SignIn
Kerala Kaumudi Online
Friday, 26 April 2024 11.17 PM IST

വൈവിദ്ധ്യത്തെ ചേർത്തുപിടിച്ച് നമ്മുടെ ഭരണഘടന

photo

ജനനന്മയും സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങളും. പലപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന ഉറപ്പും നിയമ പരിരക്ഷയും പ്രായോഗികതലത്തിൽ എത്തുമ്പോൾ പൗരന് ലഭിക്കുന്നുണ്ടോ എന്നും വിപരീതഫലം നൽകുന്ന സന്ദർഭങ്ങളില്ലേ എന്നും നാം പരിശോധിക്കേണ്ടതാണ്. ഇന്ന് നമ്മുടെ രാജ്യത്തെ ജനം നേരിടുന്ന വലിയ വിപത്താണ് നീതി നിഷേധങ്ങൾ. നിയമസംവിധാനങ്ങളും ഭരണ സംവിധാനങ്ങളും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതിന്റെ നേർച്ചിത്രമാണ് പലപ്പോഴും നാം നേരിടുന്ന വെല്ലുവിളികൾ .
നമുക്ക് ആദ്യം നമ്മുടെ ഭരണഘടന അതിന്റെ ആമുഖത്തിൽ പറയുന്ന ഉറപ്പുകൾ പരിശോധിക്കാം.

ആമുഖം:
'നമ്മൾ,ഇന്ത്യയിലെ ജനങ്ങൾ,ഇന്ത്യയെ ഒരു പരമാധികാര,സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത,ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യം,സ്ഥാനമാനങ്ങൾ,അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടന സഭയിൽ വെച്ച് 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു'' എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത്രയും സുന്ദരമായ,സുവ്യക്തമായ, സുവിദിതമായ ഭരണഘടന മറ്റേത് രാജ്യത്തിനാണുള്ളത്..?
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന . രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളുടെ നിർവചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ,പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽവച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.
1945ലെ വേവൽ പ്ലാൻ അനുസരിച്ചാണ് ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടുവരുന്നത്. 1935ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇക്കാര്യം മുന്നോട്ടുവച്ചു. തുടർന്ന് 1940ൽ ഇന്ത്യയ്ക്ക് സ്വന്തം ഭരണഘടനയെന്ന ആവശ്യം ശക്തമായതോടെ ബ്രിട്ടീഷുകാർ ഇത് അംഗീകരിച്ചു. തുടർന്ന്, 1942ൽ സർ സ്റ്റാഫോർഡ് ക്രിപ്സിനെ (ക്രിപ്സ് ദൗത്യം) ഇതേക്കുറിച്ച് പഠിക്കാൻ ഇന്ത്യയിലേക്ക് അയച്ചു. 1946ൽ ബ്രിട്ടീഷ് മന്ത്രിസഭ നിയോഗിച്ച കാബിനറ്റ് മിഷൻ എന്ന സമിതിയുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ ആദ്യമായി ഭരണഘടന നിർമ്മാണസഭ രൂപീകരിച്ചു. 1946 ഡിസംബർ ഒൻപതിന് ഡോ.സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിലാണ് ഭരണഘടന അസംബ്ലി ആദ്യമായി ചേർന്നത്. യോഗത്തിൽ രാജേന്ദ്രപ്രസാദിനെ അദ്ധ്യക്ഷനായും എച്ച്.സി മുഖർജിയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. യോഗം വിജയം കണ്ടതോടെ 1947 ഓഗസ്റ്റ് 26ന് ഡോ.അംബേദ്കറുമായി ചേർന്ന് ഒരു കരട് സമിതി രൂപീകരിച്ചു.1949 നവംബർ 26ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യൻ ഭരണഘടന ജാതി,മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കുന്നു. പൗരന്റെ നീതി,സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്.
പൗരന്മാർക്ക് രാജ്യത്തിന്റെ നിയമസംഹിതകളോട് അനുദിനം വിശ്വാസക്കുറവ് അനുഭവപ്പെടുന്നതിന്റെ ലാഞ്ചനകൾ തെളിഞ്ഞു വരുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. പൗരത്വ ബില്ലും, എൻ.ആർ.സിയും,ഒടുവിൽ ഒരു വർഷക്കാലത്തോളം നീണ്ട കർഷക സമരങ്ങളും സൂചിപ്പിക്കുന്നത് അതാണ്. എല്ലാ പൗരന്മാർക്കും ഭരണഘടന അനുശാസിക്കുന്ന നിയമം തുല്യ അളവിൽ ലഭ്യമാകുമ്പോഴാണ് ഒരു ജനാധിപത്യരാജ്യത്തിന് ശിരസുയർത്തി നിൽക്കാൻ സാധിക്കുന്നത്. 105 ദേദഗതികൾ ഭരണഘടന നിലവിൽ വന്നതിന് ശേഷം നടത്തിയിട്ടുണ്ട്. കേശവാനന്ദഭാരതിയും കേരള സംസ്ഥാനവും എന്ന കേസിൽ ഭരണഘടനയുടെ അടിസ്ഥാന തത്വഞ്ഞെ മാറ്റുന്ന തരത്തിൽ ഭേദഗതികൾ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഭരണഘടനയുടെ അനുഛേദം 368 അനുശാസിക്കുന്നതു പോലെ . 1951 ജൂൺ 18 നാണ് ആദ്യ ഭേദഗതി നിലവിൽ വന്നത്. ഭൂപരിഷ്‌കരണ നിയമത്തിന് അംഗീകാരവും ശക്തിയും പകരുന്നതിനും ഒൻപതാം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ആദ്യ ഭേദഗതിയിലൂടെയാണ്. 2021 വരെ 105 ഭേദഗതികളാണ് ഭരണഘടനയിൽ ഇതുവരെ നടത്തിയിട്ടുള്ളത്. അനുഛേദം 342 എ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്കും പിന്നാക്ക സംവരണ പട്ടിക ഉണ്ടാക്കാൻ അനുമതി നൽകുകയായിരുന്നു. 105 തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമമായി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെന്റിന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണമെങ്കിൽ അതിന്റെ സ്വഭാവമനുസരിച്ച് ആവശ്യമായ ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു.
പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം: സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ,ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടുമിക്ക നിയമങ്ങളും ഇതിൽപ്പെടുന്നു.
പാർലമെന്റിലെ ഇരുസഭകളിലും സവിശേഷ ഭൂരിപക്ഷം: സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൗലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യസഭയിലും ആവശ്യമാണ്.
പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമേ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം: സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും, ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും കൺകറന്റ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരുസഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരംകൂടി ആവശ്യമുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഭരണഘടന ഭേദഗതിയെന്ന ആശയം ഇന്ത്യ കടമെടുക്കുന്നത്.


(ലേഖകൻ സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ സെക്‌ഷൻ ഓഫീസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSTITUTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.