തിരുവനന്തപുരം: നിയമസഭയിൽ ആകെ ചിരി പടർത്തി സ്പീക്കർ എ എൻ ഷംസീർ. മുൻ സ്പീക്കറും മന്ത്രിയുമായ എം ബി രാജേഷിനെ അദ്ദേഹത്തിന്റെ പ്രസംഗം നീളുന്നുവെന്ന് ഓർമപ്പെടുത്തിയതാണ് സഭാംഗങ്ങളിൽ ചിരിപടർത്താൻ കാരണം.
മുമ്പ് ഷംസീറിന്റെ പ്രസംഗം നീളുമ്പോൾ സ്പീക്കറായിരുന്ന എം ബി രാജേഷ് കർക്കശ നിലപാട് എടുത്തിരുന്നു. ഇപ്പോഴിതാ തനിക്കൊരു അവസരം കിട്ടിയപ്പോൾ ഇതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ഷംസീർ. രാജേഷ് സംസാരിക്കുന്നതിനിടെ സമയമായി എന്ന് ഷംസീർ ഓർമിപ്പിക്കുന്നു. 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്നും ഷംസീർ പറഞ്ഞു. ഇത് കേട്ടയുടനെ മന്ത്രി പി രാജീവ് ഉൾപ്പെടെ സഭയിലുണ്ടായിരുന്ന മുഴുവൻ പേരും ചിരിക്കാൻ തുടങ്ങി.
അതേസമയം, അനധികൃത നിയമനം സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ് സഭയിൽ പറഞ്ഞു. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് പി സി വിഷ്ണുനാഥ് എംഎൽഎ നോട്ടീസ് നൽകിയതിന് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളുണ്ടായെന്നും ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മേയർ ആര്യാ രാജേന്ദ്രന്റേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതുസംബന്ധിച്ച് മേയർ പരാതി നൽകിയിട്ടുണ്ടെന്നും, അനധികൃതമായ നിയമനങ്ങളുണ്ടെങ്കിൽ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യു ഡി എഫിനേക്കാൾ 18,000 കൂടുതലാണിത്. മാനദണ്ഡങ്ങളനുസരിച്ചാണ് താത്ക്കാലിക നിയമനങ്ങൾ നടക്കുന്നത്, അതിൽ സർക്കാർ ഇടപെടാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു ഡി എഫ് ഭരണകാലത്ത് എം എൽ എമാരയച്ച കത്തും എം ബി രാജേഷ് സഭയിൽ വായിച്ചു. അച്ഛൻ മകൾക്കയച്ച കത്തുകളേക്കാൾ വലിയ പുസ്തകത്തിനുള്ള കത്തുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |