പള്ളുരുത്തി: അഴകിയകാവ് ക്ഷേത്രത്തിനു സമീപം കണ്ടത്തിപറമ്പ് വീട്ടിൽ രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവർ പഴനിയിലെ ലോഡ്ജിൽ തൂങ്ങി മരിക്കാൻ കാരണം ലക്ഷങ്ങളുടെ കടബാദ്ധ്യതയെന്ന് പൊലീസ്. പലരിൽ നിന്നായി ഇവർ പണവും സ്വർണവും വാങ്ങിയിരുന്നു. ഇവ തിരികെ കിട്ടാത്തതു സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചതും കോടതി കയറേണ്ടി വന്നതും മാനസിക സംഘർഷത്തിന് കാരണമായെന്നും പൊലീസ് പറഞ്ഞു.
കൽപ്പണിക്കാരനായ രഘുരാമന്റെ പള്ളുരുത്തിയിലെ വീട് വിറ്റ ശേഷം ഉഷയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ അഴകിയകാവ് ക്ഷേത്ര ദർശനം കഴിഞ്ഞ് പഴനിക്ക് വണ്ടി കയറിയത്. മക്കളായ ദേവനന്ദയെയും ദേവ കൃഷ്ണയെയും വീട്ടിൽ ഉഷയുടെ പിതാവിനൊപ്പം നിറുത്തി. പുലർച്ചെ പഴനി ദർശനം കഴിഞ്ഞ് അടിവാരത്ത് മുറിയെടുത്തു. വൈകിട്ട് 5 മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് നടത്തിപ്പുകാരാണ് വിവരം പഴനി പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തി.
രഘുരാമന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ പള്ളുരുത്തിയിലെ രാഷ്ട്രീയ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായും പണവും സ്വർണവും നൽകിയവർ മാനസികമായി പീഡിപ്പിക്കുന്നതായും പറഞ്ഞിരുന്നു.
ദേവനന്ദ പള്ളുരുത്തി എസ് ഡി.പി. വൈ സ്ക്കൂളിൽ ഏഴാം ക്ളാസിലും ദേവ കൃഷ്ണ രണ്ടാം ക്ളാസിലുമാണ്. പഴനി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |