SignIn
Kerala Kaumudi Online
Saturday, 27 April 2024 2.27 AM IST

സതീഷ് ബാബു ഇല്ലാത്ത പയ്യന്നൂർ

satheeshbabu

കുട്ടിക്കാലത്തു കളിച്ച് ജീവിച്ച മണ്ണ് ജീവിതത്തിൽ മറക്കാനാവുന്നതല്ല. മരണം മാടിവിളിക്കുന്നത് വരെയും വളർന്ന നാടും പഠിച്ച വിദ്യാലയവും കൂടെനടന്ന കൂട്ടുകാരും വായിച്ച പുസ്തകങ്ങളും വായനയ്‌ക്കുള്ള ഇടങ്ങളും കളിക്കാനുള്ള മൈതാനങ്ങളും മനസിൽ കൊണ്ടുനടന്നയാളാണ് സതീഷ്ബാബു . പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ തറവാട് വീട് വിറ്റുപോയ ശേഷവും പെരുമാളമ്പലത്തിന് മുന്നിൽ സ്ഥലം വാങ്ങി വീടുവച്ചിരുന്നു, ഗൃഹാതുരത ഏറെയുള്ള ഈ എഴുത്തുകാരൻ.

എഴുതിയതിലും പറഞ്ഞതിലും പയ്യന്നൂർ നിറഞ്ഞുനിന്നു. വാരികകളും മാസികകളും വീട്ടിൽ വരുത്തുന്ന ശീലമില്ലാതിരുന്ന കാലത്താണ് സതീഷ് ബാബു ഗൗരവമുള്ള വായനയിലേക്ക് തിരിയുന്നത്. വായനശാലകളിലും ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നില്ല. പ്രധാന പത്രങ്ങളുടെ അകമ്പടികളായ വാരികകളോ മാസികകളോ അല്ലാതെ വ്യത്യസ്തമായ എഴുത്തനുഭവങ്ങൾ സമ്മാനിക്കുന്ന പ്രസിദ്ധീകരണങ്ങൾ വായനശാലകളിൽ ലഭ്യമായിരുന്നില്ല. ഇങ്ങനെ പുസ്തകം തേടിപ്പോകുന്ന തീവ്രവായനക്കാർക്കുള്ള ഇടമായിരുന്നു പയ്യന്നൂർ പഴയ ബസ്‌സ്റ്റാൻഡിലെ വി.വി. കുമാരന്റെ പ്രഭാത് ബുക്ക് ഹൗസ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ കുമാരൻ പ്രഭാതിന്റെ ഏജൻസിയെടുത്ത് ആരംഭിച്ചതായിരുന്നു ആ പുസ്തകക്കട. റോഡരികിൽ നിരത്തിവെച്ച പുസ്തകങ്ങൾ കുനിഞ്ഞെടുത്ത് വായിച്ചിരുന്ന ആ കാലത്തുനിന്നും മാറി പുസ്തകങ്ങളെ ചെറിയൊരു കടയിലേക്ക് കുടിയിരുത്തിയപ്പോൾ പതിവ് വായനക്കാർക്കായി ഒരു ഇരിപ്പിടവും കുമാരൻ ഒരുക്കിവെച്ചു. ആ കടയിലൂടെ കയറിയിറങ്ങാത്തവർ കുറവാണ് കൊക്കാനിശ്ശേരിയിലെ വായനക്കാരിൽ. അവരിൽ പതിവുകാരനായിരുന്നു നീണ്ടുമെലിഞ്ഞ ആ ചെറുപ്പക്കാരൻ. ആഴ്ചപ്പതിപ്പുകൾ വാങ്ങാൻ സ്ഥിരമായി എത്തുമായിരുന്ന അച്ഛൻ വാസുദേവൻ നമ്പൂതിരി പഠിപ്പിച്ചതായിരുന്നു ആ പതിവ്. കോളേജിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ വായിച്ച് വിശപ്പ് മാറ്റിയിരുന്ന കാലം. ബാങ്ക് ജോലി കിട്ടുന്നതിനു മുമ്പ് സ്ഥിരം വന്നിരുന്ന് പുസ്തകങ്ങളിലൂടെ അലഞ്ഞ് തിരിയാനും കടുത്ത വായനക്കാരൻ കൂടിയായ കുമാരനുമായി ചർച്ച ചെയ്യാനും രാഷ്ട്രീയം പറയാനും സതീഷ്ബാബു സമയം ചെലവഴിച്ചു. സതീഷ് ബാബു മാത്രമല്ല, പയ്യന്നൂരും പരിസരങ്ങളിലുമുള്ള ഒട്ടുമിക്ക എഴുത്തുകാരും രാഷ്ട്രീയക്കാരും പ്രതിരോധ പ്രവർത്തകരും സൗഹാർദ്ദപൂർവം കടന്നുചെന്ന് വായന ശീലമാക്കിയ അനുഭവങ്ങളാണ് അജയാ ബുക്ക് ഹൗസ് എന്ന് പുനർനാമകരണം ചെയ്ത ഈ പുസ്തകക്കടയ്‌ക്ക് പറയാനുള്ളത്. എഴുത്തുകാർ പ്രശസ്തരാകുമ്പോഴും തിരക്കുള്ളവരാകുമ്പോഴും നേരം കിട്ടിയാൽ കടയിലെത്തുന്ന പതിവ് തെറ്റിക്കാറില്ല. അത്തരക്കാരിൽ ഒരാളായിരുന്നു അകാലത്തിൽ വിട്ടുപോയ പയ്യന്നൂരിന്റെ എഴുത്തുകാരൻ. ദേശത്തെ പേരിനൊപ്പം ചേർത്തുപിടിച്ച എഴുത്തുകാരൻ. ഈ അടുത്ത കാലത്ത് മഹാദേവ ഗ്രാമത്തിൽ നടന്ന ഒരു അവാർഡുദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ സതീഷ്ബാബു സദസിലിരുന്ന തന്നെ കണ്ടതും വേദിയിൽ നിന്നിറങ്ങിവന്ന് ചേർത്തുപിടിച്ച് പഴയ ഓർമ്മകളിലേക്ക് മടങ്ങിപ്പോയതും കുമാരൻ ഓർക്കുന്നു. ആകാരം പോലെ വ്യക്തിബന്ധങ്ങളിൽ തലയെടുപ്പും അന്തസും മാന്യതയും നിലനിറുത്താൻ ശ്രദ്ധിച്ച വിശാലഹൃദയനായിരുന്നു സതീഷ് ബാബു.

ചില രചനകളിൽ കുമാരനും കുമാരേട്ടന്റെ കടയും കടയിലെ സ്റ്റൂളും കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭാഷണങ്ങളിലും തന്റെ വായനയ്ക്കുള്ള ഇടം ഒരുക്കിത്തന്ന പുസ്തകശാലയെ സ്നേഹപൂർവം ഓർമ്മിച്ചെടുത്ത സന്ദർഭങ്ങളുമുണ്ടായിരുന്നു. നാട്ടിലെത്തിയാൽ അന്വേഷിച്ചെത്തുന്ന പതിവും ഒഴിവാക്കിയിരുന്നില്ല. അമ്പലത്തിലെ ആരാധനാ മഹോത്സവത്തിന് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞതായിരുന്നു. ആരാധനാകാലത്ത് തന്നെ ജീവിതത്തിൽ നിന്നും വിടവാങ്ങി. എഴുതി പൂർത്തിയാക്കാത്ത കടലാസും പേനയും അപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. ചേർത്തുപിടിച്ച സൗഹൃദം പോലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHEESH BABU PAYYANNUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.