SignIn
Kerala Kaumudi Online
Friday, 03 February 2023 11.29 PM IST

ആരാധകരേ ശാന്തരാകുവിൻ! വ്ളോഗർമാരിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ വീട്ടിലെ കുട്ടികൾ മുതൽ വൃദ്ധർ വരെ വഴിതെറ്റും

cheating-case-

അശ്വതി അച്ചു! പെൺകുട്ടികളുടെ പേരിൽ ഫേക്ക് ഐഡിയുണ്ടാക്കി നിരവധി ആണുങ്ങളെ പറ്റിച്ച ഈ പേര് ഒരുകാലത്ത് ആൾമാറാട്ടത്തിന്റെ അടയാളമായിരുന്നു. എന്നാൽ പിന്നീട് അശ്വതി അച്ചു എന്ന പേരിൽ തന്നെ യുവാക്കളെ കബളിപ്പിച്ച ഒരു യുവതി പിടിയിലായി. ഓൺലൈനിലൂടെ തട്ടിപ്പ് മുൻകാലങ്ങളിൽ വല്ലപ്പോഴുമായിരുന്നെങ്കിൽ ഇപ്പോൾ അത് പതിവായിരിക്കുകയാണ്. കാലം മാറുന്നതിന് അനുസരിച്ച് തട്ടിപ്പുകാരും പല വേഷങ്ങളും സ്വീകരിക്കും.

കൊവിഡ് കാലത്ത് വിദ്യാഭ്യാസമടക്കം ഓൺലൈനിലേക്ക് ചേക്കേറിയതോടെ കൊച്ചു കുട്ടികളുടെ കൈയ്യിൽ വരെ സ്മാർട്ട് ഫോണായി. പ്രായമായ വൃദ്ധർ വരെ ഫോണിൽ തോണ്ടിക്കളിച്ച് സമയം കൊല്ലുന്ന കാലത്ത് തട്ടിപ്പുകാരും പല വേഷത്തിൽ ഓൺലൈനിലൂടെ വന്ന് പറ്റിക്കാൻ ആരംഭിച്ചിരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇന്ന് നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു അന്തവുമില്ലാത്ത അവസ്ഥയാണ്. പുതിയ പുതിയ തട്ടിപ്പുകൾ ആരംഭിക്കുമ്പോൾ അതിനെക്കുറിച്ച് സമയാസമയം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും മലയാളികൾ തട്ടിപ്പിനിരയാകുന്നത് തുടർക്കഥയാണ്. ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ മലയാളി ഇരയാവുന്നത് ഉത്തരേന്ത്യക്കാരുടെ കുബുദ്ധിക്ക് മുന്നിലാണെങ്കിൽ ലൈംഗിക ചൂഷണവും, ലഹരിക്കച്ചവടവുമായി രംഗം കൊഴുപ്പിക്കുന്നത് മലയാളികൾ തന്നെയാണ്. ഇവരുടെ കെണിയിൽ പെടുന്നത് സ്‌കൂൾ കുട്ടികൾ മുതൽ പടുവൃദ്ധർവരെയാണ്.

സമൂഹമാദ്ധ്യമങ്ങളിൽ ചെറു വീഡിയോകളിലൂടെ ജനപ്രിയരാവുന്നവരാണ് ഇത്തരം തട്ടിപ്പുകളിൽ സാധാരണക്കാരെ വീഴ്ത്തുന്നത്. പലപ്പോഴും പുതുതലമുറ അഭിരമിക്കുന്ന ന്യൂജൻ സമൂഹമാദ്ധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇവർ കടന്ന് വരുന്നത്. മുതിർന്നയാളുകളെക്കാലും കൗമാരക്കാരാണ് ഇവരെ ആരാധനയോടെ കാണുന്നത്. എന്നാൽ വ്യക്തിപരമായ വിവരങ്ങളൊന്നും പുറത്തറിയിക്കാതെ, ചെല്ലപ്പേരുകളിൽ കളം പിടിക്കുന്ന ചില കള്ള നാണയങ്ങളാണ് മാന്യമായ രീതിയിൽ വ്‌ളോഗിംഗ് നടത്തുന്നവർക്ക് കൂടി ചീത്തപ്പേര് കേൾപ്പിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നവർ തട്ടിപ്പ് കേസുകളിലും, പീഡനക്കേസുകളിലും പ്രതികളാകുമ്പോൾ ഞെട്ടലോടെ മാത്രമേ അത് കാണാനാവു. ഇത്തരത്തിൽ അടുത്തിടെ മുഖംമൂടികൾ അഴിഞ്ഞ് വീണവരെ കുറിച്ച് അറിയാം.

cheating-case-

ഹണി ട്രാപ്പിൽ കാശുണ്ടാക്കിയ മലായ് മല്ലു

അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്‌ളോഗറും ഭർത്താവും അറസ്റ്റിലായത്. താനൂർ സ്വദേശിനി റാഷിദ, ഭർത്താവ് നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപ്പഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. തിരൂർ സ്വദേശിയിൽ നിന്ന് തട്ടിയ പണമുപയോഗിച്ച് ഇവർ ആഢംബര ജീവിതം നയിച്ച് വരികയായിരുന്നു.

ഫെയ്സ്ബുക്കിലൂടെയാണ് റാഷിദ തിരൂരിനടുത്ത പഞ്ചായത്തിലെ 68കാരനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി. ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇയാളെ ക്ഷണിച്ച് വരുത്തി ഫോട്ടോയും വീഡിയോയും കൈയിലുണ്ടെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു. അറുപത്തെട്ടുകാരനുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

68കാരന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ കുടുംബം ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. അക്കൗണ്ടിലൂടെയായിരുന്നു പണമിടപാട് നടന്നിരുന്നത്. തുടർന്ന് കൽപ്പഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകി.

cheating-case-

ലഹരിയിൽ മുങ്ങിയ വിക്കി തഗ്

യുടൂബറും ഇൻസ്റ്റാഗ്രാമിൽ സ്ഥിര സാന്നിധ്യവുമായിരുന്ന വിക്കി തഗ് എന്ന വിഘ്‌നേഷ് മയക്കുമരുന്നുമായിട്ടാണ് പിടിയിലായത്. മാവേലിക്കര സ്വദേശിയാണ് ഇയാൾ. പാലക്കാട് ഐ.ബി ഇൻസ്‌പെക്ടർ നൗഫലും സംഘവും നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസയിൽ വച്ചാണ് വിഘ്‌നേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ പിടികൂടിയത്. എന്നാൽ ഇവർ കാർ നിർത്താതെ എക്‌സൈസ് സംഘത്തെ വെട്ടിച്ചു ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകർത്തു മുന്നോട്ട് പോയി. വിവരമറിഞ്ഞ റെയിഞ്ച് ഇൻസ്‌പെക്ടർ നിഷാന്തും സംഘവും ചന്ദ്രനഗർ ഭാഗത്തെ സിഗ്നലിൽ വച്ച് ഇവരെ ബ്ലോക്ക് ചെയ്ത് പിടികൂടി. കാർ പരിശോധിച്ചതിൽ 20 ഗ്രാം മെത്താംഫിറ്റമിനും, റിവോൾവറും വെട്ടുകത്തിയും കണ്ടെടുത്തു. കാറിലുണ്ടായിരുന്ന കൃഷ്ണപുരം സ്വദേശി വിനീതും വിഘ്‌നേഷിനോപ്പം അറസ്റ്റിൽ ആയിട്ടൂണ്ട്. ഇവർ രണ്ടുപേരും ചേർന്ന് ബാംഗളൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി വരികെയായിരുന്നെന്നാണ് പ്രാഥമിക വിവരം. പിടിയിലാകുമ്പോഴും മയക്കുമരുന്ന് ലഹരിയിൽ ആയിരുന്നു വിഘ്‌നേഷ്.

ഇൻസ്റ്റാഗ്രാമിൽ മദ്യവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന റീലുകൾ പബ്ലിഷ് ചെയ്യുന്ന പ്രൊഫൈലുകൾ എക്‌സൈസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആണ്. യുവതലമുറയെ മയക്കുമരുന്നിന്റെ കെണിയിലേക്ക് തള്ളിയിടുന്നതാണ് ഇത്തരക്കാരുടെ രീതി.

cheating-case-

തേൻ കെണിയൊരുക്കുന്ന ഫീനിക്സ് കപ്പിൾസ്

വ്യവസായിയെ ഹാണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയടക്കം ആറുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അതിൽ മുഖ്യ പങ്ക് ഫീനിക്സ് കപ്പിൾസ് എന്ന പേരിൽ വ്‌ളോഗിംഗ് നടത്തുന്ന ദമ്പതികളാണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡ് സ്വദേശി ദേവു (24), ഭർത്താവും കണ്ണൂർ സ്വദേശിയുമായ ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം പണവും സ്വർണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗൺ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യവസായിയിൽ നിന്ന് നാല് പവന്റെ സ്വർണമാല, കാർ, മൊബൈൽ ഫോൺ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാറ്റിംഗ്.

കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുൽ ദീപ് ദമ്പതികളെ വാടകയ്ക്ക് എടുത്തു. സോഷ്യൽ മീഡിയയിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുൽ ദീപിനും അരലക്ഷത്തിലധികം ആരാധകരുണ്ടായിരുന്നു.

പിന്നീട് ദേവൂ വ്യവസായിയ്ക്ക് ശബ്ദ സന്ദേശങ്ങളടക്കം അയച്ച് കൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുമ്പോൾ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം. ഇയാളുടെ എ.ടി.എമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരയെ സംഘം പറയുന്ന സ്ഥലത്ത് എത്തിച്ചാൽ 40,000 രൂപയുടെ കമ്മിഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. ഹണിട്രാപ്പിലും ക്വട്ടേഷൻ ഏറ്റെടുക്കുന്ന രീതിയുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞു.

ദേവു എന്ന ഉത്തമയായ ഭാര്യ

'ഫിനിക്സ് കപ്പിൾസ്' എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയയിൽ ദമ്പതികൾ അറിയപ്പെട്ടിരുന്നത്. ഭർത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയിൽ ധാരാളം സിന്ദൂരം തൊടുന്ന 'ഉത്തമയായ ഭാര്യ' എന്ന നിലയിലാണ് ഒരു വിഭാഗം ആളുകൾക്ക് ദേവു പ്രിയങ്കരിയായത്. 'എന്റെ താലി എനിക്ക് ജീവനേക്കാൾ വലുതാണ്, അത് തന്നവനും' എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്പ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ യുവതിയോടുള്ള പലരുടെയും പ്രിയം കൂടുകയും ചെയ്തു.

ദമ്പതികൾ പങ്കുവയ്ക്കുന്ന റീൽസിൽ കൂടുതലും യാത്രകളും ഇവരുടെ ആഡംബര ജീവിതവുമായിരുന്നു. ആഡംബര ജീവിതത്തിനായി ഇവർ തേൻകെണിയിൽപ്പെടുത്തിയവരിൽ ഭൂരിഭാഗം പേരും ഇരുപത്തിയഞ്ച് വയസിൽ താഴെയുള്ളവരാണ്. ഇരയെ മറ്റ് പ്രതികൾ പറയുന്ന സ്ഥലത്തെത്തിച്ചാൽ നാൽപ്പതിനായിരം രൂപയാണ് ദമ്പതികൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവർ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയിൽ മുപ്പതിനായിരം രൂപ മാസ വാടകയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു.

cheating-case-

പെശകാണ് മീശക്കാരൻ വിനീത്

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായ സംഭവവും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായവരെ ഞെട്ടിച്ചിരുന്നു. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്‌പേരൂർ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്പാനൂർ പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്.

പരവൂർ സ്വദേശിയായ പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് നടപടി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുന്ന പെൺകുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടർന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാർ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടിയെ ഇയാൾ ക്ഷണിച്ചത്.

തിരുവനന്തപുരത്തെത്തിയപ്പോൾ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം നടത്തിയത്. പെൺകുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. പ്രതിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

cheating-case-

കബളിപ്പിച്ചത് നിരവധി പേരെ

പീഡനക്കേസിൽ അറസ്റ്റിലായ ടിക് ടോക്ക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. ഫോൺ പരിശോധിച്ച പൊലീസിന് നിരവധി സ്ത്രീകളുമായിട്ടുള്ള പ്രതിയുടെ ചാറ്റുകളും ലഭിച്ചു. വിവാഹിതരായ സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരെ കന്റോൺമെന്റ് സ്‌റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ സ്‌റ്റേഷനിൽ അടിപിടി കേസുമുണ്ട്. വിനീതിന് ജോലിയൊന്നുമില്ല. എന്നാൽ താൻ പൊലീസിലായിരുന്നെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം രാജിവച്ച് ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുകയാണെന്നുമാണ് ഇയാൾ സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്.


പ്രധാനമായും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്‌ളോഗറായി വരുന്ന പ്രതികൾ ലഹരി ഇടപാടുകളും ലൈംഗിക, സാമ്പത്തിക തട്ടിപ്പുകളുമാണ് നടത്തുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തെ പെരുപ്പിച്ച് കാട്ടി വിദ്യാർത്ഥികളെ വലയത്തിൽ പെടുത്തുകയാണ് ഇവർ ചെയ്യുക. മറ്റൊരു കൂട്ടർ എതിർലിംഗത്തെ ആകർഷിക്കുന്നതിനാണ് സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. ആയിരങ്ങൾ ഫോളോ ചെയ്യുന്നതോടെ വെള്ളിത്തിരയിലെ താരങ്ങൾക്ക് ലഭിക്കുന്നതിന് സമാനമായ ആരാധനയാണ് ന്യൂജൻ വ്‌ളോഗർമാർക്ക് ലഭിക്കുന്നത്. മൊബൈൽ എന്ന മായിക ലോകം കുഞ്ഞുങ്ങളെ മാത്രമല്ല, പെൻഷൻ പറ്റി വിശ്രമജീവിതം നയിക്കുന്ന വൃദ്ധൻമാരെ വരെ വഴിതെറ്റിക്കുന്ന കാലമാണ് ഇന്ന്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOACIAL MEDIA, ASWATHY ACHU, VLOGGERS, CRIMINALS, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.