കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴ കൈയ്യേറി നിർമിക്കുന്ന കോതി ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിക്കുമെന്ന് കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി . പുഴ നികത്തിയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പുഴത്തീരങ്ങൾ റവന്യൂ ഭൂമിയാണെങ്കിലും സി.ആർ സെഡ് നിയമപ്രകാരം കർശന നിയന്ത്രണമുള്ള മേഖലയും, കണ്ടൽവനങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന പ്രദേശത്തും പദ്ധതി അടിച്ചേൽപ്പിക്കുന്നതിന് പകരം അനുയോജ്യമായ മറ്റൊരു സ്ഥലം അധികാരികൾ കണ്ടെത്തണമെന്നും പുഴ സംരക്ഷണ ഏകോപനസമിതി ആവശ്യപ്പെട്ടു.
പദ്ധതി പ്രദേശം സന്ദർശിച്ച സമിതി അംഗങ്ങൾ പ്ലാന്റിനെതിരെയുള്ള ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി. പുഴസംരക്ഷണ ഏകോപന സമിതിജനറൽ സെക്രട്ടറിയും, ജനകീയ പ്രതിരോധ സമിതി ചെയർമാനുമായ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.എ. അസീസ്, ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ എം.പി.സിദീഖ്, കെ.സി. ശ്രീധരൻ, പി. കോയ, കെ.പി.സലീം ബാബു, അനൂപ് കെ അർജുൻ, പ്രശാന്ത് കളത്തിങ്കൽ പി.പി. ഉമ്മർകോയ എന്നിവർ പ്രസംഗിച്ചു.
സമരത്തിന് ഐക്യദാർഢ്യം
കോഴിക്കോട്: കോർപ്പറേഷൻ ഭരണസമിതി പള്ളിക്കണ്ടിയിൽ അഴീക്കൽ റോഡിൽ കല്ലായിപ്പുഴയിൽ സ്ഥാപിക്കുന്ന കക്കൂസ് മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതി നടത്തുന്ന സമരത്തിന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി സമിതി ഐക്യദാർഢ്യ സംഗമം നടത്തി. സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. എം.പി. സിദീഖ്, പി.കെ.നൗഷാദ്, റഫീഖുർ റഹ്മാൻ മൂഴിക്കൽ, റസാഖ് മാത്തോട്ടം, ജമീല പത്തായപുര, കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. യൂസുഫ് മൂഴിക്കൽ അമീർ അലി, പി പി ഹാഷിം സി അബ്ദുൽ റഹീം തുടങ്ങിയവർ സംബന്ധിച്ചു.