വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി ന്യൂയോർക്കിൽ നിന്നുള്ള സഭാ അംഗം ഹാക്കീം ജെഫ്രീസിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. യു.എസ് കോൺഗ്രസിന്റെ രണ്ട് ചേംബറുകളായ സെനറ്റിലും ജനപ്രതിനിധിസഭയിലുമായി ഒരു പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വംശജനാണ് ജെഫ്രീസ്. കഴിഞ്ഞ മാസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെ സഭയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്നതായി സ്പീക്കർ നാൻസി പെലോസി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി മൂന്നിന് ജെഫ്രീസ് ചുമതലയിൽ പ്രവേശിക്കും.