SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

ക്രമസമാധാന പാലനത്തിന് സമയമില്ല; സർവകലാശാല നിയന്ത്രണത്തിനാണ് കൂടുതൽ താത്പര്യം, സർക്കാരിനെതിരെ പ്രതികരിച്ച് ഗവർണർ

Increase Font Size Decrease Font Size Print Page
governor

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം അക്രമാസക്തമായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാന പാലനത്തിന് സർക്കാരിന് എവിടെയാണ് സമയമെന്നും പകരം സർവകലാശാലകളെ നിയന്ത്രിക്കാനല്ലേ കൂടുതൽ താത്പര്യമെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവം പരിശോധിക്കുമെന്നും ഗവർണർ അറിയിച്ചു. സർവകലാശാലകളുടെ ചാൻസലർ ഗവർണർ തന്നെയാണെന്നും അവിടെ സ്വജനപക്ഷപാതം പാടില്ലെന്നും ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കപ്പെടാതെ അധികാരത്തിൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ബില്ലുകൾ കൊണ്ട് വരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും കുറ്റപ്പെടുത്തി.


കെടിയു വിസി നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാനാകു എന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ വി സി സ്ഥിരം കുറ്റവാളിയാണെന്നും ആവർത്തിച്ചു. അതേ സമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണമറിയിച്ചു. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷം നടന്നതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

TAGS: KERALA, GOVERNOR, KERALAM, CM, CPM, BJP, ARIF KHAN, PINARAI, VIJAYAN, VIZHINJAM, VIOLENCE, POLICE, STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY