ന്യൂഡൽഹി: വ്യാപാര തർക്കങ്ങളിലെ കേസുകൾ പരിഗണിക്കുന്നതിന് മുൻകൂറായി ഫീസ് ഈടാക്കേണ്ട സ്ഥിതിവിശേഷമാണെന്ന വിലയിരുത്തലുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കൊമേഴ്സ്യൽ കേസുകളിലെ ഭൂരിഭാഗം ഹർജികളും ബാലിശമാണെന്നുള്ള നിരീക്ഷണം നടത്തി. ഇങ്ങനെയെത്തുന്ന ഹർജികൾ കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുന്നുണ്ട്. അതിനാൽ തന്നെ വാണിജ്യ സംബന്ധമായ കേസുകൾ പരിഗണിക്കുന്നതിന് മുൻപ് തന്നെ അഞ്ച് കോടി വരെയുള്ള തുക കോടതിയിൽ ഫീസിനത്തിൽ കെട്ടിവെയ്ക്കണം എന്ന നിബന്ധന നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചതായും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേ സമയം ഹർജിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാൽ കെട്ടിവെച്ച തുക തിരികെ നൽകില്ലെന്ന വ്യവസ്ഥയും നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.