കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജെയ്സൺ ഇളംകുളത്തെ കൊച്ചിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പനമ്പളളി നഗർ സൗത്തിലെ ഫ്ളാറ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 44 വയസായിരുന്നു. ആർ.ജെ ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ ഇളംകുളം എന്ന ജെയ്‌സൺ ജോസഫ്. മുഖത്ത് നിന്നും രക്തം വാർന്ന് ഫ്ളാറ്റിലെ തറയിൽ കമിഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. വീട് ഉളളിൽനിന്നും പൂട്ടിയിരുന്നു.
ദിലീപ് ചിത്രമായ ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഡക്ഷൻ മാനേജരായാണ് സിനിമാ മേഖലയിൽ സജീവമാകുന്നത്. ബ്രിട്ടീഷ് മാർക്കറ്റ് (1997) എന്ന ചിത്രത്തിലൂടെയാണ് പ്രൊഡക്ഷൻ മാനേജരായി തുടക്കം കുറിച്ചത്. റൂബിനയാണ് ഭാര്യ. പുണ്യ മകൾ.