ന്യൂയോർക്ക് : ഐക്യരാഷ്ട്ര ( യു.എൻ ) സഭാ രക്ഷാ സമിതിയുടെ ഡിസംബർ മാസത്തെ അദ്ധ്യക്ഷ പദവി ഇന്ത്യ ഇന്നലെ ഏറ്റെടുത്തു. ഇന്ത്യയുടെ യു.എൻ അംബാസഡർ രുചിര കംബോജ് ആണ് ഇനി ഒരു മാസത്തേക്ക് സമിതിയുടെ അദ്ധ്യക്ഷ സീറ്റിലിരിക്കുക. ഓരോ മാസവും ഓരോ രാജ്യങ്ങൾ വീതമാണ് 15 അംഗ സമിതിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക.
2021 ഓഗസ്റ്റിലും ഇന്ത്യ അദ്ധ്യക്ഷ പദവി വഹിച്ചിരുന്നു. ഡിസംബർ 31ന് സമിതിയിൽ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ രണ്ട് വർഷ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ധ്യക്ഷ പദവി കൈവന്നിരിക്കുന്നത്.
സമിതിയിലെ പരിഷ്കരണങ്ങൾ, തീവ്രവാദത്തെ ചെറുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ അദ്ധ്യക്ഷ പദവി കാലയളവിൽ ഇന്ത്യ മുന്നോട്ട് വയ്ക്കും. ഡിസംബർ 14,15 തീയതികളിൽ നടക്കുന്ന സമിതി യോഗങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും.