീസിന്റെ വരുൺ വണ്ടിയിൽ നിന്ന് ചീറ്റിക്കുന്ന കലക്കവെള്ളത്തിൽ നന്നായി ഒന്നു കുളിക്കുക, ശേഷം നഗരത്തിലെ ഏതെങ്കിലും സ്വാദിഷ്ടമായ ഹോട്ടലിൽ നിന്ന് സ്പോൺസേർഡ് ഭക്ഷണം ഭുജിച്ച് മടങ്ങുക. ഇത് ഇപ്പോളൊരു ശീലമായി. പക്ഷേ ആത്മാർത്ഥതയുള്ള ചിലരൊക്കെ ജീവൻ പണയംവച്ചാണ് സമരത്തിന് ഇറങ്ങുന്നത്. പൊലീസ് എറിഞ്ഞ ടിയർഗ്യാസ് ഷെല്ലിന് മുകളിലൂടെ നാലുകാലിൽ ചാടിയാണ് ഒരു മുൻ എം.എൽ.എ തന്റെ ഭാരിച്ച ശരീരത്തെ രക്ഷിച്ചത്. വെറുമൊരു കത്തിന്റെ പേരിൽ നഗരത്തിന്റെ ഓമനപ്പുത്രിയെ എല്ലാവരും കുറ്റപ്പെടുത്തി മുതലെടുക്കാൻ ശ്രമിക്കുമ്പോഴാണ് കഥയുടെ ക്ളൈമാക്സിലേക്ക് എത്തുന്നത്. ആര്യയുടെ കത്ത് നന്ദിപൂർവം കൈപ്പറ്റിയ ആനാവൂരിന്റെ വീരനായകൻ അതിന് മുമ്പേ ഇതിലും വലിയ കത്തെഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ കത്ത് കണ്ടുപിടിക്കാനായില്ലെന്ന് മാത്രം. കത്തില്ലെങ്കിലും കത്തിൽ പറഞ്ഞിരുന്ന സഖാക്കൾ തൊണ്ടിമുതലുകൾക്ക് തുല്യം കത്തിൽപ്പറഞ്ഞ ഓഫീസുകളിലെ കസേരകളിൽ ഇരിക്കുന്നുണ്ട്. വർദ്ധിതവീര്യത്തോടെ നഗരസഭാ കാര്യാലയത്തിന് മുന്നിൽ സമരം കൊഴുപ്പിക്കുമ്പോഴാണ് കോൺഗ്രസുകാർക്ക് മുന്നിൽ ഇടിത്തീപോലെ ഒരു ഫ്ളക്സ് ബോർഡ് ഉയരുന്നത്. കോൺഗ്രസിന്റെ സംസ്ഥാനത്തെ ഭാവി പവിഴ മുത്തുകളിൽ ഒരാളായ ഷാഫി പറമ്പലിന്റെ ചിത്രം സഹിതമാണ് ബോർഡ്. തന്റെ രാഷ്ട്രീയ ഗോഡ്ഫാദറായ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി നാടുവാണീടുന്ന കാലത്ത് ഷാഫിയും എഴുതി ലക്ഷണമൊത്ത ഒരു കത്ത്. സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശയാണ് കത്തിന്റെ വിഷയം. ആ കത്തിന്റെ പൂർണരൂപവും ഫ്ളക്സിൽ പതിച്ചിട്ടുണ്ട്. നിയമനം , സ്ഥലം മാറ്റം, പ്രത്യേക പദവി അനുവദിക്കൽ തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്കായി എം.പിമാർ, എം.എൽ.എമാർ , കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പലപ്പോഴായി എഴുതിയ 39 കത്തുകളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതോടെ നഗരസഭയ്ക്ക് മുന്നിലെ മുദ്രാവാക്യങ്ങളുടെ മൂർച്ച അൽപ്പം കുറഞ്ഞോ എന്നൊരു സംശയം.

പക്ഷേ ഇപ്പോ ജയിച്ചു നിൽക്കുന്നത് ബി.ജെ.പിയാണ് . 'തരിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന പരസ്യവാചകം പോലെ ബി.ജെ.പിയുടെ ഒരു കത്തുപോലും ആർക്കും കണ്ടെത്താൻ ആയിട്ടില്ല. അവർക്ക് അക്ഷരമെഴുതാൻ അറിയാഞ്ഞിട്ടല്ല. കത്തെഴുതിയാലും അത് മേടിക്കാൻ ആരെങ്കിലും വേണ്ടേ. ഇടയ്ക്കിടെ കേന്ദ്രമന്ത്രി മുരളീധരൻ എത്താറുണ്ടെങ്കിലും പ്രസംഗത്തിന് പോലും സമയം തികയാത്ത ആൾ ആരുടെ കത്തു വാങ്ങാൻ. അഥവാ വാങ്ങിയാൽ തന്നെ എന്തു ചെയ്യാൻ. ഇനി കേന്ദ്രത്തിന് കത്തുകൊടുക്കാമെന്ന് വച്ചാൽ മലയാളം വായിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും കുറവാണ് അവിടെ!

ഇതിനിടെ ആനാവൂർ വീരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെന്ന ചില കിംവദന്തികളും പ്രചരിച്ചു. ഫോണിൽ വിളിച്ചു ചോദിച്ചേയുള്ളു, അത് ചോദ്യം ചെയ്യലല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉണർത്തിക്കുന്നത്. എന്നാൽ ആനാവൂരപ്പൻ പറയുന്നു തന്നെ ചോദ്യം ചെയ്തെന്ന് തന്നെ. ഇനി സ്വപ്നത്തിലെങ്ങാനും കണ്ടതാണോ എന്നറിയില്ല.

ഇത് കൂടി കേൾക്കണേ

ഒരു മാസത്തിനുള്ളിൽ 39 കത്തെഴുതിയിട്ട് കേവലം ഒരു കത്തെഴുതിയ കോർപ്പറേഷൻ മേയറെ രാജി വയ്പിക്കാൻ നടക്കുന്നതിൽ എന്താണ് ഹേ ന്യായം. ഒരു ഡസൻ കത്തെങ്കിലും മേയർ എഴുതിയശേഷം വേണമായിരുന്നു ഈ സമരവും മുദ്രാവാക്യം വിളിയുമൊക്കെ. ഏതായാലും ആനാവൂർ വീരൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞ സ്ഥിതിക്ക് മേയർ തത്കാലം രാജിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYOR AND ANAVOOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.