SignIn
Kerala Kaumudi Online
Saturday, 27 April 2024 1.44 PM IST

കടൽ ശാന്തമാക്കിയ ഗുരുശിഷ്യൻ

bodha

തൃശൂർ വാടാനപ്പള്ളിയിൽ 1924-ൽ അതിരൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് ആർത്തിരമ്പിയ കടൽ തെങ്ങും വൃക്ഷങ്ങളും കടപുഴക്കി എറിയുന്ന സമയം. ഗുരുഭക്തനായ വൈക്കാട്ടിൽ ശങ്കരന്റെ തീരദേശത്തുള്ള വീടും സ്ഥലവുമൊഴികെയുള്ള മറ്റു പുരയിടങ്ങൾ കടൽ കവർന്നെടുത്ത് കഴിഞ്ഞിരുന്നു. കൂർക്കഞ്ചേരി ക്ഷേത്രത്തിൽ ഗുരുവും സ്വാമി ബോധാനന്ദനും വിശ്രമിക്കുന്ന സമയം. കടുത്ത വരൾച്ചാ സമയത്ത് അരുവിപ്പുറത്ത് 'അർദ്ധനാരീശ്വരസ്‌തവം" ചൊല്ലി​ മഴ പെയ്യി​ച്ച ഗുരുവി​ന്റെ സി​ദ്ധി​വൈഭവം ഈ സമയത്ത് ശങ്കരന്റെ മനസി​ലുണർന്നു. അദ്ദേഹം ഗുരുവി​നെ ശരണം പ്രാപി​ച്ചു. ഗുരു ശങ്കരനെ സമാശ്വസി​പ്പി​ച്ചുകൊണ്ട് ബോധാനന്ദസ്വാമി​കളോട് ''ബോധാനന്ദൻ ശങ്കരനെ രക്ഷിക്കണം, ആ കടപ്പുറത്ത് പോയി കിടക്കണം. കടൽ ശാന്തമായിക്കൊള്ളും." എന്ന് സൂചിപ്പിച്ചു. ബോധാനന്ദസ്വാമികളും ശങ്കരനും കൂടി കടപ്പുറത്ത് തിരിച്ചെത്തിയപ്പോൾ സ്‌ത്രീകൾ അലമുറയിട്ടു കരയുന്നു. അപകടസൂചനകൾ ശ്രദ്ധിക്കാതെ ബോധാനന്ദസ്വാമി ഗുരുദേവനെ ധ്യാനിച്ചുകൊണ്ട് കരയിൽ ഒരു വരവരച്ച് നീണ്ടുനിവർന്നു കിടന്നു. കടൽ ക്രമേണ ശാന്തമായി ഉൾവലിഞ്ഞു. അടുത്ത ദിവസം തൃപ്പാദങ്ങൾ ആ സ്ഥലത്തെഴുന്നള്ളി തീരദേശവാസികളെ ആശീർവദിച്ചു. ഗുരുവിന്റെ സമയോചിതമായ അത്ഭുതസിദ്ധികളെ വാടാനപ്പള്ളിക്കാർ ഇപ്പോഴും വാഴ്‌ത്തുന്നു.

വിദ്യാദേവതയായ ശാരദാദേവിയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചതിനടുത്ത ദിനമാണ് ഗുരു ബോധാനന്ദസ്വാമികളെ ശിഷ്യനായി അംഗീകരിച്ചത്. ബോധാനന്ദസ്വാമി പൂർവാശ്രമത്തിൽ വേലായുധനായിരിക്കെ ഹിമാലയത്തിൽ ചെന്ന് സന്യാസിദീക്ഷ സ്വീകരിച്ചിരുന്നു. വേലായുധൻ സാംസ്കാരിക-സാമ്പത്തിക ഗരിമയുള്ള തൃശൂർ ചിറക്കലിലെ തറവാട്ടംഗമാണ്. സന്യാസ ജീവിതമൊഴിവാക്കാൻ വീട്ടുകാർ പതിനാറാം വയസിൽ വേലായുധനെ നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചെങ്കിലും സിദ്ധാർത്ഥ രാജകുമാരനെപ്പോലെ അദ്ദേഹം ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിൽ പോവുകയും ഹിമാലയത്തിൽ തപസനുഷ്ഠിക്കുകയും ചെയ്തു.

ഭാരതം മുഴുവൻ സഞ്ചരിച്ച് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ജാതിക്കോട്ടകളും അയിത്തവും തച്ചുടയ്ക്കാൻ ഒരു വിപ്ളവകൊടുങ്കാറ്റായി വീശിയടിച്ചു. ബോധാനന്ദസ്വാമി സ്ഥാപിച്ച ധർമ്മഭടസംഘത്തിൽ (രഹസ്യ സംഘം) യുവാക്കൾ പട്ടാളച്ചിട്ടയിൽ അണിനിരന്നു. ദുരാചാരങ്ങൾ ചെറുക്കാൻ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. 1917ൽ ചെറായിയിൽ സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തുന്നതിന് പത്തുവർഷം മുമ്പ് 1907ൽ എതിർപ്പുകൾ വകവയ്ക്കാതെ ചിറക്കലിലെ അവധൂതമഠത്തിൽ മിശ്രഭോജനം നടത്തി. മഹാഗുരുവിന്റെ ആദ്യത്തെ പഞ്ചലോഹവിഗ്രഹം തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് സ്വാമി ബോധാനന്ദനാണ്. ഗുരു സശരീരനായിരിക്കുമ്പോഴായിരുന്നു ഇൗ പ്രതിഷ്ഠ.

മലയാളം, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്തിരുന്ന ബോധാനന്ദസ്വാമി ഒരു കവിവര്യൻ കൂടിയായിരുന്നു. അനേകം ക്ഷേത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും സ്വാമികൾ ആരംഭം കുറിച്ചിരുന്നു. 1925ൽ ബോധാനന്ദസ്വാമികളെ ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തു. ഇതിനുശേഷം നടന്ന എസ്.എൻ.ഡി.പി വാർഷികത്തിൽ ബോധാനന്ദസ്വാമികളെ ഉപാധ്യക്ഷനായും തിരഞ്ഞെ‌ടുത്തു. 'ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ എന്ന് സ്വാമിയെ ഗുരു ആശീർവദിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി കഴിഞ്ഞ് മൂന്നാംനാൾ ''ഇതാ സ്വാമി തൃപ്പാദങ്ങൾ ചക്രവാളസീമയിൽ നിന്നും ഇറങ്ങിവന്ന് മാടിവിളിക്കുന്നു. എനിക്കും പോകാൻ സമയമായി'' എന്ന് പറഞ്ഞ് 46-ാം വയസിൽ ബോധാനന്ദസ്വാമികൾ സമാധിയടഞ്ഞു.

( ലേഖകൻ ഇന്റർനാഷണൽ ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റാണ് ഫോൺ: 9567934095 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMI BODHANANDA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.