കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്. മണികുമാറിന് നേരെ ആക്രമണശ്രമം. വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലെ ഔദ്യോഗിക വസതിയിലേക്ക് വരുമ്പോൾ ഗോശ്രീപാലത്തിന് സമീപത്തുവച്ചാണ് കാർ തടഞ്ഞുനിറുത്തി അക്രമി അസഭ്യം പറഞ്ഞത്. ഇത് തമിഴ്‌നാടല്ല എന്നുപറഞ്ഞായിരുന്നു അതിക്രമം. ഉടുമ്പൻചോല സ്വദേശി ടിജോയാണ് അക്രമി. ഇയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ടിജോ പുതിവൈപ്പിനിലാണ് താമസം. സ്ഥിരം മദ്യപാനിയായ ഇയാൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ചീഫ് ജസ്‌റ്റിസ് വീട്ടിലേക്ക് മടങ്ങി. തുടർന്ന് അദ്ദേഹത്തിന്റെ ഗൺമാൻ ആണ് പൊലീസിൽ പരാതി നൽകിയത്.
മുളവുകാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ടിജോയുടെ വീട്ടിലെത്തിയ പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാൽ പ്രശ്നങ്ങളുണ്ടാക്കുന്ന ശീലം ടിജോയ്‌ക്കുണ്ടെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |