തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്‌ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള സാംബവ സഭയുടെ എട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് ഇത്തരത്തിൽ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകൾ കേരളത്തിൽ ഇറക്കാൻ ആളുകൾക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്ന് എന്ന് കേരള സമൂഹം ഉറക്കെ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഭാരതത്തിന്റെ അടിസ്ഥാനം മതനിയമങ്ങളല്ല, ജനാധിപത്യ ,മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓർമിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭക്ഷണത്തിന്റെ പേരിൽ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തിൽ കണ്ടതാണെന്നും സർക്കാർ ഉത്തരവുകളിൽ ദളിത്, ഹരിജൻ തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയാൽ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെയും ബി.ജെ.പിയെയും ദളിത് വിരോധികളായി ചിത്രീകരിക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയുണ്ടായത് നരേന്ദ്രമോദിയുടെ കാലത്തെന്നും മന്ത്രി പറഞ്ഞു. ഡോ.ബി.ആർ അംബേദ്കർ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവും ഇല്ലാത്ത , സാമൂഹ്യ, സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയമെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണഘടനാസംരക്ഷകർ ചമയുന്നവരുടെ അവസരവാദനിലപാടുകൾ ജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |