SignIn
Kerala Kaumudi Online
Friday, 26 April 2024 5.35 PM IST

ഭിന്നശേഷിയുടെ മുന്നേറ്റം

photo

മുൻപ് ഔദാര്യമായും ആനുകൂല്യമായും കണക്കാക്കിയിരുന്ന ഒട്ടുമിക്ക കാര്യങ്ങളും ഇന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങളാണ്. അത്തരം അവകാശങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യവുമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാൻ ഭരണസംവിധാനങ്ങൾക്ക് ചുമതലയുണ്ട്. ഭിന്നശേഷി ആനുകൂല്യങ്ങൾക്കുള്ള വൈകല്യത്തിന്റെ കുറഞ്ഞ തോത് 40 ശതമാനമാണ്. ആനുകൂല്യങ്ങൾക്കുള്ള ആധികാരികരേഖ യു.ഡി.ഐ.ഡി കാർഡ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റാണ്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നാല് ശതമാനം ജോലിസംവരണവും ഉന്നത വിദ്യാഭ്യാസത്തിൽ അഞ്ചുശതമാനം സംവരണവും ഭിന്നശേഷിക്കാരുടെ അവകാശമാണ്. അന്തർദേശീയ ഭിന്നശേഷിദിനാചരണത്തിന്റെ മുഖ്യലക്ഷ്യം ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളേയും പ്രയാസങ്ങളേയും കുറിച്ച് പൊതുസമൂഹത്തിന് ബോധവത്കരണം നൽകുക, സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടുകൂടി അന്ത:സോടെ അവകാശമെന്ന നിലയിൽ സാധാരണ മറ്റേതൊരു പൗരനേയും പോലെ സഹവർത്തിത്വത്തിൽ ഭിന്നശേഷിക്കാർക്കും ജീവിക്കാൻ അവകാശമുണ്ട് എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നിവയാണ്.

1992 ലാണ് ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി ഇപ്രകാരമൊരു അന്തർദേശീയ ദിനാചരണത്തിനായി തീരുമാനമെടുത്തത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ചത് 2006 ഡിസംബർ 13 നായിരുന്നു. അവ 2007 ഒക്‌ടോബർ ഒന്നിന് നമ്മുടെ രാജ്യവും അംഗീകരിച്ച് ഒപ്പുവച്ചു. ഭിന്നശേഷിക്കാർക്ക് അന്ത:സോടെ ജീവിക്കാനും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തനതായ വ്യക്തിത്വം നിലനിറുത്താനും അവകാശമുണ്ടെന്നതാണ് പ്രഖ്യാപനത്തിന്റെ അന്ത:സത്ത. ഭിന്നശേഷിക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ അഞ്ചുവർഷം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. ഓഫീസുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ വ്യക്തികളോട് യാതൊരു വിവേചനവും കാണിക്കാൻ പാടില്ല. ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്ക് ശാരീരിക വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും നിയമത്തിൽ നിർദ്ദേശമുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സർക്കാർ ജോലി ചെയ്യാൻ തടസരഹിതവും അനുയോജ്യവുമായ അന്തരീക്ഷം പ്രദാനം ചെയ്യേണ്ടതാണ്. ഒരു ജീവനക്കാരനും സേവനകാലയളവിൽ സംഭവിച്ചിട്ടുള്ള ശാരീരിക വൈകല്യത്തിന്റെ പേരിൽ ഒരു സർക്കാർ സ്ഥാപനവും ജോലിയിൽ നിന്നും മാറ്റിനിറുത്തുകയോ റാങ്കിൽ തരംതാഴ്ത്തുകയോ അരുത്.
കേരള സർക്കാർ 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന് അനുസൃതമായിട്ടാണ് നയപരമായ തീരുമാനങ്ങളിലൂടെ സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നത്. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ
ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി അവകാശനിയമത്തിൽ അവബോധം നല്കുന്ന ക്ലാസ്സുകൾ സംഘടിപ്പിച്ച് കഴിഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളിലേയും ജീവനക്കാർക്ക് ഇത്തരം ക്ലാസുകൾ സമയബന്ധിതമായി സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ ബഡ്സ് സ്‌‌കൂളുകളുടെ പ്രവർത്തനം വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നടന്നുവരികയാണ്.

ഭിന്നശേഷി അവകാശനിയമത്തിൽ നിദ്ദേശിച്ചിരിക്കുന്നതുപോലെ പൊതുവിദ്യാലയങ്ങളിലും പ്ലസ് വൺ ക്ലാസുകളിലും ഭിന്നശേഷി വിദ്യാർത്ഥിയുടെ സൗകര്യവും സാഹചര്യവും കണക്കിലെടുത്ത് ആവശ്യപ്പെടുന്ന സ്‌‌കൂളുകളിൽ ഇഷ്ടപ്പെടുന്ന വിഷയങ്ങളിൽ പ്രവേശനം നൽകണമെന്ന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ശുപാർശ കേരള സർക്കാർ നയമായി അംഗീകരിച്ച് 2021-22 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിക്കഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഭിന്നശേഷി അവകാശ നിയമത്തിൽ നിദ്ദേശിച്ചിരിക്കുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാനത്തെ പ്രൊഫഷണൽ ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൃത്യമായി നടപ്പാക്കി വരികയാണ്. സർവകലാശാല പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ഇതിനകംതന്നെ പുന:സ്ഥാപിച്ചതായി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിലെ കേസുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കോളർഷിപ്പ് തുക ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും യഥാസമയം അനുവദിച്ചു കൊടുക്കാനുള്ള സർക്കാർ നിദ്ദേശം ആനുകൂല്യങ്ങളുടെ കാര്യത്തിൽ പുത്തൻ ഉണർവ് സൃഷ്‌ടിച്ചിട്ടുണ്ട്.


അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് എല്ലാ ജില്ലകളിലും അസിസ്റ്റീവ് ലിവിംഗ് സൗകര്യത്തോടെ പുന:രധിവാസ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടക്കട, കൊല്ലം ജില്ലയിലെ പുനലൂർ, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്നിവിടങ്ങളിൽ പുനരധിവാസ കേന്ദ്രത്തിന് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരിൽ ഹൈ സപ്പോർട്ട് വിഭാഗത്തിൽ പെടുന്നവർക്ക് സാമൂഹ്യക്ഷേമ പെൻഷനിൽ പ്രത്യേക വർദ്ധന ഉൾപ്പെടെയുള്ള പദ്ധതികളും ഭിന്നശേഷി കമ്മിഷണറേറ്റിൽ നിന്നും ശുപാർശയായി സർക്കാറിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തിൽ ബാക്ക് ലോഗ് നിയമന ഒഴിവുകളും മറ്റും സമയബന്ധിതമായി പൂർത്തിയാക്കുന്ന കർമ്മ പദ്ധതിയ്ക്കും ഇപ്പോൾ ആരംഭം കുറിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള പദ്ധതികളും ലക്ഷ്യമിട്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉൾക്കൊള്ളലിനും പങ്കാളിത്തത്തിനും ഭിന്നശേഷിക്കാർക്ക് യാതൊരു വിവേചനവും ഉണ്ടാകുന്നില്ലെന്നും ഭിന്നശേഷിക്കാരുടെ ചെറുതും വലുതുമായ എല്ലാപ്രശ്നങ്ങളിലും കേരള സർക്കാർ ഒപ്പമുണ്ടെന്ന ബോദ്ധ്യപ്പെടുത്തലിലൂടെയാണ് ഭിന്നശേഷി മേഖലയിലെ പുരോഗമന കർമ്മപദ്ധതികളെ കേരള സർക്കാർ നയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIFFERENTLY ABLED DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.